മുംബൈ: രഞ്ജി ട്രോഫിയില്‍ വീണ്ടും മുംബൈയ്ക്കായി പാഡണിയുകയാണ് ഇന്ത്യയുടെ ടെസ്റ്റ് ടീം ക്യാപ്റ്റനും വെറ്ററന്‍ ഓപ്പണറുമായ രോഹിത് ശര്‍മ. നാളെ മുതല്‍ (വ്യാഴം) ജമ്മു കാശ്മീരുമായി ബികെസി ഗ്രൗണ്ടില്‍ നടക്കാനിരിക്കുന്ന മല്‍സരത്തില്‍ മുംബൈയ്ക്കായി താന്‍ കളിക്കുമെന്നു 37 കാരനായ താരം സ്ഥിരീകരിച്ചു കഴിഞ്ഞു. രോഹിത്തിനെക്കൂടാതെ ഇന്ത്യയുടെ യുവ അഗ്രസീവ് ഓപ്പണര്‍ യശസ്വി ജയ്‌സ്വാളും ഈ കളിയില്‍ മുംബൈ ടീമിന്റെ ഭാഗമാണ്.
ടെസറ്റ് ക്രിക്കറ്റില്‍ സമീപകാലത്തെ ദയനീയ പ്രകടനങ്ങളെ തുടര്‍ന്നാണ് രഞ്ജിയിലേക്കു രോഹിത് മടങ്ങിയെത്തിയിരിക്കുന്നത്. ദേശീയ ടീമിന്റെ ഭാഗമല്ലാത്ത ഇന്ത്യന്‍ താരങ്ങള്‍ നിര്‍ബന്ധമായും ആഭ്യന്തര ക്രിക്കറ്റില്‍ കളിക്കണമെന്നും ബിസിസിഐ അടുത്തിടെ ആവശ്യപ്പെടുകയും ചെയ്തിരുന്നു. മുംബൈയ്ക്കായി കളിക്കാനിറങ്ങുന്നതോടെ ഒരു അപൂര്‍വ്വ റെക്കോര്‍ഡും രോഹിത്തിനെ കാത്തിരിക്കുകയാണ്.

17 വര്‍ഷങ്ങള്‍ക്കു ശേഷം
17 വര്‍ഷങ്ങള്‍ക്കു ശേഷം രഞ്ജി ട്രോഫിയില്‍ കളിക്കുന്ന ഇന്ത്യയുടെ ആദ്യത്തെ ടെസ്റ്റ് ക്യാപ്റ്റനെന്ന റെക്കോര്‍ഡിന് തൊട്ടരികിലാണ് ഇപ്പോള്‍ രോഹിത് ശര്‍മയുള്ളത്. ഇതിനു മുമ്പ് ടെസ്റ്റ് ടീം നായകനായിരിക്കെ ഫസ്റ്റ് ക്ലാസ് ക്രിക്കറ്റില്‍ കളിക്കാന്‍ തയ്യാറായത് മുന്‍ ഇതിഹാസ സ്പിന്നര്‍ അനില്‍ കുംബ്ലെയാണ്.
2007ല്‍ ഹിമാചല്‍ പ്രദേശിനെതിരായ മല്‍സരത്തില്‍ കര്‍ണാടകയ്ക്കു വേണ്ടിയായിരുന്നു കുംബ്ലെ കളിച്ചത്. ഇന്ത്യയുടെ മുന്‍ കോച്ച് കൂടിയായ മുന്‍ ബാറ്റിങ് ഇതിഹാസം രാഹുല്‍ ദ്രാവിഡും ഈ മല്‍സരത്തില്‍ കര്‍ണാടക നിരയിലുണ്ടായിരുന്നു.
കുംബ്ലെയ്ക്കു ശേഷം എംഎസ് ധോണി, വിരാട് കോലി എന്നിവരെല്ലാം ഇന്ത്യയുടെ സ്ഥിരം ടെസ്റ്റ് നായകരായി വന്നെങ്കിലും ക്യാപ്റ്റന്റെ റോളിലിരിക്കെ ആരും രഞ്ജിയില്‍ കളിച്ചിട്ടില്ല. ഇപ്പോഴിതാ ഈ കാത്തിരിപ്പ് അവസാനിപ്പിക്കാനൊരുങ്ങുകയാണ് ഹിറ്റ്മാന്‍.
