തിരുവനന്തപുരം: അഫ്ഗാനിസ്ഥാനെതിരായ ടി20 പരമ്പരയിലെ മൂന്നാം മത്സരത്തില്‍ സഞ്ജു സാംസണ്‍ പ്ലേയിങ് 11ല്‍ ഉള്‍പ്പെട്ടപ്പോള്‍ ആരാധകര്‍ക്ക് വലിയ പ്രതീക്ഷയായിരുന്നു. എന്നാല്‍ നിര്‍ണ്ണായക സമയത്ത് മോശം ഷോട്ടിന് ശ്രമിച്ച് ഡക്കിന് മടങ്ങുകയാണ് സഞ്ജു ചെയ്തത്. പിന്നാലെ സൂപ്പര്‍ ഓവറില്‍ അവസരം ലഭിച്ചപ്പോഴും സഞ്ജു നിരാശപ്പെടുത്തി ഡക്കായി. ഇതോടെ സഞ്ജുവിനെതിരേ വലിയ വിമര്‍ശനമാണുയര്‍ന്നത്.
ബാറ്റുകൊണ്ട് നിരാശപ്പെടുത്തിയപ്പോഴും ഗംഭീര സ്റ്റംപിങ്ങും റണ്ണൗട്ടും നടത്തി വിക്കറ്റിന് പിന്നില്‍ സഞ്ജു കൈയടിയും നേടി. ഇപ്പോഴിതാ അഫ്ഗാന്‍ ടി20 പരമ്പര അവസാനിച്ചതിന്റെ രണ്ടാം ദിനം കേരളത്തിനായി രഞ്ജി ട്രോഫി കളിക്കാനിറങ്ങി കൈയടി നേടുകയാണ് സഞ്ജു. അധികമാരും ചെയ്യാത്ത കാര്യമാണ് സഞ്ജു ചെയ്തിരിക്കുന്നതെന്നാണ് ആരാധകര്‍ പറയുന്നത്. പൊതുവേ അന്താരാഷ്ട്ര താരങ്ങള്‍ ഒരു പരമ്പരക്ക് ശേഷം വിശ്രമം എടുക്കാറുണ്ട്.
രഞ്ജി ട്രോഫി കളിച്ചുകൊണ്ടിരിക്കവെയാണ് സഞ്ജുവിന് അഫ്ഗാന്‍ പരമ്പരയിലേക്ക് വിളിയെത്തുന്നത്. ആദ്യ രണ്ട് മത്സത്തിലും പ്ലേയിങ് 11ല്‍ ഉള്‍പ്പെട്ടില്ലെങ്കിലും മൂന്നാം മത്സരത്തില്‍ സഞ്ജുവിന് അവസരം ലഭിക്കുകയായിരുന്നു. മോശം പ്രകടനത്തിന്റെ പേരില്‍ വിമര്‍ശനം കേട്ടപ്പോഴും തളരാതെ അന്ന് വൈകീട്ട് തന്നെ ബംഗളൂരുവില്‍ നിന്ന് കേരളത്തിലേക്ക് സഞ്ജു പുറപ്പെട്ടു. പിറ്റേന്ന് രാവിലെ കേരള ക്യാംപിനൊപ്പം ചേര്‍ന്ന സഞ്ജു 20ന് മുംബൈക്കെതിരേ കേരളത്തിന്റെ നായകനായി പാഡണിഞ്ഞു.
ഒരു ദിവസത്തെ വിശ്രമം പോലുമെടുക്കാതെയാണ് സഞ്ജു കേരളത്തിനായി കളിക്കാനിറങ്ങിയതെന്നതാണ് എടുത്തു പറയേണ്ടത്. ഇപ്പോഴിതാ സഞ്ജുവിന്റെ അര്‍പ്പണ മനോഭാവത്തെ പ്രശംസിക്കുകയാണ് ആരാധകര്‍. സഞ്ജുവിന് ഇപ്പോഴാണ് ക്രിക്കറ്റ് ഗൗരവമായി തോന്നിത്തുടങ്ങിയതെന്നാണ് ആരാധകര്‍ പറയുന്നത്. നേരത്തെ ആഭ്യന്തര ക്രിക്കറ്റ് മത്സരങ്ങള്‍ കളിക്കാന്‍ സഞ്ജു വലിയ താല്‍പര്യം കാട്ടിയിരുന്നില്ല. ഐപിഎല്ലിലായിരുന്നു എല്ലാ ശ്രദ്ധയും.

