രഞ്ജി ട്രോഫി: കേരളത്തിന്റെ മോഹം തകര്‍ന്നു, വിദര്‍ഭക്ക് കിരീടം; ഫൈനല്‍ സമനിലയില്‍
നാഗ്പൂര്‍: വലിയ കാത്തിരിപ്പിനൊടുവില്‍ രഞ്ജി ട്രോഫിയുടെ ഫൈനല്‍ സീറ്റ് നേടിയെങ്കിലും കപ്പിലേക്കെത്താന്‍ കേരളത്തിന് ഭാഗ്യമുണ്ടായില്ല. വിദര്‍ഭക്കെതിരായ ഫൈനല്‍ പോരാട്ടം സമനിലയിലാണ് കലാശിച്ചത്. എന്നാല്‍ ആദ്യ ഇന്നിങ്‌സിലെ ലീഡിന്റെ കരുത്തില്‍ വിദര്‍ഭ മൂന്നാം തവണയും രഞ്ജി ട്രോഫി കിരീടത്തില്‍ മുത്തമിടുകയായിരുന്നു. കേരളത്തിന്റെ കന്നി രഞ്ജി ട്രോഫി കിരീടമെന്ന മോഹം ഇതോടെ തകര്‍ന്നു വീഴുകയും ചെയ്തു.
ആദ്യ ഇന്നിങ്‌സില്‍ ലീഡ് വഴങ്ങേണ്ടി വന്നതാണ് കേരളത്തിന്റെ പ്രതീക്ഷകള്‍ തകര്‍ത്തത്. ആദ്യം ബാറ്റ് ചെയ്ത വിദര്‍ഭയെ 379 എന്ന സ്‌കോറില്‍ ഒതുക്കാന്‍ കേരളത്തിനായി. വിദര്‍ഭയുടെ ടോപ് ഓഡറെ തുടക്കത്തിലേ മടക്കിയെങ്കിലും അവസരത്തിനൊത്തുയര്‍ന്ന മധ്യനിരയാണ് വിദര്‍ഭക്ക് കരുത്തായത്. പാര്‍ത്ത് രഖാദെ (0) ദ്രുവ് ഷോറെ (16) ദര്‍ശന്‍ നാല്‍ക്കണ്ഡെ (1) എന്നിവരെല്ലാം നിരാശപ്പെടുത്തി.
എന്നാല്‍ ഡാനിഷ് മലേവറിന്റെ (153) സെഞ്ച്വറി കേരളത്തിന്റെ കണക്കുകൂട്ടല്‍ തെറ്റിച്ചു. 285 പന്ത് നേരിട്ട് 15 ഫോറും മൂന്ന് സിക്‌സും ഉള്‍പ്പെടെയാണ് മലേവര്‍ ഞെട്ടിച്ചത്. കരുണ്‍ നായര്‍ 188 പന്തില്‍ എട്ട് ഫോറും ഒരു സിക്‌സുമടക്കം 86 റണ്‍സും നേടി. പിന്നീട് വലിയ പ്രകടനങ്ങള്‍ വരാതെ കേരളം തടുത്തതോടെ 379 എന്ന സ്‌കോറിലേക്ക് വിദര്‍ഭയെത്തി.
മറുപടിക്കിറങ്ങിയ കേരളവും പ്രതീക്ഷിച്ച പ്രകടനമല്ല കാഴ്ചവെച്ചത്. അക്ഷയ് ചന്ദ്രന്‍ (14) രോഹന്‍ കുന്നുമ്മല്‍ (0) എന്നിവര്‍ നിരാശപ്പെടുത്തി. ഓപ്പണര്‍മാര്‍ പെട്ടെന്ന് പുറത്തായെങ്കിസലും സര്‍വാതെയും (79) അഹമ്മദ് ഇമ്രാനും (37) ചേര്‍ന്ന് കേരളത്തിന് അടിത്തറ പാകി. വലിയ തകര്‍ച്ചയില്‍ നിന്ന് കേരളത്തെ കരകയറ്റിയ കൂട്ടുകെട്ടായിരുന്നു ഇത്. പിന്നാലെ നായകന്‍ സച്ചിന്‍ ബേബിയും കരുത്തുകാട്ടി, 235 പന്ത് നേരിട്ട് 10 ഫോറടക്കം 98 റണ്‍സാണ് സച്ചിന്‍ നേടിയത്.

സെഞ്ച്വറിക്ക് രണ്ട് റണ്‍സകലെയാണ് സച്ചിന്‍ പുറത്തായത്. പിന്നാലെ എത്തിയവര്‍ക്ക് വലിയ സ്‌കോര്‍ നേടാനായില്ല. സല്‍മാന്‍ നിസാര്‍ 21 റണ്‍സിലും മുഹമ്മദ് അസ്ഹറുദ്ദീന്‍ 34 റണ്‍സിലും ജലക് സക്‌സേന 28 റണ്‍സിലും പുറത്തായി. വലിയ കൂട്ടുകെട്ട് ഉണ്ടാവാതെ വന്നതോടെ കേരളം 342 റണ്‍സില്‍ ഒതുങ്ങി. ഇതോടെ 37 റണ്‍സിന്റെ നിര്‍ണ്ണായക ലീഡും വിദര്‍ഭക്ക് ലഭിച്ചു. കേരളത്തിന്റെ മധ്യനിര ബാറ്റ്‌സ്മാന്‍മാരും ഓപ്പണര്‍മാരും ശോഭിക്കാതെ പോയതാണ് പ്രശ്‌നമായത്.
ലീഡിന്റെ കരുത്തില്‍ രണ്ടാം ഇന്നിങ്‌സിനിറങ്ങിയ വിദര്‍ഭയുടെ തുടക്കം മോശമായിരുന്നു. രണ്ട് വിക്കറ്റുകള്‍ ഏഴ് റണ്‍സിനിടെ നഷ്ടമായി. എന്നാല്‍ 135 റണ്‍സെടുത്ത കരുണ്‍ നായരും 73 റണ്‍സെടുത്ത ഡാനിഷ് മാല്‍വറും ചേര്‍ന്ന് വിദര്‍ഭക്ക് അടിത്തറ പാകി. 31 റണ്‍സില്‍ കരുണ്‍ നായരുടെ ക്യാച്ച് അക്ഷയ് ചന്ദ്രന്‍ വിട്ടുകളഞ്ഞത് മത്സരഫലത്തെ മാറ്റിമറിച്ചു. ഒടുവില്‍ ഒമ്പത് വിക്കറ്റിന് 375 എന്ന സ്‌കോറില്‍ നില്‍ക്കവെ ഇരു ടീമും സമനിലക്ക് സമ്മതിക്കുകയായിരുന്നു. ആദ്യ ഇന്നിങ്‌സിലെ ലീഡിന്റെ കരുത്തിലാണ് വിദര്‍ഭ കിരീടത്തിലേക്കെത്തിയത്.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications