Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

Ranji Trophy: കളിച്ചത് വെറും 3 മല്‍സരം, എന്നിട്ടും 2 കാര്യത്തില്‍ സഞ്ജു ബെസ്റ്റ്! ഇതാണ് ഇംപാക്ട്

ഇന്ത്യന്‍ കുപ്പായത്തില്‍ സെഞ്ച്വറിയോടെ കസറിയ ശേഷം ഇനി കേരളത്തിനൊപ്പവും തകര്‍പ്പന്‍ ബാറ്റിങ് തുടരാമെന്ന ശുഭപ്രതീക്ഷയിലാണ് മലയാളികളുടെ പ്രിയതാരം സഞ്ജു സാംസണ്‍. അടുത്ത സീസണിലെ രഞ്ജി ട്രോഫിയില്‍ കേരളാ ടീമിനെ നയിക്കാന്‍ തയ്യാറെടുക്കുകയാണ് അദ്ദേഹം. സഞ്ജുവിനെ ക്യാപ്റ്റനാക്കി ടൂര്‍ണമെന്റിലെ ആദ്യത്തെ രണ്ടു മല്‍സരങ്ങള്‍ക്കുള്ള കേരളാ ടീമിനെ കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചിരുന്നു. യുവ ഓപ്പണര്‍ രോഹന്‍ കുന്നുമ്മലാണ് ടീമിന്റെ വൈസ് ക്യാപ്റ്റന്‍.

നിലവില്‍ ഇന്ത്യക്കു വേണ്ടി വൈറ്റ് ബോള്‍ ഫോര്‍മാറ്റുകളില്‍ കളിച്ചു കഴിഞ്ഞ സഞ്ജു വൈകാതെ ടെസ്റ്റിലും അരങ്ങേറാമെന്ന പ്രതീക്ഷയിലാണ്. രഞ്ജി ട്രോഫിയില്‍ കേരളത്തിനായി വലിയ ഇന്നിങ്സുകള്‍ കളിക്കാനായാല്‍ അദ്ദേഹത്തിനു ടെസ്റ്റ് ടീമിലേക്കും വഴി തുറന്നേക്കും. ഇന്ത്യന്‍ ടെസ്റ്റ് ടീം മാറ്റങ്ങള്‍ വിധേയമായിക്കൊണ്ടിരിക്കുകയാണ്. വെറ്ററന്‍മാരായ ചേതേശ്വര്‍ പുജാരയും അജിങ്ക്യ രഹാനെയും ഇതിനകം ടെസ്റ്റ് ടീമില്‍ നിന്നും പുറത്തായിക്കഴിഞ്ഞു. അതുകൊണ്ടു തന്നെ സഞ്ജുവിനു പ്രതീക്ഷയ്ക്കു വകയുണ്ട്.

 sanju1

വൈറ്റ് ബോള്‍ ഫോര്‍മാറ്റ് പോലെ റെഡ് ബോള്‍ ക്രിക്കറ്റിലും ബാറ്റ് കൊണ്ട് നിര്‍ണായക ഇംപാക്ടുണ്ടാക്കാന്‍ സാധിക്കുന്ന താരമാണ് സഞ്ജു. കഴിഞ്ഞ സീസണിലെ രഞ്ജിയില്‍ അദ്ദേഹം വെറും മൂന്നു മല്‍സരങ്ങളില്‍ മാത്രമേ കേരളത്തിനായി കളിച്ചിരുന്നുള്ളൂ. എന്നാല്‍ ബാറ്റിങില്‍ നിര്‍ണായക ഇംപാക്ടുണ്ടാക്കാന്‍ സഞ്ജുവിനു ഇവയില്‍ സാധിക്കുകയും ചെയ്തു.

അഞ്ചു ഇന്നിങ്സുകളിലായി 284 റണ്‍സാണ് കേരളത്തിനായി അദ്ദേഹം കഴിഞ്ഞ സീസണില്‍ സ്‌കോര്‍ ചെയ്തത്. വെറും 332 ബോളുകളില്‍ നിന്നാണ് സഞ്ജു ഇത്രയും റണ്‍സെടുത്തത്. മൂന്നു ഫിഫ്റ്റികളുള്‍പ്പെടെയായിരുന്നു ഇത്. ഉയര്‍ന്ന സ്‌കോര്‍ 82 റണ്‍സായിരുന്നു. കേരളാ താരങ്ങളുടെ കഴിഞ്ഞ രഞ്ജിയിലെ പ്രകടനമെടുത്താല്‍ രണ്ടു കാര്യങ്ങളില്‍ സഞ്ജു ടീമിലെ മറ്റു താരങ്ങളെയെല്ലാം കടത്തിവെട്ടിയതായി കാണാന്‍ സാധിക്കും.

 sanju2

സ്ട്രൈക്ക് റേറ്റിലും സിക്സര്‍ വേട്ടയിലുമാണ് സഞ്ജു തന്റെ ടീമംഗങ്ങളെയെല്ലാം പിന്തള്ളി ഏറെ മുന്നിലെത്തിയത്. 85.54 എന്ന കിടിലന്‍ സ്ട്രൈക്ക് റേറ്റാണ് അദ്ദേഹത്തിനുണ്ടായിരുന്നത്. കുറഞ്ഞത് 100 റണ്‍സെങ്കിലും നേടിയവരില്‍ ടീമിലെ മറ്റൊരു താരത്തിനും 75ന് മുകളില്‍ സ്ട്രൈക്ക് റേറ്റ് ഉണ്ടായിരുന്നില്ലെന്നു കാണാം. സഞ്ജു കഴിഞ്ഞാല്‍ കേരള ബാറ്റര്‍മാരില്‍ മികച്ച സ്ട്രൈക്ക് റേറ്റുള്ള രണ്ടാമത്തെ താരം രോഹനായിരുന്നു. 74.90 സ്ട്രൈക്ക് റേറ്റില്‍ 203 റണ്‍സാണ് താരം നേടിയത്.

സിക്സറുടെ എണ്ണത്തിലും സഞ്ജു ടീമംഗങ്ങളെ കഴിഞ്ഞ സീസണില്‍ തീര്‍ത്തും നിഷ്പ്രഭരാക്കിയിരുന്നു. അഞ്ചു ഇന്നിങ്സുകളില്‍ നിന്നും 14 സിക്സറുകള്‍ അദ്ദേഹം വാരിക്കൂട്ടിയിരുന്നു. മറ്റൊരു താരവും കേരളാ നിരയില്‍ സിക്സറില്‍ രണ്ടക്കത്തിലെത്തിയില്ല. എട്ടു സിക്സറുകളെടുത്ത സച്ചിന്‍ ബേബിയാണ് സഞ്ജുവിനു പിന്നില്‍ രണ്ടാമതെത്തിയത്. പി രാഹുല്‍ ആറു സിക്സറുകളുമടിച്ചു.

പുതിയ സീസണിലെ രഞ്ജിയില്‍ കേരളാ ടീമിന്റെ ആദ്യത്തെ മല്‍സരം ജനുവരി അഞ്ചിനു ഉത്തര്‍ പ്രദേശിനെതിരേയാണ്. ആലപ്പുഴയിലാണ് മല്‍സരം. 12നു ഗുവാഹത്തിയില്‍ നടക്കുന്ന രണ്ടാമത്തെ കളിയില്‍ അസമാണ് കേരളത്തിന്റെ എതിരാളികള്‍. ഇന്ത്യയും അഫ്ഗാനിസ്താനും തമ്മിലുള്ള ടി20 പരമ്പരയ്ക്കു 11നാണ് തുടക്കമാവുന്നത്. ഈ പരമ്പരയില്‍ ടീമിടം ലഭിക്കുകയാണെങ്കില്‍ സഞ്ജുവിനു കേരളത്തിന്റെ രണ്ടാം രഞ്ജി മല്‍സരത്തില്‍ നിന്നും പിന്‍മാറേണ്ടതായി വരും.

രഞ്ജി ട്രോഫിക്കുള്ള കേരളാ സ്‌ക്വാഡ്
സഞ്ജു സാംസണ്‍ (ക്യാപ്റ്റന്‍), രോഹന്‍ കുന്നുമ്മല്‍ (വൈസ് ക്യാപ്റ്റന്‍), കൃഷ്ണപ്രസാദ്, ആനന്ദ് കൃഷ്ണന്‍, രോഹന്‍ പ്രേം, സച്ചിന്‍ ബേബി, വിഷ്ണു വിനോദ്, അക്ഷയ് ചന്ദ്രന്‍, ശ്രേയസ് ഗോപാല്‍, ജലജ് സക്‌സേന, വൈശാഖ് ചന്ദ്രന്‍, ബേസില്‍ തമ്പി, വിശ്വേശ്വര്‍ എ സുരേഷ്, എം ഡി നിധീഷ്, എന്‍പി ബേസില്‍, വിഷ്ണു രാജ് (വിക്കറ്റ് കീപ്പര്‍).

Story first published: Tuesday, December 26, 2023, 12:40 [IST]
Other articles published on Dec 26, 2023
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+