
രാജ്‌കോട്ട്: രഞ്ജി ട്രോഫിയില്‍ മേഘാലയ്‌ക്കെതിരേ കേരളത്തിന് കൂറ്റന്‍ ലീഡ്. മേഘാലയുടെ 148 റണ്‍സെന്ന ഒന്നാം ഇന്നിങ്‌സ് സ്‌കോറിന് മറുപടിക്കിറങ്ങിയ കേരളം രണ്ടാം ദിനം കളിനിര്‍ത്തുമ്പോള്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 454 റണ്‍സെന്ന മികച്ച നിലയിലാണ്. രണ്ട് വിക്കറ്റ് ശേഷിക്കെ 306 റണ്‍സിന്റെ ലീഡ് കേരളത്തിനുണ്ട്. വത്സല്‍ ഗോവിന്ദിനൊപ്പം (76*) എസ് ശ്രീശാന്താണ് ക്രീസില്‍. മേഘാലയുടെ ബൗളിങ് നിരയ്‌ക്കെതിരേ കേരള ബാറ്റിങ് നിര സര്‍വാധിപത്യം പുലര്‍ത്തിയെന്ന് പറയാം.
പി രാഹുലും (147) രോഹന്‍ കുന്നുമലും (107) ചേര്‍ന്ന് നല്‍കിയ മികച്ച തുടക്കത്തെ മുതലാക്കാന്‍ കേരളത്തിന് സാധിച്ചുവെന്ന് തന്നെ പറയാം. ഒന്നാം വിക്കറ്റില്‍ 201 റണ്‍സാണ് ഇരുവരും ചേര്‍ന്ന് ഓപ്പണിങ്ങില്‍ നേടിയത്. ഏകകദിന ശൈലിയില്‍ ബാറ്റുവീശിയ രോഹന്‍ 97 പന്തുകള്‍ നേരിട്ടാണ് 107 റണ്‍സ് നേടിയത്. 17 ഫോറും ഒരു സിക്‌സും രോഹന്‍ പറത്തി. നിലയുറപ്പിച്ച് കളിച്ച രാഹുല്‍ 239 പന്തുകള്‍ നേരിട്ട് 17 ഫോറും ഒരു സിക്‌സും തന്നെയാണ് നേടിയത്.

മൂന്നാമന്‍ ജലജ് സക്‌സേന (10) വലിയൊരു സ്‌കോര്‍ പടുത്തുയര്‍ത്താനാവാതെ മടങ്ങിയെങ്കിലും ക്യാപ്റ്റന്‍ സച്ചിന്‍ ബേബിയും (56) വത്സല്‍ ഗോവിന്ദും മധ്യനിരയില്‍ അര്‍ധ സെഞ്ച്വറികളോടെ തിളങ്ങി. സച്ചിന്‍ ബേബി 113 പന്തുകള്‍ നേരിട്ട് ആറ് ബൗണ്ടറിയാണ് നേടിയത്. വത്സല്‍ 147 പന്തുകള്‍ നേരിട്ട് നാല് ഫോറും ഒരു സിക്‌സും പറത്തിയാണ് ക്രീസില്‍ തുടരുന്നത്. കരുതലോടെ ബാറ്റുവീശിയ വത്സല്‍ മോശം പന്തുകളെ ആക്രമിക്കുകയും ചെയ്തു.
വമ്പനടിക്കാരെന്ന് വിശേഷണമുള്ള വിക്കറ്റ് കീപ്പര്‍ വിഷ്ണു വിനോദിന് (4) തിളങ്ങാനായില്ല. 17 പന്തുകള്‍ മാത്രമാണ് അദ്ദേഹത്തിന് ക്രീസില്‍ പിടിച്ചുനില്‍ക്കാനായത്. സിജോമോന്‍ ജോസഫ് 61 പന്തുകള്‍ നേരിട്ട് 21 റണ്‍സ് നേടി. മികച്ച തുടക്കത്തെ വലിയ സ്‌കോറിലേക്കെത്തിക്കാന്‍ അദ്ദേഹത്തിനായില്ല. ഉണ്ണികൃഷ്ണന്‍ മനുകൃഷ്ണന്‍ (11), ബേസില്‍ തമ്പി (8) എന്നിവരുടെയും വിക്കറ്റ് കേരളത്തിന് നഷ്ടമായി. മൂന്നാം ദിനം ശ്രീശാന്തിനെ കൂട്ടുപിടിച്ച് ശ്രീവത്സിന് സെഞ്ച്വറി നേടാനാവുമോയെന്നത് കണ്ടറിയാം. മേഘാലയ്ക്കായി ചിരാഗ് ഖുരാന മൂന്ന് വിക്കറ്റും നഫീസ് സിദ്ധിഖ്, ആര്യാന ബോറ എന്നിവര്‍ രണ്ട് വിക്കറ്റും ദിപ്പു സംഗമ ഒരു വിക്കറ്റും സ്വന്തമാക്കി.

