
ദക്ഷിണാഫ്രിക്കയിലെ ടെസ്റ്റ് പരമ്പരയില്‍ അജിന്‍ക്യ രഹാനെയും പുജാരയും തീര്‍ത്തും നിരാശപ്പെടുത്തുന്ന പ്രകടനമാണ് കാഴ്ചവെച്ചത്. അടുത്തൊന്നും തിളങ്ങാനാവാത്ത പുജാരക്ക് ഇനി ദേശീയ ടീമിലേക്ക് വിളി ലഭിക്കുക എളുപ്പമാവില്ല. കാരണം നിരവധി യുവ പ്രതിഭകള്‍ അവസരത്തിനായി കാത്തിരിക്കുന്നു. ഇവര്‍ക്ക് അവസരം നല്‍കണമെന്ന മുറവിളി ശക്തമാകവെ പുജാരക്ക് മികവ് കാട്ടാനുള്ള സുവര്‍ണ്ണാവസരമായിരുന്നു രഞ്ജി ട്രോഫി. എന്നാല്‍ ഇതിലും താരം നിരാശപ്പെടുത്തിയതോടെ തിരിച്ചുവരവ് കടുപ്പമായിരിക്കുകയാണെന്ന് പറയാം.
2018-19ലെ ബോര്‍ഡര്‍ ഗവാസ്‌കര്‍ ട്രോഫി കിരീടം ഓസ്‌ട്രേലിയയില്‍ ഇന്ത്യ നേടിയപ്പോള്‍ എട്ട് ഇന്നിങ്‌സില്‍ നിന്ന് 521 റണ്‍സുമായി ഗംഭീര പ്രകടനമാണ് പുജാര കാഴ്ചവെച്ചത്. എന്നാല്‍ അതിന് ശേഷം മികച്ച ഒന്നോ രണ്ടോ പ്രകടനം മാത്രമാണ് അദ്ദേഹത്തിന് കാഴ്ചവെക്കാനായത്. 27 ടെസ്റ്റ് മത്സരം ഇതിന് ശേഷം പുജാര കളിച്ചെങ്കിലും നേടിയത് വെറും 1287 റണ്‍സ് മാത്രം. ഇതില്‍ 12 അര്‍ധ സെഞ്ച്വറികള്‍ ഉള്‍പ്പെടും. 91 റണ്‍സാണ് ഉയര്‍ന്ന സ്‌കോര്‍. 2019 ജനുവരിയില്‍ ഓസ്‌ട്രേലിയയിലാണ് അദ്ദേഹത്തിന്റെ അവസാന സെഞ്ച്വറി പിറന്നത്.

ദക്ഷിണാഫ്രിക്കയില്‍ പുജാരക്ക് അവസാന അവസരമായിരുന്നുവെന്ന് പറയാം. എന്നാല്‍ ഈ അവസരവും മുതലാക്കാന്‍ അദ്ദേഹത്തിന് സാധിച്ചില്ല. ഇതോടെയാണ് ഇന്ത്യയുടെ മോശം ഫോമിലുള്ള സീനിയര്‍ താരങ്ങള്‍ രഞ്ജി ട്രോഫി കളിച്ച് മികവ് കാട്ടി തിരിച്ചെത്തണമെന്ന നിര്‍ദേശം ബിസിസി ഐ പ്രസിഡന്റ് സൗരവ് ഗാംഗുലി മുന്നോട്ട് വെക്കുന്നത്. ഇത് തിരിച്ചുവരാന്‍ പുജാരക്ക് മുന്നിലുള്ള സുവര്‍ണ്ണാവസരമായിരുന്നെങ്കിലും അദ്ദേഹം തീര്‍ത്തും നിരാശപ്പെടുത്തിയതോടെ ഇന്ത്യന്‍ ടീമിലെ കരിയര്‍ ഏറെക്കുറെ അവസാനിച്ചുവെന്ന് തന്നെ പറയാം.

അതേ സമയം അജിന്‍ക്യ രഹാനെ രഞ്ജി ട്രോഫിയിലൂടെ മികവ് കാട്ടിയതോടെ ശ്രീലങ്കന്‍ പരമ്പരയില്‍ സ്ഥാനം ഏറെക്കുറെ ഉറപ്പായി. മുംബൈക്കൊപ്പം നാലാം സ്ഥാനത്ത് ഇറങ്ങിയ രഹാനെ 290 പന്തുകള്‍ നേരിട്ട് 129 റണ്‍സാണ് നേടിയത്. 17 ഫോറും രണ്ട് സിക്‌സും രഹാനെ പറത്തി. സര്‍ഫറാസ് ഖാനും (275) മുംബൈക്കായി ഗംഭീര പ്രകടനം നടത്തി. 401 പന്തുകള്‍ നേരിട്ട് 30 ഫോറും ഏഴ് സിക്‌സും ഉള്‍പ്പെടെയായിരുന്നു അദ്ദേഹത്തിന്റെ പ്രകടനം. ഇരുവരുടെയും ബാറ്റിങ് മികവില്‍ മുംബൈ 544 റണ്‍സാണ് ഒന്നാം ഇന്നിങ്‌സില്‍ നേടിയത്.

മറുപടിക്കിറങ്ങിയ സൗരാഷ്ട്രക്ക് ബാറ്റിങ് തകര്‍ച്ച നേരിട്ടു. 220 റണ്‍സിനാണ് അവര്‍ ഓള്‍ഔട്ടായത്. ഷെല്‍ഡോന്‍ ജാക്‌സന്‍ (61), ചിരാഗ് ജാനി (40) എന്നിവരുടെ പ്രകടനം മാത്രമാണ് സൗരാഷ്ട്രയെ വന്‍ നാണക്കേടില്‍ നിന്ന് രക്ഷിച്ചത്. മോഹിത് അവസ്തി, ഷാംസ് മുലാനി എന്നിവര്‍ നാല് വിക്കറ്റുകള്‍ വീതം വീഴ്ത്തി. തനുഷ് കോട്ടിയാന്‍ രണ്ട് വിക്കറ്റും വീഴ്ത്തി. ഒന്നാം ഇന്നിങ്‌സില്‍ 324 റണ്‍സിന്റെ ലീഡാണ് മുംബൈ നേടിയെടുത്തത്. രണ്ടാം ഇന്നിങ്‌സില്‍ പുജാരക്കും രഹാനെക്കും തിളങ്ങാനാവുമോയെന്നത് കണ്ടറിയാം.


Click it and Unblock the Notifications
