Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

Ranji Trophy: സെലക്ടര്‍മാര്‍ കാണൂ, ഗംഭീര സെഞ്ച്വറി നേടി ദേവ്ദത്ത്- ഇംഗ്ലണ്ട് പരമ്പരയില്‍ സീറ്റുണ്ടോ?

ഹുബ്ലി: രഞ്ജി ട്രോഫി ക്രിക്കറ്റ് ടൂര്‍ണമെന്റ് ആവേശകരമായി പുരോഗമിക്കവെ പല താരങ്ങളും ശ്രദ്ധേയ പ്രകടനമാണ് കാഴ്ചവെക്കുന്നത്. ഇന്ത്യയുടെ ടെസ്റ്റ് ടീമിന്റെ ഭാവിയും ഭദ്രമാണെന്ന് തെളിയിച്ചുകൊണ്ട് യുവതാരങ്ങളും മികവ് കാട്ടുന്നു. ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പര വരാനിരിക്കെ ഇന്ത്യയുടെ സെലക്ടര്‍മാര്‍ക്ക് ആശയക്കുഴപ്പമുണ്ടാക്കുന്ന പ്രകടനമാണ് പല യുവതാരങ്ങളും കാഴ്ചവെക്കുന്നത്. കര്‍ണാടക താരമായ ദേവ്ദത്ത് പടിക്കല്‍ തകര്‍പ്പന്‍ സെഞ്ച്വറി പ്രകടനത്തോടെ ഇന്ത്യയുടെ ടെസ്റ്റ് ടീമില്‍ അവസരം തേടുകയാണ്.

പഞ്ചാബിനെതിരായ മത്സരത്തില്‍ ഏഴ് റണ്‍സിനാണ് അദ്ദേഹത്തിന് ഇരട്ട സെഞ്ച്വറി നഷ്ടമായത്. 216 പന്ത് നേരിട്ട് 24 ഫോറും 4 സിക്‌സും ഉള്‍പ്പെടെ 193 റണ്‍സാണ് ദേവ്ദത്ത് നേടിയത്. ഇരട്ട സെഞ്ച്വറി അര്‍ഹിച്ചിരുന്നെങ്കിലും പ്രേരിത് ദുത്തക്ക് വിക്കറ്റ് നല്‍കി ദേവ്ദത്ത് മടങ്ങുകയായിരുന്നു. ആഭ്യന്തര ക്രിക്കറ്റില്‍ ദേവ്ദത്ത് ശ്രദ്ധേയ പ്രകടനമാണ് കാഴ്ചവെക്കുന്നത്. അധികം വൈകാതെ ഇന്ത്യയുടെ ടെസ്റ്റ് ടീമില്‍ ഇടം നേടാന്‍ ദേവ്ദത്തിന് സാധിക്കുമെന്ന് പ്രതീക്ഷിക്കാം.

ഇടം കൈയന്‍ താരത്തെ മൂന്നാം നമ്പറിലേക്ക് ഇന്ത്യക്ക് പരിഗണിക്കാം. ശുബ്മാന്‍ ഗില്‍ മൂന്നാം നമ്പറില്‍ പ്രയാസപ്പെടുന്ന സാഹചര്യത്തില്‍ ദേവ്ദത്തിനെപ്പോലൊരു താരത്തിന് അവസരം നല്‍കാവുന്നതാണ്. കര്‍ണാടകയ്ക്കായി മനീഷ് പാണ്ഡെയും സെഞ്ച്വറി പ്രകടനം നടത്തി. 153 പന്ത് നേരിട്ട് 11 ഫോറും 3 സിക്‌സും ഉള്‍പ്പെടെ 109 റണ്‍സുമായി മനീഷ് ക്രീസില്‍ തുടരുകയാണ്. എന്നാല്‍ കര്‍ണാടകയുടെ നായകനായ മായങ്ക് അഗര്‍വാള്‍ ഡെക്കിന് മടങ്ങി. ദേശീയ ടീമിലേക്ക് ഇനിയൊരു തിരിച്ചുവരവ് താരത്തിന് പ്രയാസമായിരിക്കും.

