ആലപ്പുഴ: രഞ്ജി ട്രോഫി ക്രിക്കറ്റില്‍ കേരളത്തെ വിറപ്പിച്ച ഇന്ത്യന്‍ സെന്‍സേഷന്‍ റിങ്കു സിങിനു അര്‍ഹിച്ച സെഞ്ച്വറി കൈയെത്തുംദൂരത്തു നഷ്ടം. സഞ്ജു സാംസണ്‍ നയിച്ച കേരളത്തിനെതിരേയാണ് ഉത്തര്‍ പ്രദേശിനായി റിങ്കു കസറിയത്. പക്ഷെ വെറും എട്ടു റണ്‍സകലെ അദ്ദേഹത്തിനു സെഞ്ച്വറി മസ്സാവുകയായിരുന്നു. 92 റണ്‍സാണ് റിങ്കു ക്രീസ് വിട്ടത്.
136 ബോളികള്‍ നേരിട്ട അദ്ദേഹത്തിന്റെ ഇന്നിങ്‌സില്‍ എട്ടു ഫോറും രണ്ടു സിക്‌സറുമുള്‍പ്പെട്ടിരുന്നു. ടീം പ്രതിസന്ധി ഘട്ടത്തില്‍ നില്‍ക്കവെ ക്രീസിലെത്തിയ അദ്ദേഹം ടീമിനെ 300 കടത്താന്‍ സഹായിക്കുകയും ചെയ്തു. ഒന്നാമിന്നിങ്‌സില്‍ യുപി 302 റണ്‍സിനു പുറത്തായിരിക്കുകയാണ്.

ഫസ്റ്റ് ക്ലാസ് ക്രിക്കറ്റിലെ എട്ടാമത്തെ സെഞ്ച്വറിയാണ് ഇന്നു റിങ്കുവിനു നഷ്ടമായത്. വൈറ്റ് ബോള്‍ ഫോര്‍മാറ്റില്‍ മാത്രമല്ല റെഡ് ബോളിലും മികച്ച റെക്കോര്‍ഡാണ് അദ്ദേഹത്തിനുള്ളത്. 42 മല്‍രങ്ങളില്‍ നിന്നും 57.82 എന്ന തകര്‍പ്പന്‍ ശരാശരിയില്‍ റിങ്കു 3007 റണ്‍സ് അടിച്ചെടുത്തിട്ടുണ്ട്. ഏഴു സെഞ്ച്വറികളും 19 ഫിഫ്റ്റുകളും ഇതിലുള്‍പ്പെടും പുറത്താവാതെ നേടിയ 163 റണ്‍സാണ് ഉയര്‍ന്ന സ്‌കോര്‍.
കേരളത്തിനെതിരേ ഉത്തര്‍പ്രദേശിന്റെ തുടക്കം മോശമായിരുന്നു. മൂന്നു വിക്കറ്റിനു 85ലേക്കും അഞ്ചു വിക്കറ്റിനു 124 റണ്‍സിലേക്കും അവര്‍ പതറിയിരുന്നു. ഇതോടെ യുപി 250 റണ്‍സ് പോലും തികയ്ക്കില്ലെന്നായിരുന്നു കരുതപ്പെട്ടിരുന്നത്.
എന്നാല്‍ ആറാം വിക്കറ്റില്‍ സെഞ്ച്വറി കൂട്ടുകെട്ടുമായി റിങ്കു- ധ്രുവ് ജുറേല്‍ ജോടി ഉത്തര്‍ പ്രദേശിനെ ഭേദപ്പെട്ട ടോട്ടലില്‍ എത്തിക്കുകയായിരുന്നു. 143 റണ്‍സാണ് ഇരുവരും ടീം സ്‌കോറിലേക്കു കൂട്ടിച്ചര്‍ത്തത്. കേരള ക്യാപ്റ്റന്‍ സഞ്ജു ബൗളര്‍മാരെ മാറി മാറി പരീക്ഷിച്ചെങ്കിലും ഈ സഖ്യത്തെ പിരിക്കാനായില്ല. ഒടുവില്‍ 267ല്‍ വച്ച് ജുറേലിനെ പുറത്താക്കിയ ബേസില്‍ തമ്പിയാണ് കേരളത്തിനു കാത്തിരുന്ന ബ്രേക്ക്ത്രൂ നല്‍കിയത്.

123 ബോളില്‍ അഞ്ചു ഫോറും ഒരു സിക്‌സറും ജുറേലിന്റെ ഇന്നിങ്‌സിലുണ്ടായിരുന്നു. ബേസിലിന്റെ ബൗളിങില്‍ കൃഷ്ണ പ്രസാദാണ് ജുറേലിന്റെ ക്യാച്ചെടുത്തത്. ജുറേല്‍ വീണതോടെ കേരളത്തിനു കാര്യങ്ങള്‍ എളുപ്പമായി. ഏഴാം വിക്കറ്റില്‍ സൗരഭ് കുമാറിനെ കൂട്ടുപിടിച്ച് റിങ്കു 28 റണ്‍സ് കൂട്ടിച്ചേര്‍ത്തെങ്കിലും പിന്നീട് എട്ടു റണ്‍സിനിടെ ബാക്കിയുള്ള നാലു വിക്കറ്റുകളും വീഴ്ത്തിയ കേരളം യുപിയെ 302 റണ്‍സിനു ഓള്‍ഔട്ടാക്കുകയായിരുന്നു.
റിങ്കു, ജുറേല്‍ എന്നിവരെക്കൂടാതെ പ്രിയം ഗാര്‍ഗ് (44), ക്യാപ്റ്റന്‍ ആര്യന്‍ ജുയാല്‍ (28), സമീര്‍ റിസ്വി (26) എന്നിവരും ഉത്തര്‍പ്രദേശിനായി ഭേദപ്പെട്ട ബാറ്റിങ് കാഴ്ചവച്ചു. കേരള ബൗളിങ് നിരയിലേക്കു വന്നാല്‍ ബൗള്‍ ചെയ്ത അഞ്ചു പേര്‍ക്കും വിക്കറ്റ് ലഭിച്ചുവെന്നതാണ് ഏറ്റവും പ്രധാനപ്പെട്ട കാര്യം.
ഏറ്റവും മികച്ചു നിന്നത് എംഡി നിധീഷായിരുന്നു. മൂന്നു വിക്കറ്റുകള്‍ അദ്ദേഹം വീഴ്ത്തി. ബേസില്‍ തമ്പിയും ജലജ് സക്‌സേനയും രണ്ടു വിക്കറ്റുകള്‍ വീതം പങ്കിട്ടപ്പോള്‍ വൈശാഖ് ചന്ദ്രനും ശ്രേയസ് ഗോപാലും ഓരോ വിക്കറ്റ് വീതവും നേടി.
കേരളത്തിന്റെ പ്ലെയിങ് ഇലവന്‍
രോഹന്‍ കുന്നുമ്മല്‍, വിഷ്ണു വിനോദ് (വിക്കറ്റ് കീപ്പര്‍), സഞ്ജു സാംസണ്‍ (ക്യാരപ്റ്റന്‍), കൃഷ്ണപ്രസാദ്, രോഹന്‍ പ്രേം, സച്ചിന്‍ ബേബി, ജലജ് സക്സേന, ശ്രേയസ് ഗോപാല്‍, ബേസില്‍ തമ്പി, വൈശാഖ് ചന്ദ്രന്‍, എംഡി നിധീഷ്.