ഇടക്ക് ഇന്ത്യക്കായും കളിക്കും. എന്നാല്‍ ആഭ്യന്തര ക്രിക്കറ്റിന് സഞ്ജു വലിയ പരിഗണന നല്‍കിയിരുന്നില്ല. എന്നാല്‍ സമീപകാലത്തായി സഞ്ജു കേരളത്തിനായി കൂടുതല്‍ മത്സരങ്ങള്‍ കളിക്കുന്നു. ഇത് താരത്തിന്റെ പ്രകടന നിലവാരം ഉയര്‍ത്തിയിട്ടുമുണ്ട്. ദക്ഷിണാഫ്രിക്കയിലടക്കം സെഞ്ച്വറി പ്രകടനം നടത്താന്‍ സഞ്ജുവിന് സാധിച്ചിരിക്കുകയാണ്. ഇനി ഐപിഎല്‍ വരാന്‍ പോവുകയാണ്. ടി20 ലോകകപ്പ് സീറ്റ് നിശ്ചയിക്കുന്നതില്‍ ഐപിഎല്ലിലെ പ്രകടനം നിര്‍ണ്ണായകമാവും.
അതുകൊണ്ടുതന്നെ സഞ്ജു തന്റെ ഫോം നിലനിര്‍ത്തി ഐപിഎല്ലിലേക്ക് പോകുന്നതിനായാണ് രഞ്ജി ട്രോഫിയില്‍ കൂടുതല്‍ മത്സരങ്ങള്‍ കളിക്കുന്നത്. ഇത് സഞ്ജു അല്‍പ്പം കൂടി നേരത്തെ ചെയ്തിരുന്നെങ്കില്‍ സഞ്ജുവിന്റെ കരിയറില്‍ വലിയ മാറ്റം ഉണ്ടാകുമായിരുന്നുവെന്നാണ് ആരാധകര്‍ പറയുന്നത്. നേരത്തെ സുനില്‍ ഗവാസ്‌ക്കറടക്കം സഞ്ജുവിനെ ഇക്കാര്യത്തില്‍ ഉപദേശിച്ചിരുന്നു. എന്നാല്‍ അന്ന് സഞ്ജു ഇതെല്ലാം തള്ളിക്കളയുകയാണ് ചെയ്തത്.
ഇപ്പോള്‍ സഞ്ജുവിന് തിരിച്ചറിവുണ്ടാവുകയും കൂടുതല്‍ ആഭ്യന്തര മത്സരം കളിക്കുകയും ചെയ്യുന്നു. ഇത് സഞ്ജുവിന്റെ പ്രകടന നിലവാരത്തില്‍ വലിയ മാറ്റം ഉണ്ടാക്കുമെന്നുറപ്പ്. മുംബൈക്കെതിരേ മികച്ച ക്യാപ്റ്റന്‍സികൊണ്ടും വിക്കറ്റിന് പിന്നിലെ മിന്നും പ്രകടനം കൊണ്ടും സഞ്ജു കൈയടി നേടിയിരിക്കുകയാണ്. 251 റണ്‍സിന് കരുത്തരായ മുംബൈയെ ഓള്‍ഔട്ടാക്കാന്‍ കേരളത്തിനായി. അഞ്ച് ക്യാച്ചുകളോടെ സഞ്ജു സാംസണ്‍ വിക്കറ്റിന് പിന്നില്‍ തിളങ്ങുകയും ചെയ്തു.
മുംബൈ നായകന്‍ അജിന്‍ക്യ രഹാനെയെ ബേസില്‍ തമ്പി ഗോള്‍ഡന്‍ ഡെക്കിന് പുറത്താക്കിയത് സഞ്ജുവിന്റെ ക്യാച്ചിലൂടെയാണ്. ബുപന്‍ ലാല്‍വാനി, സുവേദ്് പാര്‍ക്കര്‍, ശിവം ദുബെ, ധവാല്‍ കുല്‍ക്കര്‍ണി എന്നിവരുടെയെല്ലാം ക്യാച്ച് നേടാന്‍ സഞ്ജുവിനായി. വിക്കറ്റിന് പിന്നിലെ ഈ മികവ് ബാറ്റിങ്ങില്‍ ആവര്‍ത്തിക്കാന്‍ സഞ്ജുവിന് സാധിക്കേണ്ടതായുണ്ട്. ടി20 ലോകകപ്പില്‍ സീറ്റ് നേടാനുള്ള അവസരം ഇപ്പോഴും സഞ്ജുവിന് മുന്നിലുണ്ട്. അതുകൊണ്ടുതന്നെ ബാറ്റുകൊണ്ട് താരം മികവ് കാട്ടേണ്ടത് അത്യാവശ്യമാണ്.