ആലപ്പുഴ: രഞ്ജി ട്രോഫിയിലെ കേരള - ഉത്തര്‍പ്രദേശ് മത്സരം ആലപ്പുഴയില്‍ പുരോഗമിക്കുകയാണ്. ഉത്തര്‍പ്രദേശിന്റെ 302 റണ്‍സെന്ന ഒന്നാം ഇന്നിങ്‌സ് സ്‌കോറിന് മറുപടിക്കിറങ്ങിയ കേരളം രണ്ടാം ദിനം കളിനിര്‍ത്തുമ്പോള്‍ ആറ് വിക്കറ്റിന് 220 എന്ന നിലയിലാണ്. നാല് വിക്കറ്റ് ശേഷിക്കെ ഉത്തര്‍ പ്രദേശിനെക്കാള്‍ 82 റണ്‍സിന് പിന്നിലാണ് കേരളം. ബാറ്റിങ് നിരയിലെ പ്രമുഖര്‍ക്ക് വലിയ സ്‌കോര്‍ നേടാനാവാതെ പോയതോടെ കേരളം ലീഡ് നേടുമോയെന്ന കാര്യം സംശയത്തിലായിരിക്കുകയാണ്.
കേരളത്തിന്റെ നായകനായ സഞ്ജു സാംസണ്‍ 35 റണ്‍സ് നേടിയാണ് പുറത്തായത്. നിലയുറപ്പിക്കാനായെങ്കിലും വലിയ സ്‌കോറിലേക്കെത്താന്‍ സഞ്ജുവിന് സാധിക്കാതെ പോയി. അഞ്ച് ഫോറും 1 സിക്‌സുമാണ് സഞ്ജു പറത്തിയത്. ഇതില്‍ നേരിട്ട ആദ്യ പന്തില്‍ സഞ്ജു സിക്‌സര്‍ നേടിയെന്നതാണ് എടുത്തു പറയേണ്ടത്. ഇതിന്റെ വീഡിയോ സാമൂഹ്യ മാധ്യമങ്ങളില്‍ വൈറലായിരിക്കുകയാണ്. സഞ്ജു ക്രീസിലെത്തുമ്പോള്‍ സ്പിന്നര്‍ കുല്‍ദീപ് യാദവായിരുന്നു ബൗളിങ്.
നേരിട്ട ആദ്യ പന്ത് ക്രീസില്‍ നിന്ന് മുന്നോട്ട് കയറി സഞ്ജു സിക്‌സര്‍ പറത്തുകയായിരുന്നു. ടീം തകര്‍ന്നു നില്‍ക്കുന്ന അവസ്ഥയിലാണ് സഞ്ജു ബാറ്റ് ചെയ്യാനെത്തുന്നത്. ഈ സാഹചര്യത്തിലും നേരിട്ട ആദ്യ പന്തില്‍ ഗംഭീര സിക്‌സര്‍ നേടാന്‍ സഞ്ജുവിന് സാധിച്ചുവെന്നതാണ് എടുത്തു പറയേണ്ടത്. സഞ്ജുവിന്റെ ധൈര്യത്തേയും ബാറ്റിങ് മികവിനേയും പ്രശംസിക്കുന്നതോടൊപ്പം വിമര്‍ശനവും ഉയരുന്നു. സഞ്ജു ഉത്തരവാദിത്തത്തോടെ കളിച്ചില്ലെന്നാണ് ഒരു വിഭാഗം ആരോപിക്കുന്നത്.
സഞ്ജു ഏഴാം നമ്പറിലാണ് ബാറ്റു ചെയ്യാനെത്തിയത്. നായകനെന്ന നിലയില്‍ അഞ്ചാം നമ്പറിലെങ്കിലും ഇറങ്ങി സഞ്ജു പിടിച്ചുനിന്ന് റണ്‍സുയര്‍ത്തണമായിരുന്നുവെന്നാണ് ആരാധക പക്ഷം. എന്നാല്‍ വിക്കറ്റ് വലിച്ചെറിയുന്ന നിലപാടാണ് സഞ്ജു സ്വീകരിച്ചിരിക്കുന്നത്. സഞ്ജു പിടിച്ചുനിന്നിരുന്നെങ്കില്‍ കേരളത്തിന് അനായാസം ലീഡിലേക്കെത്താമായിരുന്നുവെന്നാണ് ആരാധകര്‍ ചൂണ്ടിക്കാട്ടുന്നത്. നാല് വിക്കറ്റുകള്‍ ശേഷിക്കെ ഇനി ലീഡ് നേടുക കേരളത്തിന് പ്രയാസമാണ്.

