ദില്ലി: ഐ പി എല്ലിലെ പുതിയ ടീമായ രാജ്‌കോട്ടിന് പേരും ക്യാപ്റ്റനും ആയി. ഗുജറാത്ത് ലയണ്‍സ് എന്നാണ് ടീമിന് പേര്. ഇന്ത്യയുടെ മധ്യനിര ബാറ്റ്‌സ്മാന്‍ സുരേഷ് റെയ്‌നയാണ് ടീമിന് നായകന്‍. ഐ പി എല്ലിലെ മറ്റൊരു പുതിയ ടീമായ പുനെ, റൈസിങ് പുനെ സൂപ്പര്‍ജയന്റ്‌സ് എന്ന് പേരിട്ടിരുന്നു. ഇന്ത്യന്‍ ക്യാപ്റ്റന്‍ എം എസ് ധോണിയാണ് ടീമിനെ നയിക്കുന്നത്.
ന്യൂസിലന്‍ഡ് ക്യാപ്റ്റനായി ബ്രണ്ടന്‍ മക്കുല്ലത്തെ മറികടന്നാണ് റെയ്‌നയെ രാജ്‌കോട്ട് ക്യാപ്റ്റനാക്കിയിരിക്കുന്നത്. ലോകകപ്പില്‍ അടക്കം ടീമിനെ നയിച്ച് പരിചയമുള്ള മക്കുല്ലം ടീമിനെ നയിക്കും എന്നായിരുന്നു പരക്കെ പ്രതീക്ഷിക്കപ്പെട്ടിരുന്നത്. വെസ്റ്റ് ഇന്‍ഡീസിന്റെ ക്യാപ്റ്റനായിരുന്നു ഡ്വെയ്ന്‍ ബ്രാവോയാണ് ടീമിലെ മറ്റൊരു പ്രധാന താരം. ഇന്ത്യയുടെ രവീന്ദ്ര ജഡേജ, ഓസീസ് ഓള്‍റൗണ്ടര്‍ ജയിംസ് ഫോക്‌നര്‍ എന്നിവരാണ് ടീമിലെ മറ്റ് കളിക്കാര്‍.

ഐ പി എല്ലിന്റെ കഴിഞ്ഞ ഏഴ് സീസണും സുരേഷ് റെയ്‌ന ചെന്നൈ സൂപ്പര്‍ കിംഗ്‌സിന് വേണ്ടിയാണ് കളിച്ചത്. എട്ട് വര്‍ഷത്തിന് ശേഷം ആദ്യമായി ഐ പി എല്ലില്‍ രണ്ട് ടീമുകളിലായി കളിക്കുകയാണ് ധോണിയും റെയ്‌നയും. റെയ്‌ന മാത്രമല്ല, രവീന്ദ്ര ജഡേജയും ധോണിക്കെതിരെ കളിക്കുന്നത് ഇത് ഏറെ വര്‍ഷങ്ങള്‍ക്ക് ശേഷമാണ്.
ചെന്നൈയുടെ പ്രമുഖ താരങ്ങളായ റെയ്‌നയും ജഡേജയും മക്കുല്ലവും ബ്രാവോയും രാജ്‌കോട്ടിലേക്ക് വന്നപ്പോള്‍ ധോണിയും അശ്വിനും ഡുപ്ലിസിയും പുനെ ടീമിനൊപ്പം പോയി. അഞ്ച് താരങ്ങളാണ് ഇരുടീമുകള്‍ക്കും ഉള്ളത്. ബാക്കി ടീമംഗങ്ങളെ അവശേഷിക്കുന്ന 27 കോടി രൂപ കൊണ്ട് വാങ്ങണം. ഫെബ്രുവരി 6ന് ബെംഗളൂരുവിലാണ് താരലേലം.