നേരത്തെ ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത മേഘാലയ്ക്ക് 148 റണ്‍സെടുക്കാനെ സാധിച്ചുള്ളൂ. നായകന്‍ പുനിത് ബിഷ്ട് (93), കിഷന്‍ ലെയ്ങ്‌ഡോഹ് (26), സി ഖുരാന (15) എന്നിവര്‍ക്ക് മാത്രമാണ് മൂന്നക്കം കാണാനായത്. മധ്യനിരയെ അതിവേഗം എറിഞ്ഞൊതുക്കാന്‍ കേരള ബൗളര്‍മാര്‍ക്കായി. കേരളത്തിന്റെ പേസ് ബൗളര്‍മാരുടെ പ്രകടനമാണ് എടുത്തുപറയേണ്ടത്. അരങ്ങേറ്റക്കാരന്‍ ഏദന്‍ ആപ്പില്‍ ടോം നാല് വിക്കറ്റുമായി തിളങ്ങി. 9 ഓവറില്‍ 41 റണ്‍സ് വഴങ്ങിയാണ് നാല് വിക്കറ്റ് പ്രകടനം.
ഐപിഎല്‍ ലേലത്തില്‍ വാങ്ങാന്‍ ആളില്ലാതെ പോയ എസ് ശ്രീശാന്ത് രണ്ട് വിക്കറ്റുമായി തിളങ്ങി. 11.4 ഓവറില്‍ 40 റണ്‍സ് വിട്ടുകൊടുത്താണ് ശ്രീശാന്തിന്റെ രണ്ട് വിക്കറ്റ് പ്രകടനം. മനുകൃഷ്ണന്‍ 11 ഓവറില്‍ 34 റണ്‍സ് വഴങ്ങി മൂന്ന് വിക്കറ്റും ബേസില്‍ 9 ഓവറില്‍ 25 റണ്‍സ് വിട്ടുകൊടുത്ത് ഒരു വിക്കറ്റും നേടി. ഐപിഎല്‍ മെഗാ ലേലത്തില്‍ ചാമ്പ്യന്‍ ടീമായ മുംബൈ ഇന്ത്യന്‍സ് ബേസില്‍ തമ്പിയെ വാങ്ങിയിരുന്നു.

രണ്ട് വര്‍ഷത്തെ ഇടവേളക്ക് ശേഷം നടക്കുന്ന രഞ്ജി ട്രോഫിയില്‍ കേരളത്തിന്റെ ആദ്യ മത്സരത്തിലെ പ്രകടനം വലിയ പ്രതീക്ഷ നല്‍കുന്നതാണ്. ശക്തമായ ടീമിന്റെ പിന്‍ബലത്തോടെ ഇറങ്ങുന്ന കേരളം കപ്പുയര്‍ത്തുമോയെന്നത് കാത്തിരുന്ന് കാണാം.