മൈസൂര്‍: രഞ്ജി ട്രോഫിയില്‍ വീണ്ടുമൊരു കിടിലന്‍ ബാറ്റിങ് പ്രകടനവുമായി ആരാധകരുടെ കൈയടി നേടുകയാണ് മുന്‍ ബാറ്റിങ് ഇതിഹാസം സച്ചിന്‍ ടെണ്ടുല്‍ക്കറുടെ മകനും ഓള്‍റൗണ്ടറുമായ അര്‍ജുന്‍. രഞ്ജി ട്രോഫിയില്‍ കരുത്തരായ കര്‍ണാടകയ്‌ക്കെതിരായ ഗ്രൂപ്പ് സി മല്‍സരത്തില്‍ ഗോവയ്ക്കു വേണ്ടിയാണ് വാലറ്റത്ത് അര്‍ജുന്‍ കിടിലന്‍ ഫിഫ്റ്റി കുറിച്ചത്.
250 റണ്‍സ് പോലും തികയ്ക്കുമോയെന്നു സംശയിച്ച ടീമിനെ അദ്ദേഹം 300 കടത്തുകയും ചെയ്തു. എട്ടാം നമ്പറില്‍ ബാറ്റ് ചെയ്ത അര്‍ജുന്‍ ഗോവയ്ക്കായി ആദ്യ ഇന്നിങ്‌സിലാണ് മിന്നും ഫിഫ്റ്റി കണ്ടെത്തിത്. 112 ബോളുകള്‍ നേരിട്ട അദ്ദേഹത്തിന്റെ ഇന്നിങ്‌സില്‍ മൂന്നു ഫോറും ഒരു സിക്‌സറുമുള്‍പ്പെട്ടിരുന്നു. ഏറ്റവും അവസാനത്തെയാളായാണ് അര്‍ജുന്‍ കളിയില്‍ ക്രീസ് വിട്ടത്.

ഒരു ഘട്ടത്തില്‍ എട്ടു വിക്കറ്റിനു 221 റണ്‍സെന്ന നിലയിലായിരുന്നു ഗോവ. എന്നാല്‍ അര്‍ജുനും മറ്റൊരു വാലറ്റക്കാരനായ ഹെറാംബ് പറബും (53) ഫിഫ്റ്റികളോടെ ടീമിനെ കൈപിടിച്ചുയര്‍ത്തുകയായിരുന്നു. ഇരുവരുടെയും മികവില്‍ ടീം 321 റണ്‍സെന്ന മികച്ച ടോട്ടല്‍ ഒന്നാമിന്നിങ്‌സില്‍ കണ്ടെത്തുകയും ചെയ്തു.
തുടര്‍ച്ചയായി രണ്ടാമത്തെ കളിയിലാണ് ഗോവയ്ക്കു വേണ്ടി അര്‍ജുന്‍ ബാറ്റിങില്‍ നിര്‍ണായക സംഭാവന നല്‍കിയത്. ചണ്ഡീഗഡുമായി സമനിലയില്‍ കലാശിച്ച തൊട്ടുമുമ്പത്തെ കളിയിലും അര്‍ജുന്‍ തിളങ്ങിയിരുന്നു അന്നു ഒന്നാമിന്നിങ്‌സില്‍ 60 ബോളില്‍ ആറു ഫോറും നാലു സിക്‌സറുമടക്കം 70 റണ്‍സാണ് ഒന്നാമിന്നിങ്‌സില്‍ താരം അടിച്ചെടുത്തത്. ഫിനിഷറായി മികച്ച ഇന്നിങ്‌സുകള്‍ കളിക്കാന്‍ തനിക്കു സാധിക്കുമെന്നു ഗോവയ്‌ക്കൊപ്പം വീണ്ടുമൊരു ഫിഫ്റ്റിയോടെ തെളിയിച്ചുകൊണ്ടിരിക്കുകയാണ് അര്‍ജുന്‍.
