തിരുവനന്തപുരം: രഞ്ജി ട്രോഫിയില്‍ ആരാധകര്‍ മുഴുവന്‍ കേരള ടീം ക്യാപ്റ്റനും വിക്കറ്റ് കീപ്പറുമായ സഞ്ജു സാംസണിന്റെ പിറകെ പായുമ്പോള്‍ അവഗണിക്കപ്പെടുന്നത് ടീമിന്റെ യഥാര്‍ഥ ഹീറോയായ സച്ചിന്‍ ബേബിയാണ്. റണ്‍സ് വാരിക്കൂട്ടി കേരളത്തിന്റെ യഥാര്‍ഥ റണ്‍ മെഷീനായി മാറിയിരിക്കുന്ന അദ്ദേഹത്തിനു വേണ്ടത്ര അംഗീകാരമോ, അഭിനന്ദനമോ പോലും ലഭിക്കുന്നില്ലെന്നതാണ് നിരാശാജനകമായ കാര്യം.
ബാറ്റിങില്‍ സഞ്ജുവിന്റെ പ്രകടനം ശരാശരിയിലേക്കു ഒതുങ്ങിയപ്പോള്‍ സച്ചിന്‍ കളിച്ച മല്‍സരങ്ങളിലെല്ലാം ടീമിനായി റണ്‍സ് വാരിക്കൂട്ടുകയാണ്. ഇന്ത്യന്‍ ടെസ്റ്റ് ടീമിലേക്കു സഞ്ജുവിനെ വിളിക്കണമെന്നു ആരാധകര്‍ മുറവിളി കൂട്ടുമ്പോള്‍ അതിനേക്കാള്‍ സ്ഥാനമര്‍ഹിക്കുന്നത് സച്ചിനാണെന്നു പറയേണ്ടിവരും.

ശക്തരായ ബംഗാളിനെതിരേ ഇപ്പോള്‍ സെന്റ് സേവിയേഴ്‌സ് കോളേജ് ഗ്രൗണ്ടില്‍ നടക്കുന്ന ഗ്രൂപ്പ് ബി മല്‍സരത്തിലും കേരള ഇന്നിങ്‌സിലെ നെടുംതൂണായത് സച്ചിനാണെന്നു കാണാം. കേരളത്തിനു വേണ്ടി തകര്‍പ്പന്‍ സെഞ്ച്വറി കുറിച്ചാണ് അദ്ദേഹം ക്രീസ് വിട്ടത്. 124 റണ്‍സാണ് നാലാം നമ്പറില്‍ ഇറങ്ങിയ സച്ചിന്‍ സ്‌കോര്‍ ചെയ്തത്. 261 ബോളുകള്‍ നേരിട്ട താരം 12 ഫോറും ഒരു സിക്‌സറുമടിച്ചു. സഞ്ജുവാകട്ടെ ബാറ്റിങില്‍ വന്‍ ദുരന്തവുമായി മാറി. 17 ബോളുകള്‍ നേരിട്ട അദ്ദേഹം എട്ടു റണ്‍സ് മാത്രമെടുത്ത് ക്രീസ് വിടുകയായിരുന്നു.
ഈ സീസണിലെ രഞ്ജി ട്രോഫിയില്‍ മല്‍സരങ്ങള്‍ ആറാം റൗണ്ടിലേക്കു കടന്നപ്പോള്‍ റണ്‍വേട്ടക്കാരില്‍ സച്ചിന്‍ രണ്ടാംസ്ഥാനത്തുണ്ടെന്നതാണ് ഏറ്റവും ശ്രദ്ധേയമായ കാര്യം. സൗരാഷ്ട്രയ്ക്കായി കളിക്കുന്ന ഇന്ത്യയുടെ മുന്‍ ടെസ്റ്റ് സ്‌പെഷ്യലിസ്റ്റായ ചേതേശ്വര്‍ പുജാരയെപ്പോലും പിന്തള്ളിയാണ് സച്ചിന്‍ ഈ നേട്ടത്തിലെത്തിയിരിക്കുന്നത്. ആറു മല്‍സരങ്ങളിലായി 10 ഇന്നിങ്‌സുകളിലാണ് അദ്ദേഹം ബാറ്റ് ചെയ്തത്. ഇവയില്‍ നിന്നും 83.25 ശരാശരിയില്‍ 666 റണ്‍സ് വാരിക്കൂട്ടുകയും ചെയ്തു.
