ആളൂര്‍: ഇന്ത്യന്‍ ക്രിക്കറ്റ് ടീമിനൊപ്പം സമീപകാലത്തായി ഗംഭീര പ്രകടനമാണ് സഞ്ജു സാംസണ്‍ കാഴ്ചവെക്കുന്നത്. ലഭിക്കുന്ന അവസരങ്ങളെയെല്ലാം മുതലാക്കി തകര്‍പ്പന്‍ പ്രകടനം നടത്താന്‍ സഞ്ജുവിന് സാധിക്കുന്നുണ്ട്. പരിശീലകന്‍ ഗൗതം ഗംഭീര്‍ സഞ്ജുവിന് തന്റെ ശൈലിയില്‍ കളിക്കാനുള്ള പൂര്‍ണ്ണ സ്വാതന്ത്ര്യം നല്‍കുകയാണ്. ഇത് താരത്തിന്റെ കരിയറില്‍ വലിയ വഴിത്തിരിവ് ഉണ്ടാക്കിയിരിക്കുകയാണ്. ബംഗ്ലാദേശിനെതിരേ തകര്‍പ്പന്‍ സെഞ്ച്വറിയടക്കം നേടാന്‍ സഞ്ജുവിന് സാധിച്ചിരിക്കുകയാണ്.
എന്നാല്‍ സഞ്ജു ഇപ്പോള്‍ ലക്ഷ്യംവെക്കുന്നത് ഇന്ത്യയുടെ ടെസ്റ്റ് ടീമില്‍ കളിക്കുകയെന്നതാണ്. ഇന്ത്യക്കായി ടെസ്റ്റ് കളിക്കാന്‍ അവസരം ലഭിച്ചേക്കുമെന്ന സൂചന ഗംഭീറും നായകന്‍ രോഹിത് ശര്‍മയും നല്‍കിയെന്നാണ് സഞ്ജുതന്നെ തുറന്ന് പറഞ്ഞത്. ഇപ്പോള്‍ രഞ്ജി ട്രോഫിയില്‍ കേരളത്തിനൊപ്പം കളിക്കുകയാണ് സഞ്ജു സാംസണ്‍. കര്‍ണാടകയ്‌ക്കെതിരായ കേരളത്തിന്റെ മത്സരം നാലാം ദിനത്തിലേക്ക് കടക്കുമ്പോള്‍ 15 റണ്‍സോടെ സഞ്ജു ക്രീസിലുണ്ട്.
മഴ മത്സരത്തിന്റെ മൂന്ന് ദിവസത്തേയും ബാധിച്ചിരുന്നു. നാലാം ദിനത്തിലേക്ക് കടക്കവെ സഞ്ജു സാംസണിന് മുന്നില്‍ വലിയ പ്രതീക്ഷയാണ്. സെഞ്ച്വറി പ്രകടനത്തിലേക്ക് സഞ്ജുവിന് എത്താനായാല്‍ അദ്ദേഹത്തിന്റെ കരിയര്‍ മാറി മറിയാന്‍ സാധ്യതയുണ്ട്. എങ്ങനെയാണെന്ന് നോക്കാം.
ഇന്ത്യ എ ടീമിലേക്ക് വിളി ലഭിച്ചേക്കും
നിലവില്‍ ഇന്ത്യയുടെ ടെസ്റ്റ് ടീമിലേക്കെത്തുകയെന്നത് സഞ്ജുവിനെ സംബന്ധിച്ച് വളരെ പ്രയാസമാണെന്നതാണ് വസ്തുത. ടെസ്റ്റില്‍ വിക്കറ്റ് കീപ്പര്‍ റോളില്‍ റിഷഭ് പന്ത് മികച്ച് നില്‍ക്കുമ്പോള്‍ ആ സ്ഥാനത്തേക്ക് ആര്‍ക്കും എത്താനാവില്ല. രണ്ടാമനായി ദ്രുവ് ജുറേല്‍ ഭേദപ്പെട്ട പ്രകടനം നടത്തുന്നു. ജുറേലിനെക്കാള്‍ സീനിയറായ സഞ്ജു ടെസ്റ്റിലേക്കെത്തണമെങ്കില്‍ ഇഷാന്‍ കിഷന്‍ എന്ന വെല്ലുവിളിയെക്കൂടി മറികടക്കേണ്ടതായുണ്ട്.