ഐപിഎല്ലിന്റെ 17ാം സീസണ്‍ മാര്‍ച്ചില്‍ ആരംഭിക്കാനിരിക്കെ അര്‍ജുന്റെ ഈ പ്രകടനം ഏറ്റവുമധികം സന്തോഷിപ്പിക്കുക അഞ്ചു തവണ ചാംപ്യന്‍മാരായ മുംബൈ ഇന്ത്യന്‍സിനെയായിരിക്കും. പുതിയ ക്യാപ്റ്റന്‍ ഹാര്‍ദിക് പാണ്ഡ്യ മുംബൈയ്‌ക്കൊപ്പം അര്‍ജുന് കൂടുതല്‍ അവസരങ്ങള്‍ അടുത്ത സീസണില്‍ നല്‍കുമോയെന്നാണ് ഇനി അറിയാവുള്ളത്. കഴിഞ്ഞ തവണ മുന്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മയ്‌ക്കൊപ്പമായിരുന്നു മുംബൈയ്ക്കായി താരത്തിന്റെ അരങ്ങേറ്റം.

നാലു മല്‍സരങ്ങളിലാണ് മുംബൈയ്ക്കായി അര്‍ജുന്‍ കളിച്ചത്. ഇവയില്‍ മൂന്നു വിക്കറ്റുകളെടുത്ത താരം 13 റണ്‍സും നേടി. ഒരു ക്രിക്കറ്ററെന്ന നിലയില്‍ താരം കൂടുതല്‍ മെച്ചപ്പെട്ടിട്ടുണ്ടെന്നാണ് ഈ സീസണിലെ രഞ്ജിയിലെ പ്രകടനം കാണിച്ചുതരുന്നത്. 2021ലെ ലേലത്തിലായിരുന്നു മുംബൈ ഇന്ത്യന്‍സ് അര്‍ജുനെ വാങ്ങിയത്. പക്ഷെ തുടര്‍ച്ചയായി രണ്ടു സീസണുകളില്‍ സൈഡ് ബെഞ്ചിലായിരുന്നു താരത്തിന്റെ സ്ഥാനം. ഒടുവില്‍ കഴിഞ്ഞ വര്‍ഷം അര്‍ജുന്റെ ഊഴമെത്തുകയും ചെയ്തു.
2020-21 സീസണില്‍ മുംബൈയ്‌ക്കൊപ്പമാണ് ആഭ്യന്തര ക്രിക്കറ്റില്‍ അര്‍ജുന്‍ അരങ്ങേറിയത്. പക്ഷെ താര നിബിഡമായ മുംബൈ ടീമില്‍ അര്‍ജുന് കഴിവ് തെളിയിക്കാന്‍ അവസരം ലഭിച്ചില്ല. തുടര്‍ന്നു 2022ല്‍ മുംബൈ വിട്ട താരം ഗോവയിലേക്കു കൂടുമാറുകയും ചെയ്തു.
ഫസ്റ്റ് ക്ലാസ് ക്രിക്കറ്റില്‍ ഒമ്പതു മല്‍സരങ്ങളിലാണ് അര്‍ജുന്‍ ഇതിനകം കളിച്ചത്. ഇവയില്‍ നിന്നും 26.16 ശരാശരിയില്‍ 314 റണ്‍സ് നേടുകയും ചെയ്തു. ഒരു സെഞ്ച്വറിയും രണ്ടു ഫിഫ്റ്റികളുമടക്കമാണിത്. ഉയര്‍ന്ന സ്‌കോര്‍ 120 റണ്‍സാണ്. കഴിഞ്ഞ സീസണിലായിരുന്നു അരങ്ങേറ്റത്തില്‍ തന്നെ ഈ ഇന്നിങ്‌സ്. ബൗളിങിലാവട്ടെ 15 വിക്കറ്റുകളും അര്‍ജുന്‍ വീഴ്ത്തിയിട്ടുണ്ട്. 81 റണ്‍സിനു മൂന്നു വിക്കറ്റുകളെടുത്തതാണ് മികച്ച പ്രകടനം.