മുംബൈ: ഓസ്‌ട്രേലിയന്‍ പരമ്പരക്കുള്ള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചപ്പോള്‍ എല്ലാവരേയും ഞെട്ടിച്ചത് ഹര്‍ഷിത് റാണയെ ടീമിലേക്ക് പരിഗണിച്ചതാണ്. ഇതുവരെ ഇന്ത്യക്കായി അരങ്ങേറ്റം കുറിക്കാത്ത ഹര്‍ഷിത് റാണയെ ഇന്ത്യ ടീമിലെടുത്തത് പരിശീലകന്‍ ഗൗതം ഗംഭീറിന്റെ തീരുമാന പ്രകാരമാണെന്ന് ടീം തന്നെ വ്യക്തമാക്കിയിട്ടുണ്ട്. എന്നാല്‍ പല പ്രമുഖര്‍ക്കും ഈ തീരുമാനത്തോട് എതിര്‍പ്പുണ്ടായിരുന്നു. ഐപിഎല്ലില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന്റെ താരമാണ് ഡല്‍ഹിക്കാരനായ ഹര്‍ഷിത്.
അതുകൊണ്ടുതന്നെ ഹര്‍ഷിതിനെ ഇന്ത്യ ടെസ്റ്റിലേക്ക് പരിഗണിച്ചത് ഗംഭീറിന്റെ സ്വാര്‍ത്ഥ തീരുമാനമാണെന്നാണ് എതിരാളികള്‍ ആരോപിക്കുന്നത്. എന്നാല്‍ തനിക്ക് ടെസ്റ്റ് ടീമില്‍ കളിക്കാന്‍ അര്‍ഹതയുണ്ടെന്ന് തെളിയിച്ച് എല്ലാ വിമര്‍ശകരുടേയും വായടപ്പിച്ചിരിക്കുകയാണ് ഹര്‍ഷിത് റാണ. രഞ്ജി ട്രോഫിയില്‍ ഡല്‍ഹിക്കായി തകര്‍പ്പന്‍ പ്രകടനം നടത്തിയാണ് ഹര്‍ഷിത് റാണ കൈയടി നേടിയിരിക്കുന്നത്. ഓള്‍റൗണ്ട് ഷോയാണ് അദ്ദേഹം പുറത്തെടുത്തിരിക്കുന്നത്.
അഞ്ച് വിക്കറ്റും അര്‍ധ സെഞ്ച്വറിയും
ആസാമിനെതിരേ ടോസ് നേടി ആദ്യം പന്തെറിയാനെത്തിയ ഡല്‍ഹിക്കായി തകര്‍പ്പന്‍ പ്രകടനമാണ് ഹര്‍ഷിത് റാണ ബൗളിങ്ങില്‍ കാഴ്ചവെച്ചിരിക്കുന്നത്. അഞ്ച് വിക്കറ്റുകളോടെയാണ് അദ്ദേഹം കസറിയത്. 19.3 ഓവര്‍ പന്തെറിഞ്ഞ് മൂന്ന് മെയ്ഡനടക്കം 80 റണ്‍സ് വിട്ടുകൊടുത്താണ് ഹര്‍ഷിത് റാണയുടെ അഞ്ച് വിക്കറ്റ് പ്രകടനം. റിഷവ് ദാസ്, ശുഭം മണ്ടാല്‍, അഭിഷേക് തക്കൂറി, സ്വരൂപം പുര്‍ക്കായസ്ത, മ്രിന്‍മോയ് ദുത്ത എന്നിവരെയാണ് ഹര്‍ഷിത് പുറത്താക്കിയത്.
മികച്ച സ്വിങ്ങും മികച്ച ലൈനും ലെങ്തും കാത്ത് പന്തെറിയാന്‍ താരത്തിനായി. 140നോടടുത്ത് വേഗം കാത്ത് തുടര്‍ച്ചയായി പന്തെറിയാനും ഹര്‍ഷിതിന് സാധിച്ചു. ബാറ്റിങ്ങിനിറങ്ങിയപ്പോഴാണ് താരം ഞെട്ടിച്ചത്. അതിവേഗം റണ്‍സുയര്‍ത്താന്‍ ഹര്‍ഷിത് റാണക്ക് സാധിച്ചു. 78 പന്തില്‍ 59 റണ്‍സാണ് ഹര്‍ഷിത് റാണക്ക് നേടാനായത്. നാല് ഫോറും മൂന്ന് സിക്‌സും ഉള്‍പ്പെടെയാണ് ഹര്‍ഷിത് റാണ മിന്നിച്ചത്. ഇന്ത്യക്ക് മികച്ചൊരു ഓള്‍റൗണ്ടറായി ഹര്‍ഷിത്തിനെ വളര്‍ത്താന്‍ സാധിക്കുമെന്ന് തന്നെ പറയാം.

