രാജ്‌കോട്ട്: ടെസ്റ്റ് ക്രിക്കറ്റില്‍ ഇന്ത്യന്‍ ടീമിനു വേണ്ടി ഇനിയുമൊരു അങ്കത്തിനു ബാല്യമുണ്ടെന്നു രഞ്ജി ട്രോഫിയില്‍ തകര്‍പ്പന്‍ ഡബിളുമായി തെളിയിച്ചിരിക്കുകയാണ് ചേതേശ്വര്‍ പുജാര. ഛത്തീസ്ഗഡുമായുള്ള ഗ്രൂപ്പ് ഡി മല്‍സരത്തില്‍ സൗരാഷ്ട്രയ്ക്കു വേണ്ടിയാണ് മൂന്നാം നമ്പറിലെത്തി പുജാര കസറിയത്. 378 ബോളില്‍ 220 റണ്‍സുമായി അദ്ദേഹം ക്രീസിലുണ്ട്. 23 ഫോറുകളും ഒരു സിക്‌സറുമുള്‍പ്പെട്ടതാണ് പുജാരയുടെ ഗംഭീര ഇന്നിങ്‌സ്.
ന്യൂസിലാന്‍ഡുമായുള്ള ഒന്നാം ക്രിക്കറ്റ് ടെസ്റ്റില്‍ ഇന്ത്യന്‍ ടീം ഞെട്ടിക്കുന്ന തോല്‍വിയുടെ ക്ഷീണത്തില്‍ നില്‍ക്കവെയാണ് ദേശീയ ടീമിലേക്കു മടങ്ങിയെത്താന്‍ താന്‍ സജ്ജനാണെന്നു പുജാര ഓര്‍മിപ്പിച്ചത്.
ബെംഗളൂരു ടെസ്റ്റില്‍ ആദ്യ ഇന്നിങ്‌സില്‍ വെറും 46 റണ്‍സിനു ഓള്‍ഔട്ടായ ഇന്ത്യന്‍ ടീം നാണംകെട്ടിരുന്നു. സൗരാഷ്ട്രയ്ക്കു വേണ്ടി വീണ്ടുമൊരു ഡബിള്‍ സെഞ്ച്വറി നേടിയതിനു പിന്നാലെ പുജാരയെ ഇന്ത്യന്‍ ടെസ്റ്റ് ടീമിലേക്കു തിരികെ വിളിക്കണമെന്നു ആരാധകര്‍ സോഷ്യല്‍ മീഡിയയില്‍ ആവശ്യപ്പെട്ടിരിക്കുകയാണ്.

റെക്കോര്‍ഡ് ഭദ്രമാക്കി
ആഭ്യന്തര ക്രിക്കറ്റില്‍ ഏറ്റവുമധികം ഫസ്റ്റ് ക്ലാസ് ഡബിള്‍ സെഞ്ച്വറികള്‍ നേടിയ ഇന്ത്യന്‍ താരമെന്ന ഓള്‍ടൈം റെക്കോര്‍ഡ് നേരത്തേ തന്നെ ചേതേശ്വര്‍ പുജാരയുടെ പേരില്‍ ഭദ്രമാണ്. ഇപ്പോള്‍ മറ്റൊരു ഡബിള്‍ കൂടി ഇതിലേക്കു ചേര്‍ത്ത് ഒന്നാംസ്ഥാനം അദ്ദേഹം കൂടുതല്‍ അരക്കിട്ടുറപ്പിക്കുകയും ചെയ്തിരിക്കുകയാണ്. കരിയറിലെ 18ാം ഡബിള്‍ സെഞ്ച്വറിയാണ് പുജാര ഇന്നു പൂര്‍ത്തിയാക്കിയിരിക്കുന്നത്.
ഇന്ത്യന്‍ താരങ്ങളുടെ ഈ എലൈറ്റ് ക്ലബ്ബില്‍ മറ്റാരും തന്നെ അദ്ദേഹത്തിന്റെ അരികില്‍പ്പോലുമില്ല. 11 ഡബിള്‍ സെഞ്ച്വറികളോടെ മുന്‍ താരം വിജയ് മെര്‍ച്ചെന്റാണ് ഈ ലിസ്റ്റിലെ രണ്ടാമന്‍. മൂന്നാംസ്ഥാനം മൂന്നു പേര്‍ ചേര്‍ന്നു പങ്കിടുകയാണ്. മുന്‍ താരം വിജയ് ഹസാരെ, ഇതിഹാസങ്ങളായ സുനില്‍ ഗവാസ്‌കര്‍, രാഹുല്‍ ദ്രാവിഡ് എന്നിവരാണിത്. ഇവരെല്ലാം 10 വീതം ഡബിള്‍ സെഞ്ച്വറികള്‍ കുറിക്കുകയും ചെയ്തിട്ടുണ്ട്.
