കൊല്‍ക്കത്ത: ആഭ്യന്തര ക്രിക്കറ്റില്‍ കളിച്ച് ഇന്ത്യന്‍ ടെസ്റ്റ് അരങ്ങേറ്റത്തിനായി തയ്യാറെടുക്കാന്‍ ആവശ്യപ്പെട്ട സഞ്ജു സാംസണ്‍ മൂന്നാം റൗണ്ടില്‍ കളിച്ചേക്കില്ല. ഇതിനകം നടന്ന രണ്ടു റൗണ്ടുകളിലും അദ്ദേഹത്തിനു കാര്യമായി ഉപയോഗിക്കാന്‍ കഴിഞ്ഞിട്ടില്ല. ഇതിനു പിന്നാലെയാണ് ബംഗാളിനെതിരേ നാളെ (ശനി) ആരംഭിക്കുന്ന അടുത്ത കളിയില്‍ നിന്നും സഞ്ജു പിന്‍മാറുമെന്ന റിപ്പോര്‍ട്ടുകള്‍ വരുന്നത്. ഒരു ദേശീയ മാധ്യമമാണ് ഇക്കാര്യം പുറത്തുവിട്ടിരിക്കുന്നത്.
ഈ സീസണിലെ ഫസ്റ്റ് ക്ലാസ് ക്രിക്കറ്റ് സഞ്ജുവിനെ സംബന്ധിച്ച് ഇന്ത്യന്‍ ടെസ്റ്റ് ടീമിലേക്കുള്ള എന്‍ട്രന്‍സ് പരീക്ഷയ്ക്കു തുല്യമാണ്. ആഭ്യന്തര ക്രിക്കറ്റിനു വേണ്ടി നന്നായി തയ്യാറെടുക്കണമെന്നാണ് ഇന്ത്യന്‍ ടീം മാനേജ്‌മെന്റ് അദ്ദേഹത്തോടു ആവശ്യപ്പെട്ടിരിക്കുന്നത്. ടെസ്റ്റ് ടീമിലേക്കു പരിഗണിക്കുന്നുണ്ടെന്ന സൂചനയും സഞ്ജുവിനു അവര്‍ നല്‍കിയിരിന്നു. ഇതിനിടെയാണ് അദ്ദേഹത്തിനു അടുത്ത റൗണ്ട് നഷ്ടമായേക്കുമെന്ന റിപ്പോര്‍ട്ട് വരുന്നത്.

പിന്‍മാറ്റം എന്തുകൊണ്ട്?
അസുഖത്തെ തുടര്‍ന്നാണ് ബംഗാളുമായുള്ള രഞ്ജി ട്രോഫി മല്‍സരത്തില്‍ നിന്നും സഞ്ജു സാംസണ്‍ പിന്മാറാന്‍ ആലോചിക്കുന്നതെന്നാണ് ക്രിക്‌സ്റ്റസി എന്ന ക്രിക്കറ്റ് പോര്‍ട്ടല്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. അദ്ദേഹത്തിന്റെ കീഴ്ച്ചുണ്ടിനു താഴെ നീര്‍ക്കെട്ട് രൂപപ്പെട്ടിട്ടുണ്ടെന്നും ഇതിനു വേണ്ടിയുള്ള ചികില്‍സയ്ക്കു വേണ്ടിയാണ് സഞ്ജുവിന്റെ പിന്‍മാറ്റമെന്നുമാണ് റിപ്പോര്‍ട്ടില്‍ പരാമര്‍ശിക്കുന്നത്.
അടുത്ത മാസം എട്ടു മുതല്‍ നടക്കാനിരിക്കുന്ന സൗത്താഫ്രിക്കന്‍ പര്യടനത്തിനുള്ള ഇന്ത്യന്‍ ടി20 ടീമിലും അദ്ദേഹമുണ്ടാവുമെന്നു ഏറെക്കുറെ ഉറപ്പാണ്. അതുകൊണ്ടു തന്നെ സൗത്താഫ്രിക്കയിലേക്കു തിരിക്കും മുമ്പ് അസുഖം മാറ്റിയെടുക്കുന്നതിനു വേണ്ടിയാണ് ബംഗാളുമായുള്ള രഞ്ജി മല്‍സരത്തില്‍ നിന്നും പിന്‍മാറാന്‍ സഞ്ജു ആലോചിക്കുന്നത്. എന്നാല്‍ അദ്ദേഹത്തിന്റെ പിന്മാറ്റത്തെക്കുറിച്ച് ഔദ്യോഗിക സ്ഥിരീകരണമൊന്നും ഇനിയും വന്നിട്ടില്ല.
