Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

Ranji trophy 2022: മടങ്ങിവരവില്‍ മിന്നിച്ച് ശ്രീശാന്ത്, ഇരട്ട വിക്കറ്റ്!- മേഘാലയ 148ന് പുറത്ത്

രാജ്‌കോട്ട്: ഐപിഎല്‍ മെഗാ ലേലത്തില്‍ തനിക്കെതിരായ അവഗണനയ്ക്കും കളിക്കളത്തില്‍ തകര്‍പ്പന്‍ പ്രകടനത്തിലൂടെ മറുപടി നല്‍കിയിരിക്കുകയാണ് ഇന്ത്യയുടെ മുന്‍ ഫാസ്റ്റ് ബൗളറും മലയാളിയുമായ ശ്രീശാന്ത്. നീണ്ട ഒമ്പതു വര്‍ഷങ്ങള്‍ക്കു രഞ്ജി ട്രോഫിയിലൂടെ ഫസ്റ്റ് ക്ലാസ് ക്രിക്കറ്റിലേക്കു മടങ്ങിയെത്തിയ അദ്ദേഹം ഇരട്ട വിക്കറ്റുകളുമായാണ് ഇതു ആഘോഷിച്ചത്. മേഘാലയക്കെതിരേ നടക്കുന്ന എലൈറ്റ് ഗ്രൂപ്പ് മല്‍സരത്തിലാണ് ശ്രീ മിന്നിച്ചത്.

1

മല്‍സരത്തില്‍ ടോസ് ലഭിച്ച കേരള ക്യാപ്റ്റന്‍ സച്ചിന്‍ ബേബി ബൗളിങ് തിരഞ്ഞെടുക്കുകയായിരുന്നു. കേരളത്തിന്റെ ബൗളിങ് ആക്രമണത്തിനെതിരേ മേഘാലയ ക്യാപ്റ്റന്‍ പുനീത് ബിഷ്തിനൊഴികെ (93) മറ്റാര്‍ക്കും പിടിച്ചുനില്‍ക്കാനായില്ല. വെറും 148 റണ്‍സിന് ആദ്യദിനം തന്നെ മേഘാലയ പുറത്തായി. 90 ബോളില്‍ 19 ബൗണ്ടറികളുള്‍പ്പെട്ടതായിരുന്നു അദ്ദേഹത്തിന്റെ ഇന്നിങ്‌സ. ഓപ്പണര്‍ കിഷന്‍ ലിങ്‌ദോ (26), ചിരാഗ് ഖുരാന (15) എന്നിവരാണ് രണ്ടക്ക സ്‌കോര്‍ നേടിയ മറ്റുള്ളവര്‍.

മറുപടി ബാറ്റിങില്‍ കേരളം ആദ്യദിനം സ്റ്റംപെടുക്കുമ്പോള്‍ ഒരു വിക്കറ്റിനു 205 റണ്‍സെന്ന ശക്തമായ നിലയിലാണ്. കേരളത്തിന് ഇപ്പോള്‍ 57 റണ്‍സിന്റെ ലീഡുണ്ട്. രോഹന്‍ കുന്നുമ്മലിന്റെ (107) തകര്‍പ്പന്‍ സെഞ്ച്വറിയാണ് കേരളത്തിനു കരുത്തായത്. 97 ബോളില്‍ താരം 17 ബൗണ്ടറികളും ഒരു സിക്‌സറുമടിച്ചു. 91 റണ്‍സുമായി പി രാഹുലും നാലു റണ്‍സെടുത്ത ജലജ് സക്‌സേനയുമാണ് ക്രീസില്‍.

