അഹമ്മദാബാദ്: 74 വര്‍ഷങ്ങള്‍ നീണ്ട കാത്തിരിപ്പിനൊടുവില്‍ ആദ്യമായി രഞ്ജി ട്രോഫിയുടെ ഫൈനലിലേക്കു ടിക്കറ്റെടുത്ത് ചരിത്രം കുറിച്ചിരിക്കുകയാണ് കേരളാ ക്രിക്കറ്റ് ടീം. മുന്‍ ചാംപ്യന്‍മാരായ ഗുജറാത്തിനെ സെമി ഫൈനലില്‍ വീഴ്ത്തിയാണ് സച്ചിന്‍ ബേബി നയിച്ച കേരളാ ടീം കപ്പിന് കൈയെത്തുംദൂരത്തു എത്തിയിരിക്കുകയാണ്. ഗുജറാത്തുമായുള്ള പേരാട്ടം സമനിലയില്‍ പിരഞ്ഞെങ്കിലും ഒന്നാമിന്നിങ്‌സിലെ രണ്ടു റണ്‍സിന്റെ നേരിയ ലീഡ് കേരളത്തിന് ഫൈനല്‍ ടിക്കറ്റ് സമ്മാനിക്കുകയായിരുന്നു.
പരിക്കു കാരണം സെമി ഫൈനലും ഫൈനലുമെല്ലാം നഷ്ടമായെങ്കിലും നായകനും വിക്കറ്റ് കീപ്പറുമായ സഞ്ജു സാംസണിനും ഈ നേട്ടത്തില്‍ നിര്‍ണായക പങ്കുണ്ടെന്നു ചൂണ്ടിക്കാണിച്ചിരുക്കുകയാണ് സെമിയിലെ ഹീറോ മുഹമ്മദ് അസ്ഹറുദ്ദീന്‍. സെമിയില്‍ പ്ലെയര്‍ ഓഫ് ദി മാച്ച് പുരസ്‌കാരം ഏറ്റുവാങ്ങിയ ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം.
26 മുതല്‍ നടക്കാനിരിക്കുന്ന കലാശപ്പോരില്‍ വിദര്‍ഭയാണ് കേരളാ ടീമിന്റെ എതിരാളികള്‍. നാഗ്പൂരില്‍ നടന്ന മറ്റൊരു സെമിയില്‍ അജിങ്ക്യ രഹാനെ നയിച്ച മുംബൈയെ 80 റണ്‍സിനു തകര്‍ത്താണ് വിദര്‍ഭ ഫൈനലില്‍ കടന്നിരിക്കുന്നത്.

സഞ്ജുവിന്റെ പ്രചോദനം
ഗുജറാത്തുമായുള്ള സെമി ഫൈനലില്‍ കേരളാ ടിമിന്റെ ഭാഗമായിരുന്നില്ലെങ്കിലും സഞ്ജു സാംസണിന്റെ പ്രചോദനം തങ്ങള്‍ക്കു ആത്മവിശ്വാസം നല്‍കിയതായാണ് മുഹമ്മദ് അസ്ഹറുദ്ദീന്‍ പറയുന്നത്. ഈയൊരു നിമിഷത്തില്‍ ഞാന്‍ സഞ്ജു സാംസണിനു നന്ദി പറയാന്‍ ആഗ്രഹിക്കുകയാണ്.
പരിക്കു കാരണം അദ്ദേഹത്തിനു ഞങ്ങളോടൊപ്പം ചേരാന്‍ കഴിഞ്ഞില്ല. സഞ്ജു ഞങ്ങളുടെ കുടുംബത്തിന്റെ ഭാഗം തന്നെയാണ്. കഴിഞ്ഞ ദിവസം ടീമിന്റെ മനോവീര്യം അല്‍പ്പം കുറഞ്ഞപ്പോള്‍ അദ്ദേഹം പ്രോല്‍സാഹിപ്പിച്ചു കൊണ്ടിരുന്നതായും അസ്ഹര്‍ വെളിപ്പെടുത്തി.