രഞ്ജിയിലെ പ്രകടനം
രഞ്ജി ട്രോഫിയുടെ ഈ സീസണില്‍ രണ്ടു റൗണ്ടുകള്‍ പൂര്‍ത്തിയായപ്പോള്‍ ഒരേയൊരു മല്‍സരം മാത്രമേ സഞ്ജു സാംസണിനു കളിക്കാനായിട്ടുള്ളൂ. ബംഗ്ലാദേശുമായുള്ള ടി20 പരമ്പരയില്‍ ഇന്ത്യന്‍ ടീമിന്റെ ഭാഗമായതിനാല്‍ പഞ്ചാബുമായുള്ള ആദ്യ റൗണ്ട് പോരാട്ടം അദ്ദേഹത്തിനു നഷ്ടമായിരുന്നു.
അതിനു ശേഷം കര്‍ണാടകയ്‌ക്കെതിരായ മല്‍സരത്തില്‍ സഞ്ജു കേരളാ ടീമിനോടൊപ്പം ചേരുകയും ചെയ്തു. പക്ഷെ ആലൂരില്‍ നടന്ന ഈ മല്‍സരം മഴയില്‍ മുങ്ങുകയായിരുന്നു. മഴയും പിച്ചിലെ ഈര്‍പ്പവും കാരണം കളിയുടെ ഭൂരിഭാഗവും മുടങ്ങുകയായിരുന്നു. ഒടുവില്‍ മല്‍സരം സമനിലയില്‍ കലാശിക്കുകയും ചെയ്തു.
കേരളത്തിനായി ആദ്യ ഇന്നിങ്‌സില്‍ ബാറ്റിങിനു ഇറങ്ങിയ സഞ്ജുവിനു വെറും 13 ബോളുകള്‍ മാത്രമേ നേരിടാന്‍ കഴിഞ്ഞുള്ളൂ. രണ്ടു ഫോറുകളും ഒരു സിക്‌സറുമടക്കം അദ്ദേഹം പുറത്താവാതെ 15 റണ്‍സ് സ്‌കോര്‍ ചെയ്യുകയും ചെയ്തു. മഴ കാരണം പിന്നീട് ബാറ്റിങ് പുനരാരംഭിക്കാന്‍ സാധിക്കാതെ വരികയായിരുന്നു.

സഞ്ജുവിനു തിരിച്ചടി
ബംഗാളുമായുള്ള രഞ്ജി ട്രോഫിയിലെ അടുത്ത മല്‍സരം നഷ്ടമായാല്‍ അതു സഞ്ജു സാംസണിനെ സംബന്ധിച്ച് വലിയ തിരിച്ചടി തന്നെയായിരിക്കും. ഇന്ത്യന്‍ ടെസ്റ്റ് ടീമിലേക്കുള്ള അദ്ദേഹത്തിന്റെ വരവ് കൂടിയാണ് ഇതു കാരണം വൈകുന്നത്. സീസണില്‍ കേരളത്തിനായി പരമാവധി മല്‍സരങ്ങളില്‍ കളിച്ച് കഴിവിന്റെ പരമാവധി പുറത്തെടുക്കാനായാല്‍ മാത്രമേ ടെസ്റ്റ് അരങ്ങേറ്റമെന്ന സഞ്ജുവിന്റെ സ്വപ്‌നം യാഥാര്‍ഥ്യമാവുകയുള്ളൂ.
പക്ഷെ അപ്രതീക്ഷിതമായ സംഭവങ്ങള്‍ അദ്ദേഹത്തിന്റെ രഞ്ജി സീസണിനു മേല്‍ കരിനിഴല്‍ വീഴ്ത്തുകയാണ്. ആദ്യം ദേശീയ ടീമിനൊപ്പമായതും പിന്നീട് മഴയും സഞ്ജുവിനു വില്ലനായപ്പോള്‍ ഇപ്പോള്‍ അസുഖവും വഴി മുടക്കിയായി വന്നിരിക്കുകയാണ്.
സൗത്തഫ്രിക്കയ്‌ക്കെതിരേ നടക്കാനിരിക്കുന്ന നാലു ടി20കളുടെ പരമ്പരയില്‍ ഇന്ത്യയുടെ ഫസ്റ്റ് ചോയ്‌സ് വിക്കറ്റ് കീപ്പര്‍ സഞ്ജു ആയിരിക്കുമെന്നാണ് സൂചനകള്‍. മാത്രമല്ല തുടര്‍ച്ചയായി രണ്ടാമത്തെ പരമ്പരയിലും അദ്ദേഹത്തിനു ടീമിനായി ഓപ്പണ്‍ ചെയ്യാനും അവസരം ലഭിച്ചേക്കും. കാരണം ഓസ്‌ട്രേലിയയുമായുള്ള ബോര്‍ഡര്‍- ഗവാസ്‌കര്‍ ട്രോഫി വരാനിരിക്കുന്നതിനാല്‍ മുന്‍നിര താരങ്ങള്‍ക്കു ഈ പരമ്പരയില്‍ ഇന്ത്യ വിശ്രമം അനുവദിക്കാനാണ് സാധ്യത.