തിരുവനന്തപുരം: രഞ്ജി ട്രോഫിയില്‍ കരുത്തരായ മുംബൈയ്‌ക്കെതിരേ ബാറ്റിങിലെ തീപ്പൊരി ഇന്നിങ്‌സിനു ശേഷം വിക്കറ്റ് കീപ്പിങിലും കസറിയിരിക്കുകയാണ് കേരളാ ക്യാപ്റ്റന്‍ സഞ്ജു സാംസണ്‍. ഇന്ത്യയുടെ മുന്‍ ഇതിഹാസ നായകനും വിക്കറ്റ് കീപ്പറുമായ എംഎസ് ധോണിയുടെ വമ്പന്‍ റെക്കോര്‍ഡിനൊപ്പമെത്താനുള്ള സുവര്‍ണാവസരം കൈയെത്തുംദൂരത്തു സഞ്ജുവിനു പക്ഷെ നഷ്ടമായി.
ഫസ്റ്റ് ക്ലാസ് ക്രിക്കറ്റില്‍ ഒരു കളിയില്‍ കൂടുതല്‍ ക്യാച്ചെടുത്ത വിക്കറ്റ് കീപ്പര്‍മാരില്‍ ധോണി മൂന്നാമതുണ്ട്. ബിഹാറിനു വേണ്ടി കളിക്കവെയാണ് ധോണി ഒരു കളിയില്‍ ഒമ്പതു ക്യാച്ചുകളുമായി എലൈറ്റ് ക്ലബ്ബില്‍ ഇടംപിടിച്ചത്. 2003 ഡിസംബര്‍ ഒമ്പതിനു വിദര്‍ഭയ്‌ക്കെതിരേ നാഗ്പൂരില്‍ നടന്ന കളിയിലാണ് ധോണി ഒമ്പതു ക്യാച്ചുകളുമായി കസറിയത്. ഈ റെക്കോര്‍ഡ് വെറും രണ്ടു ക്യാച്ചകലെ സഞ്ജുവിനു ഇന്നു നഷ്ടമായിരിക്കുകയാണ്.

മുംബൈയ്‌ക്കെതിരേ രണ്ടിന്നിങ്‌സുകളിലായി ഏഴു ക്യാച്ചുകളാണ് അദ്ദേഹം നേടിയത്. ആദ്യ ഇന്നിങ്‌സില്‍ അഞ്ചു ക്യാച്ചുകളെടുത്ത സഞ്ജുവിനു രണ്ടാമന്നിങ്‌സില്‍ രണ്ടെണ്ണം മാത്രമേ ലഭിച്ചുള്ളൂ.
സഞ്ജുവിനെക്കൂടാതെ ഒരു കളിയില്‍ ഏഴു ക്യാച്ചുകളെടുത്ത വിക്കറ്റ് കീപ്പര്‍മാരുടെ നീണ്ട ലിസ്റ്റില്‍ ദിനേശ് കാര്‍ത്തിക്, കെഎസ് ഭരത്, പാര്‍ഥീവ് പട്ടേല്‍, വൃധിമാന്‍ സാഹ തുടങ്ങിയ പ്രമുഖ താരങ്ങളും ഉള്‍പ്പെട്ടിട്ടുണ്ട്. കെഎസ് ഭരതിനു രണ്ടു തവണ ഈ നേട്ടം കൈവരിക്കാനും കഴിഞ്ഞിട്ടുണ്ട്. ഇപ്പോള്‍ സഞ്ജുവും ഇവര്‍ക്കൊപ്പം എലൈറ്റ് ക്ലബ്ബിന്റെ ഭാഗമായിരിക്കുകയാണ്.
ഫസ്റ്റ് ക്ലാസ് ക്രിക്കറ്റില്‍ ഒരു മല്‍സരത്തില്‍ കൂടുതല്‍ ക്യാച്ചുകളെന്ന ഓള്‍ടൈം റെക്കോര്‍ഡ് രണ്ടു പേര്‍ ചേര്‍ന്നു പങ്കിടുകയാണ്. മന്‍വീന്ദര്‍ ബിസ്ലയും ഭരതുമാണിത്. 11 വീതം ക്യാച്ചുകളെടുത്താണ് ഇരുവരും ചരിത്രം കുറിച്ചത്.