അതേ സമയം സമീപകാലത്ത് ആഭ്യന്തര ക്രിക്കറ്റില്‍ ഏറ്റവും മികവ് കാട്ടിയ സര്‍ഫറാസ് ഖാന്‍ ആദ്യ മത്സരത്തില്‍ നിരാശപ്പെടുത്തി. മുംബൈക്കൊപ്പമിറങ്ങിയ സര്‍ഫറാസ് 1 റണ്‍സിനാണ് പുറത്തായത്. ഈ പ്രകടനത്തോടെ ഇംഗ്ലണ്ട് പരമ്പരയിലേക്ക് സര്‍ഫറാസിന് വിളിയെത്താനുള്ള സാധ്യത കുറഞ്ഞിരിക്കുകയാണ്. എന്നാല്‍ ഇന്ത്യയുടെ യുവതാരങ്ങളായ റിങ്കു സിങ്ങും ദ്രുവ് ജുറേലും ഉത്തര്‍ പ്രദേശിനായി തിളങ്ങി. കേരളത്തിനെതിരേ റിങ്കു സിങ് 92 റണ്‍സ് നേടിയാണ് പുറത്തായത്.

devdutt padikkal

എട്ട് റണ്‍സകലെ അര്‍ഹിച്ച സെഞ്ച്വറി അദ്ദേഹത്തിന് നഷ്ടമായി. ഇംഗ്ലണ്ട് പരമ്പരയിലേക്ക് ഇന്ത്യ റിങ്കുവിനെ പരിഗണിച്ചേക്കും. ജുറേല്‍ 63 റണ്‍സുമായി തിളങ്ങി. കേരളത്തിനായി നിധീഷ് മൂന്നും ബേസില്‍ തമ്പിയും ജലജ് സക്‌സേനയും രണ്ട് വിക്കറ്റുകള്‍ വീതവും വീഴ്ത്തി. ഇന്ത്യയുടെ മറ്റൊരു യുവതാരമായ തിലക് വര്‍മ ഹൈദരാബാദിനൊപ്പം സെഞ്ച്വറി നേടി. ഹൈദരാബാദിന്റെ നായകനായ തിലക് 100 റണ്‍സ് നേടിയാണ് കളം വിട്ടത്. സൗരാഷ്ട്രക്കൊപ്പം ചേതേശ്വര്‍ പുജാര കളിക്കുന്നുണ്ട്.

ജാര്‍ഖണ്ഡിനെതിരായ മത്സരത്തില്‍ ഒടുവില്‍ വിവരം ലഭിക്കുമ്പോള്‍ പുജാര 85 റണ്‍സ് നേടിയിട്ടുണ്ട്. നിലവില്‍ ഇന്ത്യന്‍ ടീമിന് പുറത്തുള്ള പുജാര വമ്പന്‍ തിരിച്ചുവരവ് ഇപ്പോഴും പ്രതീക്ഷിക്കുന്നു. ഇടം കൈയന്‍ ബാറ്റ്‌സ്മാന്‍ വെങ്കടേഷ് അയ്യരും ഭേദപ്പെട്ട പ്രകടനം കാഴ്ചവെച്ചു. മധ്യപ്രദേശ് താരമായ വെങ്കടേഷ് 89 റണ്‍സോടെയാണ് തിളങ്ങിയത്. ഹാര്‍ദിക് പാണ്ഡ്യക്ക് പകരക്കാരനായി ഇന്ത്യ പരിഗണിച്ച ഓള്‍റൗണ്ടറാണ് വെങ്കടേഷ് അയ്യര്‍.

ഇന്ത്യക്ക് പ്രതീക്ഷ നല്‍കുന്ന യുവതാരം യാഷ് ദുല്‍ നിരാശപ്പെടുത്തി. ഡല്‍ഹി താരം 2 റണ്‍സ് മാത്രമാണ് നേടിയത്. അതേ സമയം തമിഴ്‌നാടിനൊപ്പം സായ് സുദര്‍ശന്‍ നിരാശപ്പെടുത്തി. 1 റണ്‍സാണ് അദ്ദേഹത്തിന് നേടാനായത്. വിജയ് ശങ്കര്‍ 33 റണ്‍സും അടിച്ചെടുത്തു. യുവതാരങ്ങളെ സംബന്ധിച്ച് മികവ് കാട്ടാനുള്ള സുവര്‍ണ്ണാവസരമാണ് മുന്നിലുള്ളത്. രഞ്ജി ട്രോഫിയിലെ പ്രകടനം വിലയിരുത്തി ഇന്ത്യ യുവതാരങ്ങളെ ടെസ്റ്റ് ടീമിലേക്ക് പരിഗണിക്കാനുള്ള സാധ്യതയും കൂടുതലാണ്.

Story first published: Saturday, January 6, 2024, 14:57 [IST]
Other articles published on Jan 6, 2024
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+