നാഗ്പൂര്‍: രഞ്ജി ട്രോഫിയുടെ ആവേശ ഫൈനലില്‍ കേരളം വിദര്‍ഭയെ നേരിടുകയാണ്. മുംബൈയെ തകര്‍ത്ത് ഫൈനലിലെത്തിയ ടീമാണ് വിദര്‍ഭ. അതേ സമയം ഗുജറാത്തിനെ വീഴ്ത്തിയാണ് കേരളം ചരിത്രത്തിലെ ആദ്യത്തെ ഫൈനല്‍ സീറ്റ് നേടിയത്. കന്നി കിരീടം സ്വപ്‌നം കണ്ടിറങ്ങുന്ന കേരളം വിദര്‍ഭക്കെതിരേ ആദ്യം പന്തെറിയുകയാണ്. ടോസ് നേടിയ കേരളം ആദ്യം പന്തെറിയാന്‍ തീരുമാനിക്കുകയായിരുന്നു. മികച്ച തുടക്കം പ്രതീക്ഷിച്ചിറങ്ങിയ വിദര്‍ഭക്ക് തട്ടകത്തില്‍ കാലിടറുന്നതാണ് കാണാനായത്.
വിദര്‍ഭയുടെ തട്ടകമാണ് നാഗ്പൂര്‍. കേരളം ഇത്തവണ ഫൈനലിലെത്താന്‍ പ്രധാന പങ്കുവഹിച്ചത് സ്പിന്നര്‍മാരുടെ പ്രകടനമാണ്. അതുകൊണ്ടുതന്നെ വിദര്‍ഭ ഫൈനലില്‍ പേസ് പിച്ചാണ് തയ്യാറാക്കിയിരിക്കുന്നത്. കേരളത്തിന്റെ സ്പിന്നര്‍മാരെ പൂട്ടുകയെന്ന ഉദ്ദേശത്തോടെയാണ് വിദര്‍ഭ ഇത്തരമൊരു പേസ് പിച്ച് തയ്യാറാക്കിയത്. എന്നാല്‍ വിദര്‍ഭയുടെ പേസ് പിച്ച് തന്ത്രം ടീമിന് തന്നെ തിരിച്ചടിയായി മാറിയിരിക്കുകയാണ്. വിദര്‍ഭയുടെ ടോപ് ഓഡറിനെ തുടക്കത്തിലേ തകര്‍ക്കാന്‍ കേരളത്തിന് സാധിച്ചു.
വിദര്‍ഭ 24ന് മൂന്ന്
ആദ്യം ബാറ്റ് ചെയ്യേണ്ടി വന്ന വിദര്‍ഭയുടെ ടോപ് ഓഡറിനെ കേരളത്തിന്റെ പേസര്‍മാര്‍ തകര്‍ക്കുകയായിരുന്നു. പേസ് പിച്ചൊരുക്കിയ വിദര്‍ഭ സ്വയം കുഴിച്ച കുഴിയില്‍ വീണുവെന്ന് തന്നെ പറയാം. പാര്‍ത്ഥ് രഖാദെയെ പുറത്താക്കി എംഡി നിധീഷാണ് വിദര്‍ഭക്ക് ആദ്യത്തെ പ്രഹരം ഏല്‍പ്പിച്ചത്. പാര്‍ത്ഥിനെ നിധീഷ് എല്‍ബിയില്‍ കുടുക്കുകയായിരുന്നു. മികച്ച ഫോമിലായിരുന്ന ദര്‍ശന്‍ നാല്‍ക്കണ്ഡെയേയും (1) നിധീഷ് മടക്കി അയച്ചു. ദ്രുവ് ഷോറെക്കും (16) വലിയ സ്‌കോറിലേക്ക് ഉയരാന്‍ സാധിക്കാതെ പോയി.
35 പന്ത് നേരിട്ട് മൂന്ന് ഫോറടക്കം നേടിയ ഷോറയെ ഏദന്‍ ആപ്പിള്‍ ടോമാണ് പുറത്താക്കിയത്. ഇതോടെ 3 വിക്കറ്റിന് 24 എന്ന നിലയിലേക്ക് വിദര്‍ഭ തകര്‍ന്നു. കേരളത്തിന്റെ ബൗളര്‍മാര്‍ തുടക്കത്തിലേ തന്നെ വിദര്‍ഭയെ ഞെട്ടിച്ചു. ഫൈനലില്‍ കേരളത്തേക്കാള്‍ ആധിപത്യം വിദര്‍ഭക്കാണെന്നാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്. എന്നാല്‍ കേരളത്തിന്റെ ബൗളര്‍മാരുടെ പ്രകടനം ടീമിന് പ്രതീക്ഷ നല്‍കുന്നതാണ്. ഒന്നിലധികം മാച്ച് വിന്നര്‍മാരുള്ളത് കേരളത്തിന്റെ വിജയ സാധ്യതകള്‍ ഉയര്‍ത്തുന്നതാണ്.

നാലാം വിക്കറ്റ് കൂട്ടുകെട്ടില്‍ വിദര്‍ഭയുടെ തിരിച്ചുവരവ്
തുടക്കത്തിലെ തകര്‍ച്ചക്ക് ശേഷം കേരളത്തിനെതിരേ ശക്തമായ തിരിച്ചുവരവ് നടത്താന്‍ വിദര്‍ഭക്ക് സാധിച്ചിരിക്കുകയാണ്. ദാനിഷ് മല്‍വാറും കരുണ്‍ നായരും തമ്മിലുള്ള സെഞ്ച്വറി കൂട്ടുകെട്ടാണ് വിദര്‍ഭക്ക് അടിത്തറ പാകുന്നത്. ഒടുവില്‍ വിവരം ലഭിക്കുമ്പോള്‍ ദാനിഷ് 74 റണ്‍സും കരുണ്‍ 36 റണ്‍സും നേടി ക്രീസിലുണ്ട്. ഈ കൂട്ടുകെട്ട് മുന്നോട്ട് പോയാല്‍ കേരളത്തിന് കാര്യങ്ങള്‍ എളുപ്പമാവില്ലെന്നുറപ്പാണ്. മധ്യ ഓവറുകളില്‍ കേരളം സ്പിന്നര്‍മാരെ ഉപയോഗിച്ചാണ് കളി പിടിച്ചിരുന്നത്.
എന്നാല്‍ വിദര്‍ഭയൊരുക്കിയ പേസ് പിച്ചില്‍ സ്പിന്നര്‍മാര്‍ക്ക് കാര്യമായ ആധിപത്യം കാട്ടാനാവുന്നില്ല. ഇത് വിദര്‍ഭ കാര്യമായി മുതലാക്കുകയും ചെയ്യുന്നുണ്ട്. വിദര്‍ഭയുടെ സ്‌കോര്‍ 300നുള്ളില്‍ ഒതുക്കാന്‍ കേരളത്തിന് സാധിക്കേണ്ടതായുണ്ട്. അല്ലാത്ത പക്ഷം കേരളത്തിന് കാര്യങ്ങള്‍ പ്രയാസമാവും. മികച്ച ഫോമിലുള്ള കരുണ്‍ നായര്‍ക്ക് കേരളത്തിന്റെ ബൗളര്‍മാരെ നേരിട്ട് വലിയ അനുഭവസമ്പത്ത് അവകാശപ്പെടാനാവും. ഇത് വിദര്‍ഭക്ക് ഗുണം ചെയ്യുന്നുണ്ട്. കരുണിന് വലിയ സ്‌കോറിലേക്കുയരാന്‍ സാധിക്കുമോയെന്നതാണ് കണ്ടറിയേണ്ടത്.