ആലൂര്‍: ഇന്ത്യന്‍ ടീമിനായി ടി20 ഫോര്‍മാറ്റില്‍ കസറിയ ശേഷം സഞ്ജു സാംസണ്‍ ഇനി കേരളത്തിനൊപ്പം രഞ്ജി ട്രോഫിയിലും ഫോം ആവര്‍ത്തിക്കാമെന്ന ആത്മവിശ്വാസത്തിലാണ്. നാളെയാരംഭിക്കുന്ന രഞ്ജി ട്രോഫിയുടെ രണ്ടാം റൗണ്ട് പോരാട്ടത്തിലാണ് അദ്ദേഹം അടുത്തതായി കളിക്കുന്നത്. ആലൂരിലെ കെഎസ്‌സിഎ ഗ്രൗണ്ടില്‍ നടക്കാനിരിക്കുന്ന മല്‍സരത്തില്‍ കരുത്തരായ കര്‍ണാടകയാണ് കേരളത്തിന്റെ എതിരാളികള്‍. ഈ മല്‍സരത്തില്‍ ടീമിനെ നയിക്കുന്നതും സഞ്ജുവാണ്.
നേരത്തേ തിരുവനന്തപുരത്തു നടന്ന കേരളാ ടീമിന്റെ ആദ്യ റൗണ്ട് മല്‍സരം അദ്ദേഹത്തിനു നഷ്ടമായിരുന്നു. ബംഗ്ലാദേശുമായുള്ള ടി20 പരമ്പരയില്‍ ഇന്ത്യന്‍ ടീമിന്റെ ഭാഗമായതിനാലാണ് അദ്ദേഹത്തിനു വിട്ടു നില്‍ക്കേണ്ടതായി വന്നത്. സഞ്ജുവിന്റെ അഭാവത്തില്‍ സച്ചിന്‍ ബേബിയാണ് പഞ്ചാബിനെതിരേ കേരളത്തെ നയിച്ചത്. മല്‍സരത്തില്‍ കേരളം എട്ടു വിക്കറ്റിന്റെ തകര്‍പ്പന്‍ ജയവും സ്വന്തമാക്കിയിരുന്നു.

ദുലീപ് ട്രോഫിയിലെ ഫോം
ദുലീപ് ട്രോഫിയാണ് സഞ്ജു സാംസണ്‍ അവസാനമായി കളിച്ച റെഡ് ബോള്‍ ടൂര്‍ണമെന്റ്. ബംഗ്ലാദേശുമായുള്ള ഇന്ത്യയുടെ ടെസ്റ്റ് പരമ്പരയ്ക്കു തൊട്ടുമുമ്പായിരുന്നു ഈ ടൂര്‍ണമെന്റ്. ദുലീപ് ട്രോഫിക്കായി ആദ്യം പ്രഖ്യാപിച്ച നാലു ടീമുകളിലും സഞ്ജു ഉള്‍പ്പെട്ടിരുന്നില്ല. എന്നാല്‍ ഇന്ത്യ ഡി ടീമിന്റെ വിക്കറ്റ് കീപ്പറായിരുന്ന ഇഷാന്‍ കിഷന്‍ പരിക്കു കാരണം അവസാന നിമിഷം പിന്‍മാറിയതോടെ സഞ്ജുവിനു പകരക്കാരനായി നറുക്കുവീഴുകയായിരുന്നു.
ടീമിനൊപ്പം വൈകി ചേര്‍ന്നതിനാല്‍ ആദ്യ റൗണ്ട് മല്‍സരം നഷ്ടമായെങ്കിലും ശേഷിച്ച രണ്ടു കളിയിലും സഞ്ജുവായിരുന്നു ടീമിന്റെ ഫസ്റ്റ് ചോയ്‌സ് വിക്കറ്റ് കീപ്പര്‍. ബാറ്റിങില്‍ തിളങ്ങാനും അദ്ദേഹത്തിനു സാധിച്ചു. ടൂര്‍ണമെന്റിലെ റണ്‍വേട്ടക്കാരില്‍ സഞ്ജു ഏഴാമതുണ്ടായിരുന്നു. രണ്ടു മല്‍സരങ്ങളില്‍ നിന്നും 49 ശരാശരിയില്‍ 95.60 എന്ന തകര്‍പ്പന്‍ സ്‌ട്രൈക്ക് റേറ്റില്‍ 196 റണ്‍സാണ് അദ്ദേഹം നേടിയത്. ഒരു സെഞ്ച്വറിയുള്‍പ്പെടെയാണിത്.