മൂന്നു വീതം സെഞ്ച്വറികളും ഫിഫ്റ്റികളുമടക്കാണ് സച്ചിന്‍ കേരളത്തിനു വേണ്ടി ഇത്രയുമധികം റണ്‍സ് സ്‌കോര്‍ ചെയ്തിട്ടുള്ളത്. ഒരു കളിയില്‍പ്പോലും അദ്ദേഹം ഡെക്കായിട്ടുമില്ലെന്നതും എടുത്തു പറയേണ്ടതാണ്. സച്ചിന്റെ ഉയര്‍ന്ന സ്‌കോര്‍ 131 റണ്‍സാണ്. ബംഗാളിനെതിരേയുള്ള സെഞ്ച്വറിയാണ് റണ്‍വേട്ടയില്‍ പുജാരയെ മൂന്നാംസ്ഥാനത്തേക്കു പിന്തള്ളാന്‍ സച്ചിന്‍ ബേബിയെ സഹായിച്ചത്.

ആറു മല്‍സരങ്ങളില്‍ നിന്നും രണ്ടു വീതം സെഞ്ച്വറിയും ഫിഫ്റ്റിയുമടക്കം പുജാര നേടിയത് 648 റണ്‍സാണ്. സീസണില്‍ ഏറ്റവുമധികം റണ്‍സുമായി തലപ്പത്തുള്ളത് തമിഴ്‌നാട് താരം എന്‍ ജഗദീശനാണ്. ആറു മല്‍സരങ്ങളില്‍ നിന്നും 719 റണ്‍സ് അദ്ദേഹം അടിച്ചെടുത്തു കഴിഞ്ഞു. രണ്ടു സെഞ്ച്വറികളും ഒരു ഫിഫ്റ്റിയുമടക്കമാണിത്.
സച്ചിനുമായി താരതമ്യം ചെയ്യുമ്പോള്‍ ബാറ്റിങില്‍ ഏഴയലത്തു പോലും സഞ്ജുവിനെ നമുക്കു കാണാന്‍ സാധിക്കില്ല. നാലു മല്‍സരങ്ങളിലാണ് അദ്ദേഹം കേരളത്തിനായി ഇത്തവണ കളിച്ചത്. ഇവയില്‍ നിന്നും 35.40 ശരാശരിയില്‍ 177 റണ്‍സ് മാത്രമാണ് ക്യാപ്റ്റന്‍ കൂടിയായ സഞ്ജുവിന്റെ സമ്പാദ്യം. കളിച്ച ആറു ഇന്നിങ്‌സുകളില്‍ ഒരേയൊരു ഫിഫ്റ്റി മാത്രമാണ് അദ്ദേഹത്തിന്റെ പേരിലുള്ളത്. 57 റണ്‍സാണ് ഉയര്‍ന്ന സ്‌കോര്‍.
ഫസ്റ്റ് ക്ലാസ് ക്രിക്കറ്റില്‍ മികച്ച റെക്കോര്‍ഡുള്ള താരമാണ് സച്ചിന്‍ ബേബി. പക്ഷെ ഒരിക്കല്‍പ്പോലും ഇന്ത്യക്കു വേണ്ടി കളിക്കാന്‍ അദ്ദേഹത്തിനു അവസരം ലഭിച്ചിട്ടില്ല. ഇടംകൈയന്‍ ബാറ്ററായ സച്ചിന്‍ 88 ഫസ്റ്റ് ക്ലാസ് മല്‍സരങ്ങളാണ് ഇതിനകം കളിച്ചത്. ഇവയില്‍ നിന്നും 38.92 ശരാശരിയില്‍ 4943 റണ്‍സും സ്‌കോര്‍ ചെയ്തു. 12 സെഞ്ച്വറികളും 23 ഫിഫ്റ്റികളും ഇതിലുള്‍പ്പെടും. പുറത്താവാതെ 250 റണ്‍സെടുത്തതാണ് 35 കാരനായ സച്ചിന്റെ ഏറ്റവും മികച്ച പ്രകടനം.