2

കേരളത്തിനു വേണ്ടി ശ്രീശാന്തുള്‍പ്പെടെ നാലു ബൗളര്‍മാരെയാണ് ക്യാപ്റ്റന്‍ സച്ചിന്‍ ബേബി പരീക്ഷിച്ചത്. മേഘാലയയുടെ കഥ കഴിക്കാന്‍ കേരളത്തിനു ഇവര്‍ തന്നെ ധാരാളമായിരുന്നു. ഫസ്റ്റ് ക്ലാസ് ക്രിക്കറ്റിലെ കന്നി മല്‍സരം കളിച്ച 17 കാരനായ ഈദന്‍ ആപ്പിള്‍ ടോമായിരുന്നു കേരള ബൗളിങിലെ തുറുപ്പുചീട്ട്. നാലു വിക്കറ്റുകള്‍ താരം വീഴ്ത്തി. ഒമ്പതോവറില്‍ രണ്ടു മെയ്ഡനടക്കം 41 റണ്‍സ് വിട്ടുകൊടുത്താണ് ഈദന്‍ നാലു പേരെ പുറത്താക്കിയത്.മനുകൃഷ്ണന്‍ മൂന്നു വിക്കറ്റുകളുമായി മികച്ച പിന്തുണയേകിയപ്പോള്‍ രണ്ടു വിക്കറ്റുമായി ശ്രീശാന്തും ഒരു വിക്കറ്റെടുത്ത ബേസില്‍ തമ്പിയും തങ്ങളുടെ റോളുകള്‍ ഭംഗിയാക്കി.

ഫാസ്റ്റ് ബൗളിങ് ഓള്‍റൗണ്ടര്‍ കൂടിയാണ് പത്തനം തിട്ടയില്‍ നിന്നുള്ള ഈദന്‍. കഴിഞ്ഞ അണ്ടര്‍ 16 വിജയ് മര്‍ച്ചന്റ് ട്രോഫിയില്‍ താരം ശ്രദ്ധേയമായ പ്രകടനം കാഴ്ചവച്ചിരുന്നു. കൂടാതെ അണ്ടര്‍ 19 കൂച്ച് ബെഹര്‍ ട്രോഫിയിലും ഈദന്‍ മിന്നിച്ചു. 15 വിക്കറ്റുകളുമായി കേരളത്തിന്റെ വിക്കറ്റ് വേട്ടക്കാരന്‍ കൂടിയായിരുന്നു കൗമാര താരം.

3

11.4 ഓവറില്‍ രണ്ടു മെയ്ഡനടക്കം 40 റണ്‍സ് മാത്രം വിട്ടുകൊടുത്താണ് ശ്രീശാന്ത് രണ്ടു പേരെ പുറത്താക്കിയത്. 3.40 എന്ന മികച്ച ഇക്കോണമി റേറ്റ് അദ്ദേഹം നിലനിര്‍ത്തുകയും ചെയ്തു. മേഘാലയയുടെ അവസാനത്തെ രണ്ടു വിക്കറ്റുകളാണ് ശ്രീശാന്തിനു ലഭിച്ചത്. ആര്യന്‍ ബോറയുടെ വിക്കറ്റാണ് അദ്ദേഹം ആദ്യം നേടിയത്. ഒരു റണ്‍സെടുത്ത ആര്യനെ ശ്രീശാന്ത് വിക്കറ്റ് കീപ്പറായ വിഷ്ണു വിനോദിന്റെ കൈകളിലെത്തിക്കുകയായിരുന്നു. തൊട്ടടുത്ത ബോളില്‍ തന്നെ ചെങ്ഗാം സാങ്മയെ ശ്രീ ഗോള്‍ഡന്‍ ഡെക്കാക്കി മേഘാലയയുടെ ഇന്നിങ്‌സ് അവസാനിപ്പിക്കുകയും ചെയ്തു. ഇത്തവണയും വിഷ്ണു വിനോദാണ് ക്യാച്ചെടുത്തത്.

