ആലപ്പുഴ: രഞ്ജി ട്രോഫിയില്‍ ഉത്തര്‍പ്രദേശിനെതിരേ മികവ് കാട്ടാനാവാതെ കേരള നായകന്‍ സഞ്ജു സാംസണ്‍. 46 പന്ത് നേരിട്ട് 35 റണ്‍സാണ് സഞ്ജു നേടിയത്. 5 ഫോറും 1 സിക്‌സും ഉള്‍പ്പെടെയാണ് സഞ്ജുവിന്റെ പ്രകടനം. ഏഴാമനായാണ് സഞ്ജു ബാറ്റ് ചെയ്യാനിറങ്ങിയത്. നിര്‍ണ്ണായക പ്രകടനത്തോടെ കേരളത്തെ ലീഡിലേക്കെത്തിക്കാന്‍ സഞ്ജുവിന് സാധിക്കുമെന്നാണ് ആരാധകര്‍ പ്രതീക്ഷിച്ചിരുന്നത്. എന്നാല്‍ മികവിനൊത്തുയരാന്‍ സഞ്ജുവിന് സാധിക്കാതെ പോയി.
ഉത്തര്‍പ്രദേശിന്റെ 302 റണ്‍സെന്ന ഒന്നാം ഇന്നിങ്‌സ് സ്‌കോറിന് മറുപടിക്കിറങ്ങിയ കേരളം രണ്ടാം ദിനം കളിനിര്‍ത്തുമ്പോള്‍ 6 വിക്കറ്റിന് 220 റണ്‍സെന്ന നിലയിലാണ്. നാല് വിക്കറ്റ് മാത്രം ശേഷിക്കെ ഉത്തര്‍ പ്രദേശിനെക്കാള്‍ 82 റണ്‍സിന് കേരളം പിന്നിലാണ്. ശ്രേയസ് ഗോപാലും (36) ജലജ് സക്‌സേനയുമാണ് (6) ക്രീസില്‍. ആതിഥേയരായ കേരളത്തിന് ലീഡിലേക്കെത്തുക പ്രയാസമായിരിക്കുമെന്ന് പറയാം. മൂന്നാം ദിനത്തില്‍ ശ്രേയസും സക്‌സേനയും എത്ര നേരം ക്രീസില്‍ നില്‍ക്കുന്നുവെന്നത് കേരളത്തിന് നിര്‍ണ്ണായകമാവും.
കേരളത്തിന്റെ മുന്‍നിരയും മികവിനൊത്ത് ഉയര്‍ന്നില്ല. ഓപ്പണര്‍ കൃഷ്ണ പ്രസാദ് ഗോള്‍ഡന്‍ ഡെക്കായാണ് പുറത്തായത്. രോഹന്‍ കുന്നുമ്മലും (11) നിരാശപ്പെടുത്തി. രോഹന്‍ പ്രേമില്‍ കേരളം വലിയ പ്രതീക്ഷവെച്ചെങ്കിലും 14 റണ്‍സാണ് അദ്ദേഹത്തിന് നേടാനായത്. മുന്‍ നായകന്‍ സച്ചിന്‍ ബേബി നന്നായി തുടങ്ങിയെങ്കിലും വലിയ സ്‌കോറിലേക്ക് ഉയരാനായില്ല. 38 റണ്‍സാണ് സച്ചിന് നേടാനായത്. അഞ്ച് ബൗണ്ടറികളാണ് താരം നേടിയത്.
മധ്യനിരയില്‍ വിഷ്ണു വിനോദിന്റെ ബാറ്റിങ്ങാണ് കേരളത്തെ വലിയ നാണക്കേടില്‍ നിന്ന് രക്ഷിച്ചത്. വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാനായ വിഷ്ണു 94 പന്ത് നേരിട്ട് 74 റണ്‍സാണ് നേടിയത്. അഞ്ച് ഫോറും 4 സിക്‌സും ഉള്‍പ്പെടെ 78ന് മുകളില്‍ സ്‌ട്രൈക്ക് റേറ്റിലാണ് അദ്ദേഹം കസറിയത്. സഞ്ജുവും നിലയുറപ്പിച്ച് വരവെയാണ് പുറത്തായത്. മികച്ച തുടക്കം ലഭിച്ച് നിലയുറപ്പിക്കാനായെങ്കിലും അത് മുതലാക്കാന്‍ സഞ്ജുവിന് സാധിക്കാതെ പോയി.

