For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

കെസിഎല്‍ കളിച്ചില്ല, രഞ്ജിയിലെ ആദ്യ കളിക്കുമില്ല!! കേരളാ ടീമില്‍ സഞ്ജു എപ്പോഴെത്തും?

സഞ്ജു സാംസണിനെ സംബന്ധിച്ച് ഇതു ക്രിക്കറ്റ് കരിയറിലെ ഏറെ തിരക്കേറിയ സമയമാണ്. ബംഗ്ലാദേശിനെതിരേയുള്ള ടി20 പരമ്പരയില്‍ ഇന്ത്യന്‍ ടീമിനായി കളിക്കാനുള്ള തയ്യാറെടുപ്പിലാണ് ഇപ്പോള്‍ അദ്ദേഹം. ടീമിന്റെ ഫസ്റ്റ് ചോയ്‌സ് വിക്കറ്റ് കീപ്പര്‍ മാത്രമല്ല, പുതിയ ഓപ്പണറും കൂടിയാണ് മലയാളി താരം. പുതിയ റോളില്‍ സഞ്ജു കസറുമെന്നു തന്നെയാണ് ആരാധകര്‍ പ്രതീക്ഷിക്കുന്നത്.

കേരളാ ക്രിക്കറ്റില്‍ കുറച്ചു കാലമായി അദ്ദേഹത്തെ കാണാന്‍ സാധിച്ചിട്ടില്ലെന്നു കാണാം. ഏറ്റവും അവസാനമായി നടന്ന പ്രഥമ കേരളാ ക്രിക്കറ്റ് ലീഗിലും (KCL) സഞ്ജുവിന്റെ സാന്നിധ്യമില്ലായിരുന്നു. കേരളാ ക്രിക്കറ്റ് അസോസിയേഷന്‍ സംഘടിപ്പിച്ച ഈ ടൂര്‍ണമെന്റില്‍ നിന്നും അദ്ദേഹം സ്വയം വിട്ടുനില്‍ക്കുകയായിരുന്നു.

രഞ്ജി ട്രോഫിയുടെ പുതിയ സീസണിലെ ആദ്യ പോരാട്ടത്തിനുള്ള കേരളാ ടീമിനെ പ്രഖ്യാപിച്ചപ്പോഴും സഞ്ജു ഉള്‍പ്പെട്ടിരുന്നില്ല. അദ്ദേഹത്തിനു പകരം സച്ചിന്‍ ബേബിയെ നായകനാക്കിയുള്ള 15 അംഗ ടീമിനെയാണ് കെസിഎ തിരഞ്ഞെടുത്തത്. ഇതോടെ കേരളാ ടീമിനൊപ്പം ഇനി എപ്പോഴായിരിക്കും സഞ്ജുവിനെ കാണുകയെന്നാണ് ആകാംക്ഷയുണര്‍ത്തുന്ന ചോദ്യം. ഇതേക്കുറിച്ച് നിര്‍ണായക വിവരം പുറത്തു വന്നിരിക്കുകയാണ്.

SANJU SAMSON

ക്യാപ്റ്റനായി ഉടന്‍ തിരിച്ചെത്തും

രഞ്ജി ട്രോഫിയിലെ ആദ്യ മല്‍സരം നഷ്ടമായെങ്കിലും രണ്ടാം റൗണ്ടില്‍ സഞ്ജു സാംസണ്‍ കേരളാ ടീമിലേക്കു മടങ്ങിയെത്തുമെന്നാണ് പ്രമുഖ ക്രിക്കറ്റ് പോര്‍ട്ടലായ ക്രിക്ക്ട്രാക്കര്‍ പുറത്തുവിട്ടിരിക്കുന്നത്. ഈ മാസം 18നു കരുത്തരായ കര്‍ണാടകയ്‌ക്കെതിരേയാണ് രഞ്ജിയില്‍ കേരളത്തിന്റെ രണ്ടാമങ്കം.

കര്‍ണാടകയിലെ ആലൂരിലുള്ള കെഎസ്‌സിഎ ത്രീ ഓവല്‍സ് സ്‌റ്റേഡിയത്തില്‍ നടക്കാനിരിക്കുന്ന പോരാട്ടത്തില്‍ 29കാരനായ സഞ്ജുവിനു കീഴിലാവും കേരളം ഇറങ്ങുകയെന്നാണ് റിപ്പോര്‍ട്ട്. ഗ്രൂപ്പ് സിയിലാണ് അയല്‍ക്കാരായ കേരളവും കര്‍ണാടകയും ഏറ്റുമുട്ടുന്നത്.

അതേസമയം, സീസണില്‍ കേരളത്തിന്റെ ആദ്യത്തെ പോരാട്ടം ഈ മാസം 11 മുതല്‍ ശക്തരായ പഞ്ചാബുമായിട്ടാണ്. തിരുവനന്തപുരത്തെ തുമ്പയിലുള്ള സെന്റ് സേവ്യര്‍ കോളേജ് ഗ്രൗണ്ടിലാണ് ഈ മല്‍സരം നടക്കാനിരിക്കുന്നത്.

