ഇന്ത്യന്‍ നായകന്‍ രോഹിത് ശര്‍മയ്ക്കു പിന്നാലെ ലോക ക്രിക്കറ്റിലെ പോസ്റ്റര്‍ ബോയ്‌സില്‍ ഒരാളായ വിരാട് കോലിയും രഞ്ജി ട്രോഫിയിലേക്കു വന്നതോടെ ടൂര്‍ണമെന്റിന്റെ ഗ്ലാമര്‍ വര്‍ധിച്ചിരിക്കുകയാണ്. 4,470 ദിവസങ്ങള്‍ക്കു ശേഷമാണ് അദ്ദേഹം വീണ്ടും ഡല്‍ഹിക്കായി ഒരു രഞ്ജി മല്‍സരം കളിക്കുന്നത്.
ഇതു ഡല്‍ഹി ആരാധകരെ ഏറെ ആവേശത്തിലാക്കുകയും ചെയ്യുന്നുണ്ട്. ഡല്‍ഹി ടീമിനൊപ്പം നെറ്റ്‌സില്‍ കോലി പരിശീലനം നടത്താനെത്തിയത് ടീമംഗങ്ങളെയും ത്രില്ലടിപ്പിക്കുക തന്നെ ചെയ്തു. ക്യാപ്റ്റന്‍ ആയുഷ് ബദോനിയടക്കം ടീമിലെ പല യുവതാരങ്ങളും തങ്ങളുടെ ആരാധനാപാത്രമായ കോലിക്കൊപ്പം കളിക്കാന്‍ പോവുന്നതിന്റെ സന്തോഷത്തിലായിരുന്നു.
രാവിലെ ഒമ്പതു മണിയോടെയാണ് ഡല്‍ഹിയിലെ ഫിറോസ് ഷാ കോട്‌ല സ്‌റ്റേഡിയത്തില്‍ അദ്ദേഹം ഡല്‍ഹി ടീമിനൊപ്പം ആദ്യ പരിശീലന സെഷനില്‍ പങ്കെടുത്തത്. 12 വര്‍ഷങ്ങള്‍ നീണ്ട ഇടവേളയ്‌ക്കൊടുവിലാണ് തന്റെ പഴയ കളരിയിലേക്കു കോലി മടങ്ങിയെത്തിയിരിക്കുന്നത്.

ബാറ്റിങ് പരിശീലനം
ഡല്‍ഹി ടീമിനൊപ്പം രാവിലെ തന്നെ വിരാട് കോലി ബാറ്റിങ് പരിശീലനം നടത്തിയിരുന്നു. അര മണിക്കൂറോളമാണ് ഡല്‍ഹി ടീമിലെ ബൗളര്‍മാര്‍ക്കെതിരേ അദ്ദേഹം ബാറ്റിങ് പരിശീലനത്തില്‍ ഏര്‍പ്പെട്ടതെന്നു റെവ്‌സ്‌പോര്‍ട്‌സ് (Revsportz) ആണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. മൂന്നു സ്പിന്നര്‍മാര്‍ക്കെതിരേയാണ് നെറ്റ്‌സില്‍ കോലി പ്രധാനമായും ബാറ്റിങ് പരിശീലനം നടത്തിയത്.
ഇടംകൈയന്‍മാരായ ഹര്‍ഷ് ത്യാഗി, സുമിത് മാത്തൂര്‍ എന്നിവരെക്കൂടാതെ വലംകൈയന്‍ സ്ലോ ബൗളറായ ശിവത്തിനെതിരേയും കോലി ബാറ്റിങ് പരിശീലനത്തിലേര്‍പ്പെട്ടു. ഇവരില്‍ സുമിത്തും ശിവവും അദ്ദേഹത്തിനു നെറ്റ്‌സില്‍ കാര്യമായ പ്രശ്‌നങ്ങള്‍ സൃഷ്ടിച്ചില്ല. തന്റെ ക്ലാസിക്കല്‍ പുള്‍ ഷോട്ടുകളും ബാക്ക് ഫൂട്ട് ഷോട്ടുകളുമെല്ലാം നെറ്റ്സില്‍ താരം പുറത്തെടുക്കുകയും ചെയ്തു. പക്ഷെ ത്യാഗിയെ നേരിടാന്‍ കോലി അല്‍പ്പമൊന്നു ബുദ്ധിമുട്ടിയെന്നാണ് പുറത്തുവരുന്ന വിവരം.