4

ഒത്തുകളി വിവാദത്തിലകപ്പെടുകയും പിന്നീട് കുറ്റവിമുക്തനാക്കപ്പെടകുയും ചെയ്‌തെങ്കിലും ശ്രീശാന്തിന്റെ വിലക്ക് നീക്കാന്‍ ബിസിസിഐ തയ്യാറായില്ല. ഒടുവില്‍ വര്‍ഷങ്ങള്‍ നീണ്ട നിയമപ്പോരാട്ടത്തിനൊടുവിലാണ് അദ്ദേഹം ഇതിനെതിരേ വിജയം നേടിയത്. കഴിഞ്ഞ വര്‍ഷത്തെ രഞ്ജി ട്രോഫിയില്‍ കേരളത്തിനായി കളിച്ച് ശ്രീ ഫസ്റ്റ് ക്ലാസ് ക്രിക്കറ്റിലേക്കു മടങ്ങി വരാനിരുന്നതായിരുന്നു. അദ്ദേഹത്തെ കേരള ടീമിലുള്‍പ്പെടുത്തുകയും ചെയ്തിരുന്നു. പക്ഷെ കൊവിഡ് മഹാമാരി ശ്രീയുടെ വില്ലനായി മാറി. കൊവിഡ് കാരണം രഞ്ജി ട്രോഫി ഉപേക്ഷിക്കപ്പെട്ടതോടെ അദ്ദേഹത്തിന്റെ തിരിച്ചുവരവ് നീളുകയായിരുന്നു. ഒടുവില്‍ ഈ സീസണിലെ രഞ്ജിയിലൂടെ ശ്രീ തിരിച്ചുവരവ് നടത്തിയിരിക്കുകയാണ്. ഇരട്ട വിക്കറ്റുകളുമായി മടങ്ങിവരവ് അവിസ്മരണീയമാക്കാന്‍ അദ്ദേഹത്തിനു സാധിക്കുകയും ചെയ്തു.

5

വലിയ പ്രതീക്ഷയോടെയായിരുന്നു ഇത്തവണ ഐപിഎല്‍ മെഗാ ലേലത്തില്‍ ശ്രീശാന്ത് രജിസ്റ്റര്‍ ചെയ്തത്. 50 ലക്ഷം രൂപയായിരുന്നു അദ്ദേഹത്തിന്റെ അടിസ്ഥാന വില. നേരത്തേയുള്ള രണ്ടു ഫ്രാഞ്ചൈസികളോടൊപ്പം ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സ്, ഗുജറാത്ത് ടൈറ്റന്‍സ് എന്നീ രണ്ടു പുതിയ ടീമുകള്‍ കൂടി ഐപിഎല്ലിലേക്കു വന്നതിനാല്‍ തനിക്കു ലേലത്തില്‍ തീര്‍ച്ചയായും അവസരം ലഭിക്കുമെന്ന പ്രതീക്ഷയിലായിരുന്നു ശ്രീശാന്ത്.

6

പക്ഷെ രണ്ടു ദിവസമായി ബെംഗളൂരുവില്‍ നടന്ന താരലേലത്തില്‍ അദ്ദേഹത്തിന്റെ പേര് പോലും വിളിക്കപ്പെട്ടില്ല. വാങ്ങാന്‍ താല്‍പ്പര്യമുള്ള കളിക്കാരുടെ ലിസ്റ്റ് നല്‍കാന്‍ മുഴുവന്‍ ഫ്രാഞ്ചൈസികളോടും ഓക്ഷ്‌നര്‍ ആവശ്യപ്പെട്ടിരുന്നു. ഇതു പ്രകാരം 10 ടീമുകളും നല്‍കിയ താരങ്ങളുടെ ലിസ്റ്റില്‍ ശ്രീ ഉള്‍പ്പെട്ടില്ല. ഈ കാരണത്താലാണ് അദ്ദേഹത്തിന്റെ പേരും ലേലത്തില്‍ വരാതെ പോയത്.

Story first published: Thursday, February 17, 2022, 22:22 [IST]
Other articles published on Feb 17, 2022
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+