നാഗ്പൂര്‍: വിദര്‍ഭയുമായുള്ള രഞ്ജി ട്രോഫി കലാശപ്പോരില്‍ കേരളം വീറുറ്റ പോരാട്ടവുമായി രണ്ടാംദിനം തിരിച്ചടിക്കുകയാണ്. വിദര്‍ഭയുടെ ഒന്നാമിന്നിങ്‌സ് ടോട്ടലായ 379 റണ്‍സിനു മറുപടിയില്‍ ബാറ്റിങിന് ഇറങ്ങിയ കേരളം മൂന്നാംദിനം രണ്ടാം സെഷനില്‍ 88 ഓവറുകള്‍ പൂര്‍ത്തിയായപ്പോള്‍ അഞ്ചു വിക്കറ്റിനു 258 റണ്‍സെടുത്തിട്ടുണ്ട്. നായകന്റെ ഇന്നിങ്‌സുമായി മുന്നില്‍ നിന്നും പട നയിക്കുന്ന സച്ചിന്‍ ബേബിയും (63) മുഹമ്മദ് അസ്ഹറുദ്ദീനുമാണ് (26) ക്രീസിലുള്ളത്.
അഞ്ചു വിക്കറ്റുകള്‍ ബാക്കിനില്‍ക്കെ വിദര്‍ഭയ്‌ക്കൊപ്പമെത്താന്‍ കേരളത്തിനു ഇനി 121 റണ്‍സ് കൂടിയാണ് വേണ്ടത്. ലീഡ് തന്നെയായിരിക്കും കേരളം ലക്ഷ്യമിടുന്നത്. നേരത്തേ ക്വാര്‍ട്ടറും സെമിയുമെല്ലാം സമനിലയില്‍ കലാശിച്ചപ്പോള്‍ കേരളത്തിനു തുണയായത് ഒന്നാമിന്നിങ്‌സിലെ നേരിയ ലീഡുകളായിരുന്നു.

ഇതിനിടെ വിദര്‍ഭയ്‌ക്കെതിരേ ഇന്നു പുറത്താവലില്‍ നിന്നും അഭ്ഭുതകരമായി രക്ഷപ്പെട്ടിരിക്കുകയാണ് സച്ചിന്‍. അദ്ദേഹത്തിന്റെ മികച്ചൊരു റിവ്യുവാണ് ഇതിനു സഹായിച്ചത്. കളിയിലെ ടേണിങ് പോയിന്റായ സംഭവം എന്താണെന്നു നോക്കാം.
ചാമ്പ്യന്‍സ് ട്രോഫി: രോഹിത്തടക്കം 2 പേര്‍ പുറത്ത്!! ഗില്‍ നയിക്കും, കിവീസിനെതിരായ ഇന്ത്യന്‍ 11
കിടിലന്‍ റിവ്യു
മൂന്നാംദിനം ലഞ്ച് ബ്രേക്കിനു ശേഷം വിദര്‍ഭ സ്പിന്നര്‍ പാര്‍ത്ത് രഖാഡെയെറിഞ്ഞ ഓവറിലാണ് സച്ചിന്‍ ബേബിയുടെ കിടിലന്‍ റിവ്യു കേരളത്തെ രക്ഷിച്ചത്. 76ാമത്തെ ഓവറിലായിരുന്നു സംഭവം. അഞ്ചു വിക്കറ്റിനു 234 റണ്‍സെന്ന നിലയിലാണ് 75ാം ഓവര്‍ കേരളം അവസാനിപ്പിച്ചത്. 54 റണ്‍സുമായി സച്ചിനും 12 റണ്‍സെടുത്ത മുഹമ്മദ് അസ്ഹറുദ്ദീനുമായിരുന്നു ക്രീസില്‍.
ആദ്യത്തെ രണ്ടു ബോളിലും സച്ചിനു റണ്ണൊന്നുമെടുക്കാനായില്ല. മൂന്നാമത്തെ ബോളില്‍ താരം വിക്കറ്റിനു മുന്നില്‍ കുരുങ്ങുകയും ചെയ്തു. പിന്നാലെ വിദര്‍ഭ താരങ്ങളുടെ ശക്തമായ എല്‍ബിഡബ്ല്യു അപ്പീല്‍. അംപയര്‍ അതു ഔട്ട് വിധിക്കുകയും ചെയ്തു. വളരെ ക്ലോസായിട്ടാണ് അതു കാണപ്പെട്ടത്.
പക്ഷെ താന്‍ ഔട്ടല്ലെന്ന ഉറച്ച വിശാസം സച്ചിനുണ്ടായിരുന്നു. ബാറ്റിങ് പങ്കാളിയായ അസ്ഹറുദ്ദീനോടു അഭിപ്രായം പോലും ചോദിക്കാതെ കേരളാ നായകന്‍ റിവ്യു എടുക്കുകയും ചെയ്തു. റീപ്ലേയില്‍ പാഡില്‍ പതിക്കും മുമ്പ് ബാറ്റില്‍ നേരിയ എഡ്ജുണ്ടായിരുന്നതായി അള്‍ട്രാ എഡ്ജില്‍ തെളിയുകയും ചെയ്തു.

ഇതോടെ തേര്‍ഡ് അംപയര്‍ നോട്ടൗട്ടും വിധിക്കുകയായിരുന്നു. വിക്കറ്റുറപ്പിച്ച വിദര്‍ഭ ടീം ഇതു കണ്ട് സ്തബ്ധരായപ്പോള്‍ സച്ചിന്റെയും കേരളാ താരങ്ങളുടെ മുഖത്ത് ആശ്വാസവും ആഹ്ലാദവുമായിരുന്നു. സച്ചിന്റെ 100ാമത്തെ ഫസ്റ്റ് ക്ലാസ് മല്‍സരം കൂടിയാണിത്. തകര്‍പ്പന്‍ സെഞ്ച്വറിയുമായി കരിയറിലെ ഈ നാഴികക്കല്ല് ആഘോഷിക്കാനായിരിക്കും അദ്ദേഹത്തിന്റെ ശ്രമം.
അതേസമയം, റണ്‍ചേസില്‍ അക്ഷയ് ചന്ദ്രന്‍ (14), രോഹന്‍ കുന്നുമ്മല്‍ (0), ആദിത്യ സര്‍വാതെ (79), അഹമ്മദ് ഇമ്രാന്‍ (37), സല്‍മാന്‍ നിസാര്‍ (21) എന്നിവരുടെ വിക്കറ്റുകളാണ് കേരളത്തിനു നഷ്ടമായത്. തുടക്കം തകര്‍ച്ചയോടെയായിരുന്നു.
രണ്ടു വിക്കറ്റിനു 14ലേക്കു വീണ കേരളത്തെ തിരിച്ചുകൊണ്ടുവന്നത് മൂന്നാം വിക്കറ്റില്‍ ആദിത്യ സര്‍വാതെ- അഹമ്മദ് ഇമ്രാന്‍ സഖ്യം ചേര്‍ന്നെടുത്ത 93 റണ്‍സാണ്. അഹമ്മദ് മടങ്ങിയ ശേഷം സര്‍വാതെയും സച്ചിനുമിടയില്‍ മറ്റൊരു ഫിഫ്റ്റി പ്ലസ് റണ്‍സിന്റെ കൂട്ടുകെട്ട് കണ്ടു. 64 റണ്‍സാണ് ഈ ജോടി നേടിയത്.