അതേസമയം, അസ്ഹറിന്റെ ഗംഭീര ഇന്നിങ്‌സാണ് ഗുജറാത്തിനെതിരേ കേരളത്തെ വലിയ സ്‌കോറിലെത്താന്‍ സഹായിച്ചത്. ഒന്നാമിന്നിങ്‌സില്‍ കേരളം 457 റണ്‍സ് അടിച്ചെടുത്തപ്പോള്‍ ഇതില്‍ 177 റണ്‍സും അസ്ഹറിന്റെ ബാറ്റില്‍ നിന്നായിരുന്നു.
ആറാമായി ക്രീസിലെത്തിയ അദ്ദേഹം 341 ബോളില്‍ 20 ഫോറും ഒരു സിക്‌സറുമടിച്ചു. കേരളത്തിന്റെ ഒന്നാമിന്നിങ്‌സ് ടോട്ടലിലേക്കു ബാറ്റ് വീശിയ ഗുജറാത്ത് അഞ്ചാംദിനം രാവിലെ 455 റണ്‍സിനു ഓള്‍ഔട്ടായി.
രണ്ടു റണ്‍സിന്റെ നേരിയ ലീഡുമായി വീണ്ടും ബാറ്റിങിനു ഇറങ്ങിയ കേരളം രണ്ടാമിന്നിങ്‌സില്‍ നാലു വിക്കറ്റിനു 114 റണ്‍സെടുത്തു നില്‍ക്കെ കളി സമനിലയില്‍ കലാശിക്കുകയായിരുന്നു. എന്നാല്‍ ഒന്നാമിന്നിങ്‌സിലെ രണ്ടു റണ്‍സ് ലീജ് കേരളത്തെ ചരിത്രത്തിലാദ്യമായി ഫൈനലിലെത്തിക്കുകയും ചെയ്തു.

പ്രശംസിച്ച് സഞ്ജു
രഞ്ജി ട്രോഫിയില്‍ ചരിത്രം നേട്ടം കുറിച്ച കേരളാ ടീമിനെ സഞ്ജു സാംസണ്‍ അഭിനന്ദിച്ചിരക്കുകയാണ്. ഇന്‍സ്റ്റഗ്രാം സ്റ്റോറിയിലാണ് അദ്ദേഹം കേരളത്തെ പ്രശംസിച്ച് പോസ്റ്റിട്ടിരിക്കുന്നത്.
എന്തൊരു നിമിഷമാണിത്. ഇതു സംഭവിച്ചത് കാണുമ്പോള്‍ വളരെയധികം സന്തോഷമുണ്ട്. 10 വര്‍ഷങ്ങള്‍ക്കു മുമ്പ് നമ്മളെല്ലാം ഒരുമിച്ച് വിശ്വസിച്ച ആ സ്വപ്‌നം ഒരു പടി മാത്രം അകലെയാണ്. ബോസയ്‌സ്, ഇതു നമ്മളുടേതാണ്, അതു നേടിയെടുക്കൂ... കേരളാ ക്രിക്കറ്റി എന്നാണ് ഫൈനല്‍ യോഗ്യതയ്ക്കു ശേഷമുള്ള കേരളാ ടീമിന്റെ ആഹ്ലാദപ്രകടനത്തിന്റെ ഫോട്ടോയ്‌ക്കൊപ്പം സഞ്ജു കുറിച്ചത്.
അതേസമയം, ഇംഗ്ലണ്ടുമായുളള മൂന്നു മല്‍സരങ്ങളുടെ ഏകദിന പരമ്പരയിലെ അവസാന കളിക്കിടെയാണ് സഞ്ജുവിനു പരിക്കേറ്റത്. ജോഫ്ര ആര്‍ച്ചര്‍ക്കെതിരേ ബാറ്റ് ചെയ്യവെ അദ്ദേഹത്തിന്റെ കൈവിരലിനു പൊട്ടലേറ്റത്. തുടര്‍ന്നു ശസ്ത്രക്രിയക്കു വിധേയനായ താരം വിശ്രമത്തിലാണ്. അടുത്ത മാസമാരംഭിക്കുന്ന ഐപിഎല്ലില്‍ രാജസ്ഥാന്‍ റോയല്‍സിനെ നയിച്ചാവും സഞ്ജു കളിക്കളത്തിലേക്കു മടങ്ങിയെത്തുക.