യാഷ് ദയാലാണ് സഞ്ജുവിനെ പുറത്താക്കിയത്. ദ്രുവ് ജുറേലിന് ക്യാച്ച് നല്‍കിയാണ് സഞ്ജുവിന്റെ പുറത്താകല്‍. ശ്രേയസ് ഗോപാല്‍ 3 ഫോറും 1 സിക്‌സും പറത്തിയാണ് ക്രീസില്‍ തുടരുന്നത്. താരത്തിന്റെ മൂന്ന് ദിനത്തിലെ ബാറ്റിങ് കേരളത്തെ ലീഡിലേക്കെത്തിക്കുമോയെന്നതാണ് കണ്ടറിയേണ്ടത്. ഉത്തര്‍ പ്രദേശിനായി കുല്‍ദീപ് യാദവ് മൂന്ന് വിക്കറ്റുകള്‍ വീഴ്ത്തി. അങ്കിത് രജപുത്, യാഷ് ദയാല്‍, സൗരഭ് കുമാര്‍ എന്നിവര്‍ ഓരോ വിക്കറ്റാണ് നേടിയത്.
ഉത്തര്‍ പ്രദേശ് 302 റണ്‍സ് നേടിയത് റിങ്കു സിങ്ങിന്റെ പ്രകടനമാണ്. 136 പന്തില്‍ 92 റണ്‍സാണ് റിങ്കു സിങ് നേടിയത്. ദ്രുവ് ജുറേല്‍ 63 റണ്‍സാണ് നേടിയത്. രണ്ട് പേരുടേയും അര്‍ധ സെഞ്ച്വറി പ്രകടനമാണ് ഉത്തര്‍ പ്രദേശിനെ മികച്ച സ്‌കോറിലേക്കെത്തിച്ചത്. പ്രിയം ഗാര്‍ഗ് 44 റണ്‍സും നേടി. നായകന്‍ അര്യന്‍ ജുയല്‍ 28 റണ്‍സാണ് നേടിയത്.
കേരളത്തിനായി നിധീഷ് 3 വിക്കറ്റ് നേടിയപ്പോള്‍ ബേസില്‍ തമ്പിയും ജലജ് സക്‌സേനയും രണ്ട് വിക്കറ്റ് വീതം വീഴ്ത്തി. വൈശാഖ് ചന്ദ്രന്‍, ശ്രേയസ് ഗോപാല്‍ ഒരു വിക്കറ്റും നേടി.
മൂന്നാം ദിനം കേരളത്തിന് നിര്‍ണ്ണായകമാണ്. ലീഡിലേക്കെത്താനായാല്‍ കേരളത്തിനത് കരുത്താവും. ഉത്തര്‍ പ്രദേശിനെ തോല്‍പ്പിച്ചാല്‍ രഞ്ജി ട്രോഫിയില്‍ കേരളത്തിനത് വലിയ നേട്ടമാകുമെന്നുറപ്പാണ്. നായകനെന്ന നിലയില്‍ സഞ്ജു സാംസണ്‍ കൂടുതല്‍ മികവ് കാട്ടേണ്ടിയിരുന്നു. അര്‍ധ സെഞ്ച്വറിയെങ്കിലും നേടാന്‍ സഞ്ജുവിന് സാധിച്ചിരുന്നെങ്കില്‍ കേരളത്തിന് മികച്ച സ്‌കോറിലേക്കെത്താനാവുമായിരുന്നു. ആദ്യത്തെ രണ്ട് മത്സത്തിലാണ് സഞ്ജു കേരളത്തെ നയിക്കുന്നത്.