തീപ്പൊരി സെഞ്ച്വറി
അഭിമന്യു ഈശ്വരന്‍ നയിച്ച ഇന്ത്യ ബി ടീമുമായുള്ള ടൂര്‍ണമെന്റിലെ അവസാന റൗണ്ട് മല്‍സരത്തിലായിരുന്നു സഞ്ജു സാംസണിന്റെ തീപ്പൊരി സെഞ്ച്വറി. ഈ മല്‍സരത്തില്‍ അഞ്ചാം നമ്പറില്‍ ഇറങ്ങിയായിരുന്നു അദ്ദേഹത്തിന്റെ സെഞ്ച്വറി നേട്ടം. തന്റെ പതിവ് അഗ്രസീവ് ശൈിയില്‍ തന്നെയാണ് ഈ കളിയിലും സഞ്ജു ബാറ്റ് വീശിയത്.
106 റണ്‍സുമായി ആദ്യ ഇന്നിങ്‌സില്‍ അദ്ദേഹം ടീമിന്റെ ടോപ്‌സ്‌കോററായി മാറുകയായിരുന്നു. വെറും 101 ബോളുകളിലാണ് സഞ്ജു 106 അടിച്ചെടുത്തത്. 12 ഫോറുകളും മൂന്നു സിക്‌സറുമടക്കമാണിത്. 104.95 എന്ന മികച്ച സ്‌ട്രൈക്ക് റേറ്റും അദ്ദേഹത്തിനുണ്ടായിരുന്നു.
രണ്ടാമിന്നിങ്‌സിലും സഞ്ജു മോശമാക്കിയില്ല. വെറും അഞ്ചു റണ്‍സിനാണ് അര്‍ഹിച്ച ഫിഫ്റ്റി അദ്ദേഹത്തില്‍ (45) നിന്നും വഴുതിപ്പോയത്. 53 ബോളില്‍ അഞ്ചു ഫോറും രണ്ടു സിക്‌സറുമടക്കമാണ് സഞ്ജു 45ലെത്തിയത്. ഈ മല്‍സരത്തില്‍ ശ്രേയസ് അയ്യര്‍ നയിച്ച ഇന്ത്യ ഡി ടീം 257 റണ്‍സിന്‍റെ വമ്പന്‍ ജയവും കൊയ്തിരുന്നു.

ടെസ്റ്റ് പ്രതീക്ഷയില്‍ സഞ്ജു
രഞ്ജി ട്രോഫിയില്‍ ഇത്തവണ കേരളത്തിനു വേണ്ടി ആദ്യ മല്‍സരത്തില്‍ ഇറങ്ങുമ്പോള്‍ ഇന്ത്യന്‍ ടെസ്റ്റ് ടീം ജഴ്‌സിയും സഞ്ജു സാംസണ്‍ സ്വപ്‌നം കാണുന്നുണ്ട്. ടെസ്റ്റ് ടീമിലേക്കും പരിഗണനയിലുണ്ടെന്നും രഞ്ജിയില്‍ നന്നായി പെര്‍ഫോം ചെയ്യണമെന്നുമുള്ള സന്ദേശം ടീം മാനേജ്‌മെന്റില്‍ നിന്നും അദ്ദേഹത്തിനു ലഭിച്ചുകഴിഞ്ഞു. അതുകൊണ്ടു തന്നെ കേരളത്തിനു വേണ്ടി പരമാവധി നന്നായിട്ട് പെര്‍ഫോം ചെയ്യാന്‍ തന്നെയാണ് സഞ്ജു ശ്രമിക്കുകയെന്നുറപ്പാണ്.
ദുലീപ് ട്രോഫിയില്‍ നിന്നും നിര്‍ത്തിയ ഇടത്തു നിന്നു തന്നെ തുടങ്ങാമെന്ന പ്രതീക്ഷയിലായിരിക്കും അദ്ദേഹം. ദുലീപ് ട്രോഫിയിലെ സെഞ്ച്വറി മാത്രമല്ല ബംഗ്ലാദേശുമായുള്ള അവസാന ടി20യിലെ തീപ്പൊരി സെഞ്ച്വറിയും (47 ബോളില്‍ 111) സഞ്ജുവിന്റെ ആത്മവിശ്വാസം വാനോളമുയര്‍ത്തിയിട്ടുണ്ട്. അന്താരാഷ്ട്ര ടി20യില്‍ അദ്ദേഹത്തിന്റെ കന്നി സെഞ്ച്വറിയും കൂടിയായിരുന്നു ഇത്.