ഇടംകൈയന്‍ സ്പിന്നറായ ത്യാഗിയുടെ ബോളുകള്‍ അദ്ദേഹത്തിനു കുഴപ്പങ്ങള്‍ സൃഷ്ടിച്ചു. ഒന്നിലേറെ തവണ കോലി ബീറ്റ് ചെയ്യപ്പെടുകയും ചെയ്തു. ഇതു തീര്‍ച്ചയായും ശുഭസൂചനയല്ല. റെയില്‍വേസുമായുള്ള രഞ്ജി മല്‍സരം വ്യാഴാഴ്ചയാണ് തുടങ്ങാനിരിക്കുന്നത്. രഞ്ജിയിലേക്കുള്ള മടങ്ങിവരവ് ഗ്രാന്റാക്കി മാറ്റാന്‍ കോലിക്കു സാധിക്കുമോ, അതോടെ താരം ഫ്‌ളോപ്പാവുമോയെന്നാണ് ക്രിക്കറ്റ് ലോകം ഉറ്റുനോക്കുന്നത്.
ഫോം വീണ്ടെടുക്കണം
ഓസ്‌ട്രേലിയക്കെതിരായ കഴിഞ്ഞ ബോര്‍ഡര്‍ ഗവാസ്‌കര്‍ ട്രോഫി ടെസ്റ്റ് പരമ്പരയിലാണ് വിരാട് കോലി അവസാനമായി ഇന്ത്യക്കു വേണ്ടി കളിച്ചത്. പക്ഷെ അഞ്ചു ടെസ്റ്റുകളുടെ പരമ്പരയില്‍ പ്രതീക്ഷിച്ചതു പോലെയൊരു പ്രകടനം നടത്താന്‍ അദ്ദേഹത്തിനായില്ല. പെര്‍ത്തിലെ ആദ്യ ടെസ്റ്റിന്റെ രണ്ടാമിന്നിങ്‌സില്‍ സെഞ്ച്വറി (100*) നേടിയതൊഴിച്ചാല്‍ ബാക്കിയുള്ള ഇന്നിങ്‌സുകളിലെല്ലാം കോലി നിരാശപ്പെടുത്തി. ഒരു ഫിഫ്റ്റി പോലും ശേഷിച്ച ഇന്നിങ്‌സുകളില്‍ അദ്ദേഹത്തിനു നേടാനായില്ല.

മാത്രമല്ല ഒരേ രീതിയിലാണ് ഭൂരിഭാഗം ഇന്നിങ്‌സുകളിലും കോലി പുറത്തായത്. ഓഫ്സ്റ്റംപിന് പുറത്ത് നിരന്തരം പന്തെറിഞ്ഞ് ഓസീസ് ബൗളര്‍മാര്‍ അദ്ദേഹത്തെ കെണിയില്‍ കുരുക്കി. പരമ്പരയിലെ ഏഴിന്നിങ്‌സുകളിലും ഓഫ്‌സ്റ്റംപിന് പുറത്തേക്കു പോയ ബോളില്‍ എഡ്ജായി വിക്കറ്റിനു പിന്നില്‍ ക്യാച്ച് സമ്മാനിച്ചാണ് കോലി ക്രീസ് വിട്ടത്.
ദാദ- ധവാന്‍ ഓപ്പണിങ്, മൂന്നില്‍ ഗംഭീര്‍!! പിന്നാലെ യുവി; ഇന്ത്യന്‍ ഇടംകൈയന്‍മാരുടെ സൂപ്പര്‍ 11
ഇനി രഞ്ജിയില്‍ റെയില്‍വേസിന്റെ ബൗളര്‍മാരും ഇതേ തന്ത്രം തന്നെയായിരിക്കും അദ്ദേഹത്തിനെതിരേ പരീക്ഷിക്കുക. ചാംപ്യന്‍സ് ട്രോഫിയും അതിനു ശേഷം ഇംഗ്ലണ്ടുമായുള്ള അഞ്ചു ടെസ്റ്റുകളുടെ പരമ്പരയുമെല്ലാം വരാനിരിക്കുന്നതിനാല്‍ രഞ്ജിയില്‍ മികച്ച ഇന്നിങ്‌സുമായി കോലിക്കു ആത്മവിശ്വാസം വീണ്ടെടുത്തേ തീരൂ.