രഞ്ജി ട്രോഫിയുടെ രണ്ടാം റൗണ്ടിനുള്ള ഡല്‍ഹി ടീമില്‍ സ്റ്റാര്‍ ബാറ്റര്‍ വിരാട് കോലിയെയും വിക്കറ്റ് കീപ്പര്‍ റിഷഭ് പന്തിനെയും ഉള്‍പ്പെടുത്തിയതോടെ ക്രിക്കറ്റ് പ്രേമികള്‍ വലിയ ആവേശത്തിലാണ്. സൗരാഷ്ട്രയ്‌ക്കെതിരായ മല്‍സരത്തിനുളള ഡല്‍ഹിയുടെ സാധ്യതാ ടീമിലാണ് രണ്ടു പേരും ഇടം നേടിയത്. ടെസ്റ്റ് ക്രിക്കറ്റില്‍ സമീപകാലത്തെ ഇന്ത്യന്‍ ടീമിന്റെ മോശം പ്രകടനം പരിഗണിച്ച് മുഴുവന്‍ താരങ്ങളോടു അന്താരാഷ്ട്ര മല്‍സരങ്ങളില്ലാത്തപ്പോള്‍ രഞ്ജിയില്‍ കളിക്കാന്‍ ബിസിസിഐ ആവശ്യപ്പെട്ടിരുന്നു,
ഇതിന്റെ ഭാഗമായിട്ടാണ് വര്‍ഷങ്ങളുടെ ഇടവേളയ്ക്കു ശേഷം കോലിയും ടെസ്റ്റ് ക്യാപ്റ്റന്‍ രോഹിത് ശര്‍മയുമെല്ലാം രഞ്ജിയില്‍ മടങ്ങിയെത്തിയിരിക്കുന്നത്. ജമ്മു കാശ്മീരുമായുള്ള കളിയില്‍ മുംബൈയ്ക്കായി കളിച്ചേക്കുമെന്നു രോഹിത് സൂചന നല്‍കിക്കഴിഞ്ഞു. മാത്രമല്ല, മുംബൈ ടീമിനൊപ്പം അദ്ദേഹം പരിശീലനവും തുടങ്ങിയിട്ടുണ്ട്. യുവ ഓപ്പണര്‍ യശസ്വി ജയ്‌സ്വാളും ഈ മല്‍സരത്തില്‍ മുംബൈയ്ക്കായി കളിച്ചേക്കുമെന്നാണ് വിവരം.
13 വര്‍ഷങ്ങള്‍ക്കു ശേഷമാണ് രഞ്ജിയിലേക്കു കോലി തിരിച്ചെത്തിയത്. ഇതിനു മുമ്പ് 2012 നവംബറില്‍ ഉത്തര്‍പ്രദേശുമായുള്ള കളിയിലാണ് അദ്ദേഹം അവസാനമായി രഞ്ജിയില്‍ ഇറങ്ങിയത്. അതിനു ശേഷം എന്‍കെപി സാല്‍വെ ട്രോഫിയിലും ഡല്‍ഹിക്കായി 2013ല്‍ കോലി കളിച്ചിട്ടുണ്ട്. അന്നു ഇന്ത്യന്‍ ടീമിന്റെ വൈസ് ക്യാപ്റ്റന്‍ കൂടിയായിരുന്നു അദ്ദേഹം. ഇത്തവണ സൗരാഷ്ട്രയ്‌ക്കെതിരേ കോലിയുള്‍പ്പെടുന്ന ഡല്‍ഹി പ്ലെയിങ് ഇലവന്‍ എങ്ങനെയാവുമെന്നു നമുക്കു നോക്കാം.

ഡല്‍ഹി ക്യാപ്റ്റന്‍
രഞ്ജി ട്രോഫിയില്‍ സൗരാഷ്ട്രയുമായുള്ള മല്‍സരത്തില്‍ ഡല്‍ഹി ടീമിനെ നയിച്ചേക്കുക വിരാട് കോലിയായിരിക്കും. നേരത്തേ യുവ ഓള്‍റൗണ്ടര്‍ ആയുഷ് ബദോനിയായിരുന്നു ആദ്യ റൗണ്ട് മല്‍സരങ്ങളില്‍ ഡല്‍ഹിയുടെ ക്യാപ്റ്റന്‍.
