നാഗ്പൂര്‍: രഞ്ജി ട്രോഫി ഫൈനലില്‍ കേരളത്തിനെതിരേ പിടിമുറുക്കി വിദര്‍ഭ. ആദ്യ ഇന്നിങ്‌സില്‍ 37 റണ്‍സിന്റെ ലീഡ് നേടി രണ്ടാം ഇന്നിങ്‌സിനിറങ്ങിയ വിദര്‍ഭ നാലാം ദിനം കളിനിര്‍ത്തുമ്പോള്‍ നാല് വിക്കറ്റിന് 249 റണ്‍സെന്ന നിലയിലാണ്. നിലവില്‍ 286 റണ്‍സിന്റെ ലീഡ് വിദര്‍ഭക്കുണ്ട്. കരുണ്‍ നായരും (132) അക്ഷയ് വാദ്ക്കറുമാണ് (4) ക്രീസില്‍. ഒരു ദിവസം മാത്രം ശേഷിക്കെ കേരളത്തിന് കാര്യങ്ങള്‍ എളുപ്പമാവില്ലെന്നുറപ്പ്.
നാലാം ദിനം 37 റണ്‍സ് ലീഡ് വഴങ്ങിയാണ് വിദര്‍ഭ രണ്ടാം ഇന്നിങ്‌സ് ആരംഭിച്ചത്. വലിയ ആത്മവിശ്വാസത്തിലായിരുന്ന കേരളം വിദര്‍ഭയെ തുടക്കത്തിലേ ഞെട്ടിച്ചു. ഏഴ് റണ്‍സിനിടെ വിദര്‍ഭയുടെ രണ്ട് വിക്കറ്റുകളാണ് കേരളം വീഴ്ത്തിയത്. ഓപ്പണര്‍ പാര്‍ത്ഥ് രഖാദെയെ (1) പുറത്താക്കി ജലജ് സക്‌സേന കേരളത്തിന് പ്രതീക്ഷ നല്‍കി. പാര്‍ത്ഥിനെ സക്‌സേന ക്ലീന്‍ബൗള്‍ഡാക്കുകയായിരുന്നു. ദ്രുവ് ഷോറെയെ (5) എംഡി നിധീഷും പുറത്താക്കി. ഇതോടെ കേരളത്തിന് വലിയ ആത്മവിശ്വാസം ലഭിച്ചു.
എന്നാല്‍ മൂന്നാം വിക്കറ്റിലെ കൂട്ടുകെട്ട് കേരളത്തിന്റെ കണക്കുകൂട്ടലുകള്‍ തെറ്റിച്ചു. 31 റണ്‍സില്‍ നില്‍ക്കവെ കരുണ്‍ നായരുടെ ക്യാച്ച് നേടാനുള്ള അവസരം കേരളത്തിന് ലഭിച്ചു. ഏദന്‍ ആപ്പിള്‍ ടോമിന്റെ പന്തില്‍ സ്ലിപ്പില്‍ ലഭിച്ച ക്യാച്ചിനെ അക്ഷയ് ചന്ദ്രന്‍ നഷ്ടപ്പെടുത്തുകയായിരുന്നു. മത്സരഫലത്തെ മാറ്റിമറിച്ച പിഴവായിരുന്നു ഇതെന്ന് പറയാം.
മൂന്നാം വിക്കറ്റില്‍ 182 റണ്‍സിന്റെ കൂട്ടുകെട്ട് സൃഷ്ടിച്ച ശേഷം ഡാനിഷ് മലേവറിനെ പുറത്താക്കി അക്ഷയ് ചന്ദ്രന്‍ കേരളത്തിന് അല്‍പ്പം ആശ്വാസം നല്‍കി. യഷ് റാത്തോഡിനെ (24) സര്‍വതെ വിക്കറ്റിന് മുന്നിലും കുടുക്കി. എന്നാല്‍ ലൈഫിനെ മുതലാക്കി കളിച്ച കരുണ്‍ സെഞ്ച്വറിയോടെയാണ് മിന്നിച്ചത്.
സീസണിലെ ഒമ്പതാം സെഞ്ച്വറിയോടെ സെലക്ടര്‍മാര്‍ക്ക് മുന്നില്‍ അവസരം ചോദിക്കുകയാണ് കരുണ്‍ നായര്‍. ക്ഷമയോടെ കളിച്ച കരുണ്‍ മോശം പന്തുകളെ ആക്രമിക്കാനും മടികാട്ടിയില്ല. കേരളത്തിന് തിരിച്ചുവരവ് സാധ്യമാകാത്ത വിധം സര്‍വാധിപത്യം നേടിയെടുത്ത ഇന്നിങ്‌സാണ് കരുണ്‍ കാഴ്ചവെച്ചത്. പാതി മലയാളി കൂടിയായ കരുണിന്റെ പ്രകടനമാണ് കേരളത്തിന്റെ കന്നി രഞ്ജി ട്രോഫി ഫൈനലിലെ മോഹങ്ങള്‍ തകര്‍ത്തത്.

നേരത്തെ ആദ്യം ബാറ്റ് ചെയ്ത വിദര്‍ഭ ഒന്നാം ഇന്നിങ്‌സില്‍ 379 റണ്‍സാണ് നേടിയത്. 153 റണ്‍സ് നേടിയ ഡാനിഷ് മല്‍വാറിന്റെ കരുത്തിലാണ് വിദര്‍ഭ മികച്ച സ്‌കോര്‍ അടിച്ചെടുത്തത്. കരുണ്‍ നായര്‍ 86 റണ്‍സുമായി മിന്നിച്ചിരുന്നു. ആദ്യ ഇന്നിങ്‌സിലും ഈ കൂട്ടുകെട്ടാണ് വിദര്‍ഭക്ക് ശക്തിപകര്‍ന്നത്. ഈ രണ്ട് പേരെ പൂട്ടാന്‍ കേരളം വൈകിയപ്പോള്‍ ഭേദപ്പെട്ട സ്‌കോറിലേക്കും വിദര്‍ഭക്ക് ഉയരാനായി. എംഡി നിധീഷും ഏദന്‍ ആപ്പിള്‍ ടോമും മൂന്ന് വിക്കറ്റുകള്‍ നേടി.
കേരളം ഒന്നാം ഇന്നിങ്‌സില്‍ ലീഡ് നേടുമെന്ന് പ്രതീക്ഷിച്ചെങ്കിലും 342 റണ്‍സാണ് നേടാനായത്. സാര്‍വതെയുടെ 79 റണ്‍സും നായകന്‍ സച്ചിന്‍ ബേബിയുടെ 98 റണ്‍സുമാണ് കേരളത്തിന് കരുത്തായത്. സച്ചിന്‍ സെഞ്ച്വറിക്കായി വലിയ ഷോട്ട് കളിക്കാന്‍ ശ്രമിച്ചാണ് പുറത്തായത്. മധ്യനിരയും വാലറ്റവും കാര്യമായൊന്നും ചെയ്യാതെ പോയതും കേരളത്തിന് തിരിച്ചടിയായി. വിദര്‍ഭക്കായി ദര്‍ശന്‍ നാല്‍ക്കണ്ഡെ, ഹര്‍ഷ് ദുബെ, പാര്‍ത്ഥ് രഖാദെ എന്നിവര്‍ മൂന്ന് വിക്കറ്റുകള്‍ വീഴ്ത്തി.