കോലിയും രഞ്ജിയിലേക്ക്
രോഹിത് ശര്‍മ മാത്രമല്ല മറ്റൊരു മുന്‍ ക്യാപറ്റനും സ്റ്റാര്‍ ബാറ്ററുമായ വിരാട് കോലിയും രഞ്ജി ട്രോഫിയിലേക്കു മടങ്ങിയെത്തുകയാണ്. ഈ മാസം 30 മുതല്‍ റെയില്‍വേസുമായി നടക്കാനിരിക്കുന്ന മല്‍സരത്തില്‍ ഡല്‍ഹിക്കു വേണ്ടി കളിക്കുമെന്നു കോലി വ്യക്തമാക്കി കഴിഞ്ഞു.
സൗരാഷ്ട്രയുമായി നാളെ തുടങ്ങുന്ന മല്‍സരത്തില്‍ കോലി കളിക്കുമെന്നായിരുന്നു ആദ്യം വന്ന റിപ്പോര്‍ട്ടുകള്‍. പക്ഷെ കഴുത്ത് വേദനയെ തുടര്‍ന്ന് അദ്ദേഹം പിന്‍മാറുകയായിരുന്നു. എന്നാല്‍ ടെസ്റ്റില്‍ ഇന്ത്യയുടെ ഫസ്റ്റ് ചോയ്‌സ് വിക്കറ്റ് കീപ്പറായ റിഷഭ് പന്ത് ഡല്‍ഹിയുടെ അടുത്ത മല്‍സരത്തില്‍ കളിക്കുന്നുണ്ട്. ടീമിനെയും താരം നയിച്ചേക്കുമെന്നാണ് വിവരം.

എന്തുകൊണ്ട് രഞ്ജി കളിച്ചില്ല
ആഭ്യന്തര ക്രിക്കറ്റില്‍ ഇത്രയും കാലം എന്തുകൊണ്ട് കളിക്കാന്‍ തയ്യാറായില്ല എന്നതിനെക്കുറിച്ച് ദിവസങ്ങള്‍ക്കു മുമ്പ് രോഹിത് ശര്‍മ തുറന്നു പറയുകയും ചെയ്തിരുന്നു. ഐസിസി ചാംപ്യന്‍സ് ട്രോഫിക്കുള്ള ഇന്ത്യന്‍ ടീമിന്റെ പ്രഖ്യാപനവുമായി ബന്ധപ്പെട്ട് വിളിച്ചു ചേര്‍ത്ത വാര്‍ത്താസമ്മേളനത്തിലായിരുന്നു അദ്ദേഹം ഇതേക്കുറിച്ച് പ്രതികരിച്ചത്.
റിഷഭടക്കം 3 പേര്‍ രോഹിത്തിന് വേണ്ടപ്പെട്ടവര്‍!! സഞ്ജുവിനു 'പുല്ലുവില', അറിയാമോ കാരണം?
കഴിഞ്ഞ ആറ്- ഏഴ് വര്‍ഷങ്ങള്‍ക്കിടയിലെ ക്രിക്കറ്റ് കലണ്ടറെടുത്താല്‍ ഞങ്ങള്‍ 45 ദിവസത്തോളം വീട്ടില്‍ ചെലവഴിച്ച സമയമുണ്ടായിട്ടില്ല. തുടര്‍ച്ചയായി മല്‍സരങ്ങള്‍ കളിച്ചു കൊണ്ടിരിക്കുകയായിരുന്നു. ഐപിഎല്ലിനു ശേഷം മറ്റൊന്നുമില്ലെങ്കില്‍ നിങ്ങള്‍ക്കു ആഭ്യന്തര മല്‍സരങ്ങളിലെല്ലാം കളിക്കാനുള്ള സമയം ലഭിക്കും.
എന്നാല്‍ നമ്മുടെ ആഭ്യന്തര സീസണ്‍ നോക്കിയാല്‍ അതു സപ്തംബറിലോ, ഒക്ടോബറിലോ തുടങ്ങിയ ശേഷം ഫെബ്രുവരി- മാര്‍ച്ച് മാസങ്ങളിലായി അവസാനിക്കുകയാണ് ചെയ്യാറുള്ളത്. ഇതേ സമയത്താണ് ഇന്ത്യന്‍ താരങ്ങളും ഒരുപാട് അന്താരാഷ്ട്ര മല്‍സരങ്ങളിലും കളിക്കാറുള്ളത്. ചില ഫോര്‍മാറ്റുകളില്‍ മാത്രം ദേശീയ ടീമിനു വേണ്ടി കളിക്കുന്നവര്‍ക്കു ആഭ്യന്തര മല്‍സരങ്ങളില്‍ കളിക്കാന്‍ സമയം ലഭിക്കുമെന്നും രോഹിത് വ്യക്തമാക്കിയിരുന്നു.