ഗുവാഹത്തി: ടീം ഇന്ത്യയിലേക്കുള്ള വിളി തനിക്കു അധികം അകലെയെന്നു മറ്റൊരു കിടിലന്‍ സെഞ്ച്വറിയുമായി കാണിച്ചു തന്നിരിക്കുകയാണ് യുവ ഓള്‍റൗണ്ടര്‍ റിയാന്‍ പരാഗ്. രഞ്ജി ട്രോഫിയുടെ ഈ സീസണില്‍ തുടര്‍ച്ചയായി രണ്ടാമത്തെ കളിയിലും സെഞ്ച്വറിയോടെ മിന്നിച്ചിരിക്കുകയാണ് താരം. കേരളത്തിനെതിരായ ഗ്രൂപ്പ് ബി പോരാട്ടത്തിലാണ് ബാറ്റിങ് തകര്‍ച്ച നേരിച്ച അസമിനെ സെഞ്ച്വറിയോടെ പരാഗ് കരകയറ്റിയത്.
കേരളത്തിന്റെ ഒന്നാമിന്നിങ്‌സ് ടോട്ടലായ 419 റണ്‍സിനു മറുപടിയില്‍ പരാഗ് നയിച്ച അസമിന്റെ തുടക്കം പാളിയിരുന്നു. ടീം മൂന്നിനു 25 റണ്‍സെന്ന നിലയില്‍ പതറവെയാണ് അഞ്ചാമനായി പരാഗ് ക്രീസിലെത്തിയത്. കൗണ്ടര്‍ അറ്റാക്കിങ് കാഴ്ചവച്ച താരം രോഹന്‍ കുന്നുമ്മല്‍ നയിച്ച കേരളത്തെ ബാക്ക്ഫൂട്ടിലാക്കുകയായിരുന്നു. സെഞ്ച്വറി പൂര്‍ത്തിയാക്കാന്‍ 104 ബോളുകള്‍ മാത്രമേ പരാഗിനു വേണ്ടി വന്നുള്ളൂ. സിക്‌സറിലൂടെയായിരുന്നു താരം മൂന്നക്കം തികച്ചത്.

116 റണ്‍സെടുത്ത് പരാഗ് ക്രീസ് വിടുകയായിരുന്നു. 125 ബോളുകള്‍ നേരിട്ട താരത്തിന്റെ ഇന്നിങ്‌സില്‍ 16 ഫോറുകളും മൂന്നു സിക്‌സറുമുള്‍പ്പെട്ടിരുന്നു. ഫസ്റ്റ് ക്ലാസ് ക്രിക്കറ്റില്‍ താരത്തിന്റെ മൂന്നാം സെഞ്ച്വറിയാണിത്. വിശ്വേശ്വര്‍ സുരേഷാണ് അപകടകാരിയായ പരാഗിനെ വിക്കറ്റിനു മുന്നില്‍ കുരുക്കിയത്.
പരാഗ് കസറിയെങ്കിലും കളിയില്‍ കേരളത്താണ് മുന്‍തൂക്കം. കേരളത്തിന്റെ ഒന്നാമിന്നിങ്‌സ് ടോട്ടലായ 419നു മറുപടിയില്‍ അസം ഏഴു വിക്കറ്റിനു 206 റണ്‍സെന്ന നിലയിലാണ്. മൂന്നു വിക്കറ്റ് മാത്രം കൈയിലിരിക്കെ കേരളത്തിനൊപ്പമെത്താന്‍ അവര്‍ക്കു ഇനിയും 213 റണ്‍സ് കൂടി വേണം.
ഛത്തീസ്ഗഡിനെതിരേ കഴിഞ്ഞയാഴ്ച റായ്പൂരില്‍ നടന്ന മല്‍സരത്തിലും പരാഗ് ഉജ്ജ്വല സെഞ്ച്വറി കണ്ടെത്തിയിരുന്നു. ആദ്യ ഇന്നിങ്‌സില്‍ എട്ടു റണ്‍സ് മാത്രമെടുത്ത് മടങ്ങിയെങ്കിലും രണ്ടാമിന്നിങ്‌സില്‍ താരം കൊടുങ്കാറ്റായി മാറുകയായിരുന്നു.