ഹിമ്മത്ത് സിങിനു പകരമാണ് അദ്ദേഹം ഈ റോള്‍ ഏറ്റെടുത്തത്. എന്നാല്‍ കോലി അടുത്ത മല്‍സരത്തില്‍ കളിക്കാന്‍ തീരുമാനിച്ചാല്‍ ബദോനിക്കു നായകസ്ഥാനം വിട്ടു കൊടുക്കേണ്ടതായി വരും. കോലി ടീമിനെ നയിക്കുമ്പോള്‍ വൈസ് ക്യാപ്റ്റന്റെ ചുമതലയായിരിക്കും ബദോനിക്ക്.
ഹിമ്മത്ത് സിങ്, ഇന്ത്യയുടെ മുന്‍ അണ്ടര്‍ 19 ലോകകപ്പ് വിന്നിങ് ക്യാപ്റ്റന്‍ യഷ് ദൂള്‍, അനൂജ് റാവത്ത് എന്നിവരാണ് ഡല്‍ഹിയുടെ പ്ലെയിങ് ഇലവനില്‍ സ്ഥാനമുറപ്പുള്ള ചില താരങ്ങള്‍. വിക്കറ്റ് കീപ്പറുടെ ചുമതല റിഷഭ് പന്തിനായിരിക്കും. കോലിക്കൊപ്പം അദ്ദേഹത്തിന്റെയും സാന്നിധ്യം ഡല്‍ഹിയെ കൂടുതല്‍ കരുത്തരാക്കി മാറ്റും.
സൗരാഷ്ട്രയ്‌ക്കെതിരേ താന്‍ തീര്‍ച്ചയായും കളിക്കുമെന്നു റിഷഭ് അറിയിച്ചു കഴിഞ്ഞു. 2017-18ലായിരുന്നു താരം അവസാനമായി രഞ്ജിയില്‍ കളിച്ചത്. അന്നു ടീമിന്റെ ക്യാപ്റ്റന്‍ കൂടിയായിരുന്നു റിഷഭ്. അദ്ദേഹത്തിനു കീഴില്‍ ഡല്‍ഹി ഫൈനലിലെത്തിയെങ്കിലും വിദര്‍ഭയോടു തോല്‍ക്കുകയായിരുന്നു.

ഇഷാന്തില്ല
ഇന്ത്യയുടെ മുന്‍ ഫാസ്റ്റ് ബൗളറും ഏറെ പരിചയസമ്പത്തുള്ള താരവുമായ ഇഷാന്ത് ശര്‍മയുടെ സേവനം ഡല്‍ഹിക്കു ലഭിക്കില്ല. ഡല്‍ഹിക്കു വേണ്ടി റെഡ് ബോള്‍ ക്രിക്കറ്റില്‍ ഇപ്പോള്‍ താന്‍ കളിക്കില്ലെന്നു അദ്ദേഹം അറിയിച്ചു കഴിഞ്ഞു. 2022നു ശേഷം ഇന്ത്യന്‍ ടീമിനായി ടെസ്റ്റില്‍ ഇഷാന്ത് കളിച്ചിട്ടില്ല. അദ്ദേഹത്തിന്റെ അന്താരാഷ്ട്ര കരിയറും അവസാനിച്ചു കഴിഞ്ഞു.
ഇഷാന്തിന്റെ അഭാവത്തില്‍ ഡല്‍ഹിയുടെ പേസാക്രമണത്തിനു ചുക്കാന്‍ പിടിക്കുക സിമര്‍ജീത്ത് സിങായിരിക്കും. നേരത്തേ ഐപിഎല്ലില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സിനായി ചില മികച്ച പ്രകടനങ്ങള്‍ നടത്തി ശ്രദ്ധിക്കപ്പെട്ടിട്ടുള്ള താരം കൂടിയാണ് അദ്ദേഹം.
ഡല്‍ഹിയുടെ സാധ്യതാ പ്ലെയിങ് 11
വിരാട് കോലി (ക്യാപ്റ്റന്‍), ആയുഷ് ബദോനി (വൈസ് ക്യാപ്റ്റന്‍), യഷ് ദൂള്‍, ഹിമ്മത്ത് സിങ്, റിഷഭ് പന്ത് (വിക്കറ്റ് കീപ്പര്‍), അനൂജ് റാവത്ത്, മായങ്ക് ഗുസെയ്ന്‍, സുമിത് മാത്തൂര്‍, മോണി ഗ്രെവാള്‍, സിമര്‍ജീത്ത് സിങ്, സിദ്ധാന്ത് ശര്‍മ.