ശ്രേയസ് ഗോപാലും (36) ജലജ് സക്‌സേനയുമാണ് (6) ക്രീസില്‍. മൂന്നാം ദിനം ഇവര്‍ എത്രനേരം ബാറ്റുചെയ്യുമെന്നത് വളരെ പ്രധാനപ്പെട്ട കാര്യമാണ്. ലീഡിലേക്കെത്താനാവാതെ പോയാല്‍ സ്വന്തം മണ്ണില്‍ കേരളത്തിന് നാണംകെടേണ്ടി വരും. കേരളത്തിന്റെ പ്രധാന താരങ്ങളെല്ലാം നിരാശപ്പെടുത്തിയതാണ് തിരിച്ചടിയായത്. കൃഷ്ണ പ്രസാദ് ഗോള്‍ഡന്‍ ഡെക്കായപ്പോള്‍ രോഹന്‍ കുന്നുമ്മല്‍ 11 റണ്‍സാണ് നേടിയത്. ടീമിലെ പ്രധാന ബാറ്റ്‌സ്മാന്‍മാരിലൊരാളായ രോഹന്‍ പ്രേമിന് 14 റണ്‍സാണ് നേടാനായത്.
മുന്‍ നായകനും സീനിയര്‍ താരവുമായ സച്ചിന്‍ ബേബി 38 റണ്‍സും നേടി. വിഷ്ണു വിനോദിന്റെ 74 റണ്‍സ് പ്രകടനമാണ് കേരളത്തെ വലിയ നാണക്കേടില്‍ നിന്ന് രക്ഷിച്ചത്. 5 ഫോറും 4 സിക്‌സുമാണ് വിഷ്ണു പറത്തിയത്. കേരളം ആക്രമണോത്സക ക്രിക്കറ്റാണ് കാഴ്ചവെച്ചത്. ഇതാണ് വലിയ ഇന്നിങ്‌സ് പടുത്തുയര്‍ത്താന്‍ ആര്‍ക്കും സാധിക്കാതെ പോയത്. ലീഡ് മുന്നില്‍ക്കണ്ട് കളിക്കാന്‍ ആര്‍ക്കുമായില്ല. അന്താരാഷ്ട്ര താരമെന്ന നിലയില്‍ സഞ്ജു നിലവാരം കാട്ടിയില്ലെന്ന് തന്നെ പറയാം.
ആദ്യത്തെ രണ്ട് മത്സരത്തിലാണ് സഞ്ജു കേരളത്തെ നയിക്കുന്നത്. അഫ്ഗാനിസ്ഥാനെതിരായ ടി20 പരമ്പരക്കുള്ള ഇന്ത്യന്‍ ടീമില്‍ സഞ്ജു ഉള്‍പ്പെടാന്‍ സാധ്യത കുറവാണ്. എന്നാല്‍ ഐപിഎല്ലിനായുള്ള മുന്നൊരുക്കത്തിലേക്ക് സഞ്ജുവിന് കടക്കേണ്ടതായുണ്ട്. രാജസ്ഥാന്‍ റോയല്‍സ് നായകനാണ് സഞ്ജു. ആഭ്യന്തര ക്രിക്കറ്റില്‍ സഞ്ജു സജീവമാകുന്നത് താരത്തിന്റെ പ്രകടനമികവ് ഉയര്‍ത്തിയിട്ടുണ്ട്. ദക്ഷിണാഫ്രിക്കയില്‍ ഏകദിന സെഞ്ച്വറിയടക്കം നേടാന്‍ സഞ്ജുവിനായിരുന്നു.
അതുകൊണ്ടാണ് സഞ്ജു ഇപ്പോള്‍ കഴിയുന്ന സാഹചര്യത്തിലെല്ലാം ആഭ്യന്തര ക്രിക്കറ്റ് കളിക്കാന്‍ തയ്യാറാവുന്നത്. യുപിക്കെതിരേ കേരളത്തിന് ജയിക്കാനുള്ള അവസരം ഇനിയും മുന്നിലുണ്ട്. സഞ്ജുവിന് കീഴില്‍ കേരളം യുപിയെ തകര്‍ക്കുമോയെന്നത് കണ്ടറിയാം.