റായ്പൂര്‍: രഞ്ജി ട്രോഫിയില്‍ ചത്തീസ്ഗഡിനെതിരേ തകര്‍പ്പന്‍ സെഞ്ച്വറി നേടി ആസാമിന്റെ റിയാന്‍ പരാഗ്. 87 പന്ത് നേരിട്ട് 11 ഫോറും 12 സിക്‌സും ഉള്‍പ്പെടെ 155 റണ്‍സ് നേടിയാണ് പരാഗ് കൈയടി നേടുന്നത്. ആസാം ഫോളോ ഓണ്‍ ചെയ്യാനിറങ്ങിയപ്പോഴാണ് പരാഗിന്റെ വെടിക്കെട്ട്. ആദ്യ ഇന്നിങ്‌സില്‍ എട്ട് റണ്‍സിന് പുറത്തായ പരാഗ് രണ്ടാം ഇന്നിങ്‌സില്‍ കടന്നാക്രമിക്കുകയായിരുന്നു. തുടക്കം മുതല്‍ ആക്രമിച്ച പരാഗ് 178ന് മുകളില്‍ സ്‌ട്രൈക്ക് റേറ്റിലാണ് കസറിയത്.
ടി20 ഫോര്‍മാറ്റിന്റെ സ്‌ട്രൈക്ക് റേറ്റിലാണ് പരാഗ് കളിച്ചത്. താരത്തിന്റെ കരിയറിലെത്തന്നെ ഏറ്റവും മികച്ച ഇന്നിങ്‌സ് എന്ന് തന്നെ ഈ പ്രകടനത്തെ വിശേഷിപ്പിക്കാം. ഐപിഎല്ലിന്റെ 17ാം സീസണ്‍ വരാനിരിക്കെ പരാഗിന്റെ പ്രകടനം രാജസ്ഥാന്‍ റോയല്‍സിന് വലിയ പ്രതീക്ഷ നല്‍കുന്നു. സമീപകാലത്ത് കളിച്ച ആഭ്യന്തര ടൂര്‍ണമെന്റുകളിലെല്ലാം പരാഗ് ഓള്‍റൗണ്ട് പ്രകടനമാണ് കാഴ്ചവെച്ചത്. അവസാന സീസണില്‍ രാജസ്ഥാനൊപ്പം താരം നിരാശപ്പെടുത്തിയിരുന്നു.
ഇതിനെത്തുടര്‍ന്ന് വലിയ വിമര്‍ശനവും പരാഗിന് നേരിടേണ്ടി വന്നിരുന്നു. രാജസ്ഥാന്റെ ഉടമയുടെ ബന്ധുവായതിനാലാണ് പരാഗിന് അവസരം ലഭിച്ചതെന്ന് പോലും വിമര്‍ശനം ഉയര്‍ന്നിരുന്നു. എന്നാല്‍ ഈ വിമര്‍ശകര്‍ക്കെല്ലാം പ്രകടനത്തിലൂടെ മറുപടി നല്‍കുകയാണ് ഇപ്പോള്‍ പരാഗ്. ആസാമിനെ ജയിപ്പിക്കാന്‍ പരാഗിന് സാധിച്ചേക്കില്ലെങ്കിലും താരത്തിന്റെ കരിയറിലെ ഏറ്റവും ശ്രദ്ധേയ പ്രകടനമാണ് ചത്തീസ്ഗഡിനെതിരേ കാഴ്ചവെച്ചിരിക്കുന്നതെന്ന് പറയാം.
ആദ്യം ബാറ്റ് ചെയ്ത ചത്തീസ്ഗഡ് 327 റണ്‍സ് ഒന്നാം ഇന്നിങ്‌സില്‍ നേടിയപ്പോള്‍ മറുപടിക്കിറങ്ങിയ ആസാം 159 റണ്‍സില്‍ കൂടാരം കയറുകയായിരുന്നു. ഫോളോ ഓണ്‍ ചെയ്യാന്‍ നിര്‍ബന്ധിതരായ ആസാം 254 റണ്‍സിനാണ് ഓള്‍ഔട്ടായത്. നായകന്‍ പരാഗിന്റെ സെഞ്ച്വറിയൊഴികെ മറ്റാര്‍ക്കും ആസാമിനായി തിളങ്ങാനായില്ല. എന്തായാലും പരാഗിന്റെ സെഞ്ച്വറി പ്രകടനം എന്നെന്നും ഓര്‍മിക്കപ്പെടുന്നതാണ് നിസംശയം പറയാം.