സഞ്ജുവിനു നിര്‍ണായകം

സഞ്ജു സാംസണിനെ സംബന്ധിച്ച് രഞ്ജി ട്രോഫിയുടെ വരാനിരിക്കുന്ന സീസണ്‍ ഏറെ നിര്‍ണായകമാണ്. ഇന്ത്യക്കു വേണ്ടി ടെസ്റ്റ് ക്രിക്കറ്റില്‍ കളിക്കുകയെന്ന അദ്ദേഹത്തിന്റെ മോഹം പൂവണിയണമെങ്കില്‍ രഞ്ജിയില്‍ കേരളത്തിനു വേണ്ടി തകര്‍പ്പന്‍ പ്രകടനം നടത്തിയേ തീരൂ.

ധ്രുവ് ജുറേലിന്റെ വരവും ഇഷാന്‍ കിഷന്റെ മടങ്ങിവരവുമെല്ലാം റെഡ് ബോള്‍ ഫോര്‍മാറ്റില്‍ വിക്കറ്റ് കീപ്പര്‍ സ്ഥാനത്തേക്കുള്ള മല്‍സരത്തിനു മൂര്‍ച്ച കൂട്ടിയിരിക്കുകയാണ്. അതുകൊണ്ടു തന്നെ രഞ്ജിയില്‍ അസാധാരണമായി എന്തെങ്കിലും ചെയ്യാനായാല്‍ മാത്രമേ സഞ്ജുവിനു ഇന്ത്യന്‍ ടെസ്റ്റ് ടീമിലേക്കു വിളിയെത്തുകയുള്ളൂ.

ഏറ്റവും അവസാനമായി അദ്ദേഹം കളിച്ച റെഡ് ബോള്‍ ടൂര്‍ണമെന്റ് ദുലീപ് ട്രോഫിയായിരുന്നു. ടൂര്‍ണമെന്റിനായി ആദ്യം പ്രഖ്യാപിച്ച നാലു ടീമുകളിലും അദ്ദേഹം ഉള്‍പ്പെട്ടിരുന്നില്ല. എന്നാല്‍ ഇഷാന്‍ പരിക്കു കാരണം അവസാന നിമിഷം പിന്‍മാറിയതോടെ ഇന്ത്യ ഡി ടീമിലേക്കു സഞ്ജുവിനു വിളിയെത്തുകയായിരുന്നു.

SANJU SAMSON

ആദ്യ റൗണ്ട് മിസ്സായെങ്കിലും അടുത്ത രണ്ടു റൗണ്ടുകളിലും ടീമിന്റെ ഫസ്റ്റ് ചോയ്‌സ് വിക്കറ്റ് കീപ്പറായിരുന്നു അദ്ദേഹം. രണ്ടു മല്‍സരങ്ങളില്‍ നിന്നും 49 ശരാശരിയില്‍ 95.60 സ്‌ട്രൈക്ക് റേറ്റില്‍ 196 റണ്‍സ് സഞ്ജു അടിച്ചെടുക്കുകയും ചെയ്തു. ഒരു സെഞ്ച്വറിയടക്കമാണിത്. ഇന്ത്യ ബിക്കെതിരായ അവസാന റൗണ്ടിലാണ് സെഞ്ച്വറിയുമായി സഞ്ജു മിന്നിച്ചത്.

ദുലീപ് ട്രോഫിയിലെ പ്രകടനം ഇനി രഞ്ജിയില്‍ കേരളാ ടീമിനു വേണ്ടിയും തുടരാനായിരിക്കും അദ്ദേഹത്തിന്റെ ശ്രമം. വലിയ ഇന്നിങ്‌സുകള്‍ കളിക്കാനായാല്‍ അധികം വൈകാതെ തന്നെ റെഡ് ബോള്‍ ഫോര്‍മാറ്റിലും ടീം ഇന്ത്യക്കായി അരങ്ങേറാന്‍ സഞ്ജുവിനു സാധിക്കുമെന്നുറപ്പാണ്.

രഞ്ജി ട്രോഫിയുടെ ആദ്യ റൗണ്ടിനുള്ള കേരളാ ടീം

സച്ചിന്‍ ബേബി (ക്യാപ്റ്റന്‍), മുഹമ്മദ് അസ്ഹറുദ്ദീന്‍, വിഷ്ണു വിനോദ്, ബാബ അപരാചിത്, ജലജ് സക്‌സേന, ആദിത്യ സര്‍വാതെ, കെഎം ആസിഫ്, ബേസില്‍ തമ്പി, എംഡി നിധീഷ്, അക്ഷയ് ചന്ദ്രന്‍, ഫാസില്‍ ഫനൂസ്, വത്സല്‍ ഗോവിന്ദ്, കൃഷ്ണപ്രസാദ്, രോഹന്‍ കുന്നുമ്മല്‍, സല്‍മാന്‍ നിസാര്‍.

Story first published: Sunday, October 6, 2024, 13:53 [IST]
Other articles published on Oct 6, 2024
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+