ബുച്ചി ബാബു ടൂര്‍ണമെന്റ്, ദുലീപ് ട്രോഫി, രഞ്ജി ട്രോഫി എന്നിവയിലെല്ലാം ഇഷാന്‍ കിഷന്‍ സെഞ്ച്വറി നേടിയിട്ടുണ്ട്. എന്നാല്‍ ടീം മാനേജ്‌മെന്റ് ഇഷാനില്‍ വലിയ താല്‍പര്യം കാട്ടുന്നില്ല. നിലവില്‍ കരാറിന് പുറത്തുള്ള ഇഷാനെക്കാള്‍ ടീം മാനേജ്‌മെന്റിന്റെ പിന്തുണ സഞ്ജുവിനുണ്ട്. അതുകൊണ്ടുതന്നെ സഞ്ജുവിന് രഞ്ജി ട്രോഫിയില്‍ സെഞ്ച്വറി നേടാനായാല്‍ ഇന്ത്യ എ ടീമില്‍ ഇഷാനെ മറികടന്ന് ഇടം നേടാനായേക്കും. ഇതോടെ ഓസീസ് പര്യടനത്തിലും പങ്കെടുക്കാന്‍ സഞ്ജുവിന് അവസരം ലഭിച്ചേക്കും.

സഞ്ജുവിന്റെ തുടക്കം ഗംഭീരം
സഞ്ജു സാംസണിന് നല്ല തുടക്കമാണ് ഇപ്പോള്‍ ലഭിച്ചിരിക്കുന്നത്. 13 പന്തില്‍ 15 റണ്‍സോടെയാണ് സഞ്ജു ക്രീസില്‍ തുടരുന്നത്. നാലാം പന്തില്‍ സിക്‌സറോടെ അക്കൗണ്ട് തുറന്ന സഞ്ജു പിന്നീട് രണ്ട് ബൗണ്ടറിയും നേടി. ആക്രമിച്ച് കളിച്ച് റണ്‍സുയര്‍ത്താനാണ് സഞ്ജു ശ്രമിക്കുന്നത്. ഇന്ത്യന്‍ ടീം ഇപ്പോള്‍ ആവശ്യപ്പെടുന്നതും ഇത്തരമൊരു പ്രകടനമാണെന്ന് പറയാം. ഇന്ത്യ ടെസ്റ്റ് ടീമിലേക്ക് കൂടുതല്‍ ആക്രമിച്ച് കളിക്കുന്ന താരങ്ങളെ കൊണ്ടുവരാന്‍ ശ്രമിക്കുകയാണ്.
നിലവിലെ ടീമിന്റെ പദ്ധതികള്‍ സഞ്ജുവിന് അനുകൂലമാണെന്ന് പറയാം. എന്നാല്‍ ഇത് മുതലാക്കി കളിക്കാന്‍ അദ്ദേഹത്തിന് സാധിക്കണം. വലിയ സ്‌കോര്‍ നേടാന്‍ സഞ്ജുവിന് സാധിക്കേണ്ടതായുണ്ട്. അല്ലാത്ത പക്ഷം മുന്നിലെത്തിയ സൗഭാഗ്യം നഷ്ടമായേക്കും. ഇന്ത്യ എ ടീമില്‍ ഇടം നേടി ഓസ്‌ട്രേലിയയില്‍ പ്രധാന വിക്കറ്റ് കീപ്പറായി കളിക്കാനായാല്‍ സഞ്ജുവിന്റെ ടെസ്റ്റ് കരിയറില്‍ അത് വളരെ ഗുണം ചെയ്‌തേക്കും. അതുകൊണ്ടുതന്നെ സഞ്ജുവിന് രഞ്ജി ട്രോഫിയില്‍ സെഞ്ച്വറി നേടേണ്ടത് അത്യാവശ്യമാണെന്ന് പറയാം.
രാഹുലിന് പകരം സഞ്ജുവരണമെന്ന് ആരാധകര്‍
ഇന്ത്യയുടെ ടെസ്റ്റ് ടീമിനൊപ്പം നിരാശപ്പെടുത്തുന്ന പ്രകടനം കാഴ്ചവെക്കുകയാണ് കെ എല്‍ രാഹുല്‍. നിലവിലെ ഇന്ത്യയുടെ പദ്ധതികളോട് ചേര്‍ന്ന് പോകാന്‍ രാഹുലിന് സാധിക്കുന്നില്ലെന്നതാണ് വസ്തുത. ഈ സാഹചര്യത്തില്‍ താരത്തെ പുറത്താക്കണമെന്ന ആവശ്യം ശക്തമാണ്. രാഹുലിന് പകരം സഞ്ജു സാംസണെ ഇന്ത്യ കളിപ്പിക്കണമെന്നാണ് ആരാധകര്‍ പറയുന്നത്. രഞ്ജിയില്‍ മികച്ച പ്രകടനം നടത്തിയാല്‍ സഞ്ജുവിനെ ഇന്ത്യ പരിഗണിക്കാനുള്ള സാധ്യതയുണ്ടെന്ന് തന്നെ പറയാം.