അധികം വൈകാതെ ഇന്ത്യന്‍ ടീമിലേക്കും പരാഗിന് വിളിയെത്തിയേക്കും. തിലക് വര്‍മയ്ക്ക് വലിയ ഭീഷണിയായി പരാഗ് മാറിയേക്കും. ടി20 ലോകകപ്പില്‍ പരാഗിന് വിളിയെത്താന്‍ സാധ്യത കുറവാണ്. എന്നാല്‍ ടി20 ലോകകപ്പിലെ പ്രകടനം വിലയിരുത്തി ഇന്ത്യയുടെ ടി20 ടീമില്‍ വലിയ അഴിച്ചുപണി ഉണ്ടായേക്കും. പരാഗിനെ ഇന്ത്യ അധികം വൈകാതെ ടീമില്‍ ഉള്‍പ്പെടുത്താനാണ് സാധ്യത. പന്തെറിയാന്‍ സാധിക്കുന്ന ബാറ്റ്‌സ്മാന്‍മാരുടെ അഭാവം ഇന്ത്യന്‍ ടീമിലുണ്ട്.
അതുകൊണ്ടുതന്നെ പരാഗിന്റെ കാര്യത്തില്‍ സെലക്ടര്‍മാര്‍ പ്രത്യേക താല്‍പര്യം കാട്ടിയേക്കും. തകര്‍പ്പന്‍ ഫീല്‍ഡറെന്ന നിലയിലും പരാഗ് ഉപകാരിയാണ്. പെട്ടെന്ന് മത്സരഫലത്തെ മാറ്റാന്‍ കഴിവുള്ള പരാഗ് ഭയമില്ലാത്ത കളിക്കാരനാണ്. യുവതാരമായതിനാല്‍ത്തന്നെ കരിയറില്‍ ഇനിയും സമയം ഏറെ മുന്നിലുണ്ട്. ടെസ്റ്റില്‍ ഇടം നേടുക പ്രയാസമാണെങ്കിലും ഇന്ത്യയുടെ പരിമിത ഓവര്‍ ടീമിനൊപ്പം വലിയ കരിയര്‍ പരാഗ് അര്‍ഹിക്കുന്നുണ്ട്.
രഞ്ജി ട്രോഫിയിലെ മറ്റ് മത്സരങ്ങളില്‍ കേരളത്തിനെതിരേ ഉത്തര്‍ പ്രദേശ് കൂറ്റന്‍ ലീഡിലേക്ക് പോവുകയാണ്. മഴയെത്തുടര്‍ന്ന് വെളിച്ചക്കുറവ് ഉള്ളതിനെത്തുടര്‍ന്ന് നാലാം ദിനം മത്സരം തടസപ്പെടുകയാണ്. ഇന്നും നാളെയും മഴ കളി തടസപ്പെടുത്താത്ത പക്ഷം കേരളം നാട്ടില്‍ തോല്‍ക്കുമെന്നുറപ്പാണ്. നായകനെന്ന നിലയില്‍ സഞ്ജു സാംസണും പ്രതീക്ഷിച്ച പ്രകടനം കാഴ്ചവെക്കാന്‍ സാധിച്ചിട്ടില്ല. അഫ്ഗാനിസ്ഥാനെതിരായ ടി20 പരമ്പരക്കുള്ള ഇന്ത്യന്‍ ടീമില്‍ സഞ്ജുവും ഉള്‍പ്പെട്ടിട്ടുണ്ട്.
സെഞ്ച്വറി പ്രകടനത്തോടെ ദേവ്ദത്ത് പടിക്കലും കസറിയിട്ടുണ്ട്. ഏഴ് റണ്‍സിനാണ് അദ്ദേഹത്തിന് ഇരട്ട സെഞ്ച്വറി നഷ്ടമായത്. ചേതേശ്വര്‍ പുജാര ഇരട്ട സെഞ്ച്വറി പ്രകടനത്തോടെ ഇന്ത്യന്‍ ടീമിലേക്ക് തിരിച്ചുവരവ് പ്രതീക്ഷ നല്‍കിയിരിക്കുകയാണ്. റിങ്കു സിങ്ങും ദ്രുവ് ജുറേലുമെല്ലാം ആദ്യ മത്സരത്തില്‍ മികവ് കാട്ടിയിട്ടുണ്ട്. ഇന്ത്യയുടെ യുവതാരങ്ങളെല്ലാം തകര്‍പ്പന്‍ പ്രകടനമാണ് രഞ്ജി ട്രോഫിയില്‍ കാഴ്ചവെക്കുന്നതെന്നത് ടീമിന്റെ ഭാവിക്ക് പ്രതീക്ഷ നല്‍കുന്നു.