വെറും 87 ബോളില്‍ പരാഗ് വാരിക്കൂട്ടിയത് 155 റണ്‍സായിരുന്നു. 11 ഫോറും 12 കൂറ്റന്‍ സിക്‌സറുമടക്കമായിരുന്നു ഇത്. 83 ബോളുകളില്‍ നിന്നായിരുന്നു അദ്ദേഹം 150 തികച്ചത്. രഞ്ജി ട്രോഫിയുടെ ചരിത്രത്തില്‍ ഏറ്റവും വേഗത്തില്‍ ഈ നേട്ടം കൈവരിച്ച താരമെന്ന ഓള്‍ടൈം റെക്കോര്‍ഡും പരാഗ് സ്വന്തമാക്കിയിരുന്നു.

പക്ഷെ പരാഗിന്റെ റെക്കോര്‍ഡ് സെഞ്ച്വറിക്കും കളിയില്‍ അസമിനെ രക്ഷിക്കാനായില്ല. ഛത്തീസ്ഗഡ് പത്തു വിക്കറ്റിനാണ് അവരെ കശാപ്പ് ചെയ്തത്. ഇപ്പോള്‍ കേരത്തിനെതിരേ സമാനമായ അവസ്ഥയിലാണ് അസം. ഒന്നാമിന്നിങ്‌സില്‍ അവര്‍ ലീഡ് വഴങ്ങുമെന്നു ഏറെക്കുറെ ഉറപ്പായിരിക്കുകയാണ്. കേരളത്തെ സമനിലയിലെങ്കിലും തളയ്ക്കാനായാല്‍ അതു അസമിനെ സംബന്ധിച്ച് അഭിമാനിക്കാവുന്ന നേട്ടമായിരിക്കും.
നേരത്തേ സച്ചിന്‍ ബേബിയുടെ (131) സെഞ്ച്വറിയും നായകന്‍ രോഹന്‍ (83), കൃഷ്ണപ്രസാദ് (80), രോഹന്‍ പ്രേം (50) എന്നിവരുടെ ഫിഫ്റ്റികളുമാണ് കേരളത്തെ ഒന്നാമിന്നിങ്‌സില്‍ 419 റണ്‍സെന്ന ശക്തമായ നിലയിലെത്തിച്ചത്. അറ്റാക്കിങ് ഇന്നിങ്‌സ് കാഴ്ചവച്ച സച്ചിന്‍ ബേബി 148 ബോളിലാണ് 131 റണ്‍സ് വാരിക്കൂട്ടിയത്. 16 ഫോറും അഞ്ചു സിക്‌സറും ഇതിലുള്‍പ്പെടും.
രോഹന്‍ 95 ബേളില്‍ 11 ഫോറുകളടിച്ചപ്പോള്‍ കൃഷ്ണപ്രസാദ് 202 ബോളില്‍ അഞ്ചു ഫോറും രണ്ടു സിക്‌സറും പായിച്ചു. രോഹന്‍ 116 ബോളില്‍ നാലു ഫോറും ഒരു സിക്‌സറുമടക്കമാണ് ഫിഫ്റ്റിയിലെത്തിയത്. സീസണിലെ ആദ്യ വിജയമാണ് അസമിനെതിരേ കേരളം ലക്ഷ്യമിടുന്നത്. നേരത്തേ ആലപ്പുഴയില്‍ നടന്ന ആദ്യ ഗ്രൂപ്പ് മല്‍സരത്തില്‍ ഉത്തര്‍ പ്രദേശുമായി കേരളം സമനില വഴങ്ങിയിരുന്നു.