
ഇന്ത്യന്‍ ബാറ്റിങ് വിസ്മയം സച്ചിന്‍ ടെണ്ടുല്‍ക്കറുടെ മകനും ഓള്‍റൗണ്ടറുമായ അര്‍ജുന്‍ ടെണ്ടുല്‍ക്കര്‍ ആഭ്യന്തര ക്രിക്കറ്റില്‍ തന്റെ സാന്നിധ്യമറിയിക്കാനൊരുങ്ങുന്നു. രഞ്ജി ട്രോഫിയുടെ പുതിയ സീസണിനുള്ള മുംബൈ ടീമില്‍ അര്‍ജുനെയും ഉള്‍പ്പെടുത്തിരിക്കുകയാണ്. വെടിക്കെട്ട് ഓപ്പണര്‍ പൃഥ്വി ഷായാണ് പുതിയ സീസണില്‍ മുംബൈ ടീമിനെ നയിക്കുന്നത്. മുന്‍ ഇന്ത്യന്‍ പേസര്‍ സലീല്‍ അംഗോളയ്ക്കു കീഴിലുള്ള സെലക്ഷന്‍ കമ്മിറ്റിയാണ് മുംബൈ ടീമിനെ തിരഞ്ഞെടുത്തിരിക്കുന്നത്. ജനുവരിയില്‍ മഹാരാഷ്ട്ര, ഡല്‍ഹി എന്നിവര്‍ക്കെതിരായ മല്‍സരങ്ങള്‍ക്കുള്ള ടീമിനെയാണ് ഇപ്പോള്‍ പ്രഖ്യാപിച്ചിരിക്കുന്നത്. 20 പേരുള്‍പ്പെട്ടതാണ് മുംബൈ ടീം.
ഐപിഎല്ലിന്റെ കഴിഞ്ഞ സീസണില്‍ ഹോം ഫ്രാഞ്ചൈസിയായ മുംബൈ ഇന്ത്യന്‍സിന്റെ ഭാഗമായിരുന്നു അര്‍ജുന്‍. പക്ഷെ താരത്തിനു അരങ്ങേറാനുള്ള അവസരം ലഭിച്ചിരുന്നില്ല. മാത്രമല്ല പരിക്കു കാരണം യുഎഇയില്‍ നടന്ന രണ്ടാപാദത്തിനിടെ അര്‍ജുന് പിന്‍മാറേണ്ടി വരികയും ചെയ്തിരുന്നു. മെഗാ ലേലത്തിനു മുന്നോടിയായി താരത്തെ മുംബൈ ഒഴിവാക്കുകയും ചെയ്തു. രഞ്ജിയില്‍ മികച്ച പ്രകടനം നടത്തിയാല്‍ വരാനിരിക്കുന്ന മെഗാ ലേലത്തില്‍ അര്‍ജുനെ ഫ്രാഞ്ചൈസികള്‍ നോട്ടമിടാന്‍ സാധ്യതയുണ്ട്. അതുകൊണ്ടു തന്നെ പ്രതീക്ഷയോടെയായിരിക്കും താരം പുതിയ സീസണിനെ കാത്തിരിക്കുന്നത്.

അര്‍ജുന്‍ നന്നായി ബൗള്‍ ചെയ്യുന്നുണ്ട്. നിര്‍ഭാഗ്യവശാല്‍ ഇതിനിടെ അവനു പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. എങ്കിലും അതിനു ശേഷം കളിച്ച മല്‍സരങ്ങളില്‍ അര്‍ജുന്‍ മികച്ച ബൗളിങ് കാഴ്ചവച്ചിരുന്നു. മുംബൈ ക്രിക്കറ്റിന്റെ ഭാവിയെ മുന്നില്‍ കണ്ടുള്ള ടീമിനെയാണ് ഞങ്ങള്‍ തിരഞ്ഞെടുത്തിരിക്കുന്നത്. നിര്‍ഭാഗ്യവശാല്‍ ഞങ്ങളുടെ പേസര്‍ തുഷാര്‍ ദേശ്പാണ്ഡെ പരിക്ക് കാരണം ടീമില്‍ ഇല്ല. എങ്കിലും വളരെ പ്രതീക്ഷ നല്‍കുന്ന ടീമാണിത്. അണ്ടര്‍ 19 വിഭാഗത്തില്‍പ്പെട്ട കളിക്കാരെയും ഉള്‍പ്പെടുത്തിയുള്ള ടീമാണിത്. കുറച്ചു വര്‍ഷം മുംബൈയ്ക്കു വേണ്ടി കളിക്കാന്‍ കഴിയുന്ന താരങ്ങളെ മുന്നില്‍ കണ്ടാണ് ഇതെന്നും സെലക്ടര്‍ സലീല്‍ അംഗോള വ്യക്തമാക്കി.