ഓസീസില്‍ മികവ് കാട്ടാനായേക്കും
ഓസ്‌ട്രേലിയയില്‍ അതിവേഗ പേസര്‍മാക്കും നന്നായി ഷോര്‍ട്ട് ബോള്‍ എറിയാന്‍ കഴിവുള്ള താരങ്ങള്‍ക്കുമാണ് കൂടുതല്‍ മികവ് കാട്ടാന്‍ സാധിക്കുക. എന്നാല്‍ ഹര്‍ഷിതിനെപ്പോലെ നല്ല സ്വിങ്ങുള്ള ലൈനും ലെങ്തും കാത്ത് പന്തെറിയുന്ന താരങ്ങള്‍ക്കും മികവ് കാട്ടാന്‍ സാധിച്ചേക്കും. എന്നാല്‍ ഹര്‍ഷിത്തിന് ഇന്ത്യയുടെ പ്ലേയിങ് 11ലെത്തുക പ്രയാസമാണെന്ന് പറയാം. ഇന്ത്യയുടെ പേസ് നിരയില്‍ ജസ്പ്രീത് ബുംറ, മുഹമ്മദ് സിറാജ്, ആകാശ് ദീപ് എന്നിവര്‍ക്കാവും പ്രധാന പരിഗണന.
ഇതിന് ശേഷം പ്രസിദ്ധ് കൃഷ്ണയുമുണ്ട്. ഇതിനെയെല്ലാം മറികടന്ന് ഹര്‍ഷിത് പ്ലേയിങ് 11ലേക്കെത്തുകയെന്നത് പ്രയാസമാണെന്നതാണ് വസ്തുത. എന്നാല്‍ ഗംഭീര്‍ പ്രത്രേ്യക താല്‍പര്യമെടുത്ത് ഹര്‍ഷിത് റാണയെ കളിപ്പിക്കുമോയെന്നതാണ് കണ്ടറിയേണ്ടത്. ഓസ്‌ട്രേലിയയില്‍ കളിച്ച് അനുഭവസമ്പത്തില്ലാത്ത താരമാണ് ഹര്‍ഷിത് റാണ. അതുകൊണ്ടുതന്നെ താരത്തിന് അവസരം ലഭിച്ചാല്‍ പ്രകടനം എങ്ങനെയാവുമെന്നതാണ് കണ്ടറിയേണ്ടത്.
ഇന്ത്യക്ക് വളരെ നിര്‍ണ്ണായകം
ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലില്‍ സീറ്റ് നേടാന്‍ ഇന്ത്യക്ക് ഓസ്‌ട്രേലിയന്‍ പരമ്പരയില്‍ മികവ് കാട്ടേണ്ടത് അത്യാവശ്യമാണ്. കുറഞ്ഞത് രണ്ട് മത്സരത്തിലെങ്കിലും ജയിക്കാനാവാത്ത പക്ഷം ഇന്ത്യ ഇത്തവണ ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലിലെത്താന്‍ സാധ്യത കുറവാണെന്ന് പറയാം. അതുകൊണ്ടുതന്നെ ഓസീസ് പരമ്പര വളരെ നിര്‍ണ്ണായകമാണ്.
കഴിഞ്ഞ രണ്ട് തവണയും ഇന്ത്യ ഓസ്‌ട്രേലിയയില്‍ പരമ്പര നേടിയിരുന്നു. എന്നാല്‍ ഇത്തവണ നേട്ടം ആവര്‍ത്തിക്കുക കടുപ്പമാണെന്നതാണ് വസ്തുത. എന്തായാലും ഗൗതം ഗംഭീറിന്റെ പരിശീലകനെന്ന നിലയിലെ ഭാവി തീരുമാനിക്കുന്നതില്‍ ഓസ്‌ട്രേലിയന്‍ പരമ്പര വളരെ നിര്‍ണ്ണായകമാണെന്ന് നിസംശയം പറയാം.