അതേസമയം, ലോക ക്രിക്കറ്റിലേക്കു വന്നാല്‍ ഫസ്റ്റ് ക്ലാസ് ഡബിള്‍ സെഞ്ച്വറികളുടെ കാര്യത്തില്‍ പുജാര നാലാംസ്ഥാനത്തുണ്ടെന്നതും ശ്രദ്ധേയമാണ്. 37 ഡബിള്‍ സെഞ്ച്വറികള്‍ വാരിക്കൂട്ടിയ ഓസ്‌ട്രേലിയയുടെ മുന്‍ ഇതിഹാസം ഡോണ്‍ ബ്രാഡ്മാന്റെ പേരിലാണ് ലോക റെക്കോര്‍ഡ്. 36 ഡബിളുകളുമായി ഇംഗ്ലണ്ടിന്റെ മുന്‍ ഇതിഹാസം വാലി ഹാമണ്ട് രണ്ടാംസ്ഥാനത്തും നില്‍ക്കുന്നു. 22 ഡബിളുകളുള്ള മുന്‍ ഇംഗ്ലീഷ് താരം പാറ്റ്‌സി ഹെന്‍ഡ്രനാണ് മൂന്നാമത്. തൊട്ടു പിന്നില്‍ നാലാംസ്ഥാനത്തു പുജാരയാണ്.
പൂജാരയെ തിരികെ വിളിക്കൂ
ചേതേശ്വര്‍ പുജാരയെ ഇന്ത്യന്‍ ടെസ്റ്റ് ടീമിലേക്കു തിരികെ വിളിക്കൂയെന്ന ആരാധകരുടെ മുറവിളി ശക്തമായിരിക്കുകയാണ്. ഓസ്‌ട്രേലിയക്കെതിരേയുള്ള ദുഷ്‌കരമായ ബോര്‍ഡര്‍- ഗവാസ്‌കര്‍ ട്രോഫി ടെസ്റ്റ് പരമ്പര വരാനിരിക്കുന്നതിനാല്‍ അദ്ദേഹം തീര്‍ച്ചയായും ടീമില്‍ വേണമെന്നാണ് ആരാധകര്‍ പറയുന്നത്.
ടെസ്റ്റ് ഫോര്‍മാറ്റില്‍ ഇന്ത്യയുടെ നിലവിലെ ഇതിഹാസതാരം തന്നെയാണ് ചേതേശ്വര്‍ പുജാര. അദ്ദേഹത്തെ ഇനിയെങ്കിലും ദേശീയ ടീമിലേക്കു തിരികെ വിളിക്കാന്‍ സെലക്ടര്‍മാര്‍ തയ്യാറാവണം. പുജാര ഒഴിച്ചിട്ട മൂന്നാം നമ്പര്‍ പൊസിഷന്‍ ഏറ്റെടുക്കാന്‍ കെല്‍പ്പുള്ള ബാറ്ററെ ഇന്ത്യക്കു ഇപ്പോഴും കണ്ടെത്താനായിട്ടില്ല.

നിലവില്‍ ഈ റോളില്‍ കളിക്കുന്ന ശുഭ്മന്‍ ഗില്‍ ഒട്ടും വിശ്വസിക്കാവുന്ന താരമല്ല. മാത്രമല്ല പുജാരയുടെ പ്രതിരോധ മികവോ, ദുഷ്‌കരമായ സാഹചര്യങ്ങളില്‍ ടീമിനെ കരകയറ്റാനോയുള്ള ശേഷിയും ഗില്ലിനു ഇല്ല. അതിനാല്‍ തന്നെ പുജാരയ്ക്കു വീണ്ടും ഈ റോള്‍ നല്‍കാന്‍ ഇന്ത്യ തയ്യാറാവണമെന്നും ആരാധകര്‍ സോഷ്യല്‍ മീഡിയയില്‍ ആവശ്യപ്പെടുന്നു.
ഓസ്‌ട്രേലിയക്കെതിരേ വരാനിരിക്കുന്ന ബോര്‍ഡര്‍- ഗവാസ്‌കര്‍ ട്രോഫിയില്‍ ചേതേശ്വര്‍ പുജാര ഉറപ്പായും ഇന്ത്യന്‍ ടീമില്‍ വേണം. അദ്ദേഹത്തെപ്പോലെയൊരു ബാറ്ററെയാണ് റെഡ് ബോളില്‍ ഇന്ത്യന്‍ ടീം ഇപ്പോള്‍ മിസ് ചെയ്യുന്നത്. ഓസ്‌ട്രേലിയയില്‍ മാച്ച് വിന്നിങ് പ്രകടനങ്ങള്‍ നടത്താന്‍ പുജാരയ്ക്കു സാധിക്കുമെന്നും ആരാധകര്‍ ചൂണ്ടിക്കാണിക്കുന്നു.