കഴിഞ്ഞ സീസണിലെ രഞ്ജി ട്രോഫിക്കുള്ള മുംബൈയുടെ സീനിയര്‍ ടീമിലും അര്‍ജുന്‍ ഉള്‍പ്പെട്ടിരുന്നു. പക്ഷെ കൊവിഡ് മഹാമാരിയെ തുടര്‍ന്നു ടൂര്‍ണമെന്റ് ബിസിസിഐ റദ്ദാക്കിയതോടെ താരത്തിനു കളിക്കാനായില്ല. ഇത്തവണത്തെ മുംബൈ ടീമില്‍ നായകന്‍ പൃഥ്വി ഷായെക്കൂടാതെ യശസ്വി ജയ്‌സ്വാള്‍, സര്‍ഫറാസ് ഖാന്‍, ശിവം ദുബെ എന്നിവരാണ് മുംബൈ ടീമിലെ മറ്റു ശ്രദ്ധേയരായ കളിക്കാര്‍. പരിചയ സമ്പന്നരായ ആദിത്യ താരെ, ധവാല്‍ കുല്‍ക്കര്‍ണി എന്നിവരും ടീമിന്റെ ഭാഗമാണ്. സിദ്ധേഷ് ലാഡ് ടീമില്‍ നിന്നൊഴിവാക്കപ്പെട്ടു. പ്രമുഖ ബാറ്റര്‍ സൂര്യകുമാര്‍ യാദവിനെയും ടീമിലുള്‍പ്പെടുത്തിയിട്ടില്ല. സൗത്താഫ്രിക്കയ്‌ക്കെതിരേ നടക്കാനിരിക്കുന്ന ഏകദിന പരമ്പരയ്ക്കുള്ള ഇന്ത്യന്‍ ടീമില്‍ ഇടം പിടിക്കാന്‍ സാധ്യതയുള്ളതിനാലാണ് സൂര്യയെ പരിഗണിക്കാതിരുന്നത്.
നിശ്ചിത ഓവര്‍ ക്രിക്കറ്റില്‍ ഈ സീസണില്‍ മുംബൈയുടെ പ്രകടനം ദയനീയമായിരുന്നു. സയ്ദ് മുഷ്താഖ് അലി ട്രോഫി ടി20 ടൂര്‍ണമെന്റിലും വിജയ് ഹസാരെ ട്രോഫി ഏകദിന ടൂര്‍ണമെന്റിലും മുംബൈ ഫ്‌ളോപ്പായി മാറി. വിജയ് ഹസാരെ ട്രോഫിയുടെ ഗ്രൂപ്പ് ബിയില്‍ അവസാന സ്ഥാനത്തേക്കു മുംബൈ പിന്തള്ളപ്പെട്ടിരുന്നു.

മുംബൈ ടീം
പൃഥ്വി ഷാ (ക്യാപ്റ്റന്‍), യശസ്വി ജയ്‌സ്വാള്‍, ആകര്‍ഷിത് ഗോമല്‍, അര്‍മാന്‍ ജാഫര്‍, സര്‍ഫറാസ് ഖാന്‍, സച്ചിന്‍ യാദവ്, ആദിത്യ താരെ (വിക്കറ്റ് കീപ്പര്‍), ഹാര്‍ദിക് തമോര്‍ (വിക്കറ്റ് കീപ്പര്‍), ശിവം ദുബെ, അമാന്‍ ഖാന്‍, ഷാംസ് മ്യുലാനി, തനുഷ് കൊട്ടിയാന്‍, പ്രശാന്ത് സോളങ്കി, ശശാങ്ക് അത്താര്‍ദെ, ധവാല്‍ കുല്‍ക്കര്‍ണി, മോഹിത് അവസ്തി, പ്രിന്‍സ് ബദിയാനി, സിദ്ധാര്‍ഥ് റൗത്ത്, റോയ്‌സ്തന്‍ ഡയസ്, അര്‍ജുന്‍ ടെണ്ടുല്‍ക്കര്‍.