2004ല്‍ സൗരാഷ്ട്രയ്‌ക്കെതിരേ ഹിമാചല്‍ പ്രദേശിനു വേണ്ടിയായിരുന്നു രണ്ടിന്നിങ്‌സുകളിലായി 11 പേരെ ബിസ്ല ഗ്ലൗസിലൊതുക്കിയത്. 2020ല്‍ ഭരത് ഈ റെക്കോര്‍ഡിനൊപ്പമെത്തുകയും ചെയ്തു. സൗരാഷ്ട്രയ്‌ക്കെതിരേ തന്നെ ആന്ധ്രാ പ്രദേശിനു വേണ്ടിയാണ് ഭരത് 11 ക്യാച്ചുകളെടുത്തത്.
മുംബൈയ്‌ക്കെതിരേ ഒന്നാമിന്നിങ്‌സില്‍ ഭൂപന്‍ ലല്‍വാനി, ക്യാപ്റ്റന്‍ അജിങ്ക്യ രഹാനെ, സുവേദ് പാര്‍ക്കര്‍, ശിവം ദുബെ, ധവാല്‍ കുല്‍ക്കര്‍ണി എന്നിവരുടെ ക്യാച്ചുകളാണ് സഞ്ജു തന്റെ പേരില്‍ കുറിച്ചത്. രണ്ടാമിന്നിങ്‌സിലാവട്ടെ ജയ് ബിസ്ത, ശിവം ദുബെ എന്നിവരുടെ ക്യാച്ചുകളും അദ്ദേഹം കൈക്കലാക്കി.

നേരത്തേ കേരളത്തിനു വേണ്ടി ഒന്നാമിന്നിങ്‌സില്‍ അഗ്രസീവ് ബാറ്റിങും സഞ്ജു കാഴ്ചവച്ചിരുന്നു. ടി20 ശൈലിയില്‍ ബാറ്റ് വീശിയ അദ്ദേഹം 36 ബോളില്‍ എട്ടു ഫോറുകളടക്കം 38 റണ്‍സ് അടിച്ചെടുത്താണ് പുറത്തായത്. ഇനി റണ്‍ചേസില്‍ കേരളത്തിനായി വീണ്ടുമൊരു തകര്‍പ്പന്‍ ഇന്നിങ്‌സ് അദ്ദേഹത്തിനു കാഴ്ചവയ്ക്കാന്‍ സാധിക്കുമോെന്നാണ് ആരാധകര്‍ ഉറ്റുനോക്കുന്നത്.
കേരളത്തിനു 324 റണ്‍സ് വിജയലക്ഷ്യം
സെന്റ് സേവ്യര്‍ കോളേജ് ഗ്രൗണ്ടില്‍ നടക്കുന്ന ഗ്രൂപ്പ് ബി മല്‍സരത്തില്‍ 324 റണ്‍സിന്റെ വിജയലക്ഷ്യമാണ് കേരളത്തിനു മുംബൈ നല്‍കിയിരിക്കുന്നത്. 22 റണ്‍സിന്റെ നേരിയ ഒന്നാമിന്നിങ്‌സ് ലീഡ് നേടിയ ശേഷം വീണ്ടും ബാറ്റിങിനു ഇറങ്ങിയ മുംബൈ മൂന്നാംദിനം അവസാന സെഷനില്‍ 319 റണ്‍സെടുത്ത് ഓള്‍ഔട്ടായി.
ഓപ്പണര്‍മാരായ ഭുപന്‍ ലല്‍വാനിയുടെയും (88) ജയ് ബിസ്തയുടെയും (73) ഫിഫ്റ്റികളാണ് മികച്ച സ്‌കോര്‍ നേടാന്‍ മുംബൈയെ സഹായിച്ചത്. ഓപ്പണിങ് വിക്കറ്റില്‍ 234 ബോളില്‍ നിന്നും 148 റണ്‍സ് ഈ സഖ്യം അടിച്ചെടുത്തിരുന്നു.
എന്നാല്‍ ബിസ്തയെ പുറത്താക്കി കേരളം നിര്‍ണായക ബ്രേക്ക് നേടുകയും കളിയിലേക്കു തിരിച്ചുവരികയുമായിരുന്നു. പിന്നീട് ഫിഫ്റ്റി പ്ലസ് കൂട്ടുകെട്ടുകളൊന്നും മുംബൈ ഇന്നിങ്‌സില്‍ കണ്ടില്ല. കേരളത്തിനു വേണ്ടി ജലജ് സക്‌സേനയും ശ്രേയസ് ഗോപാലും നാലു വിക്കറ്റുകള്‍ വീതം പിഴുതപ്പോള്‍ എംഡി നിധീഷിനു രണ്ടു വിക്കറ്റും ലഭിച്ചു.