ഇന്ത്യന്‍ ക്രിക്കറ്റ് ടീമിലെ മലയാളികളുടെ സ്വകാര്യ അഹങ്കാരമാണ് സഞ്ജു സാംസണ്‍. ഇന്ത്യന്‍ ക്രിക്കറ്റ് ടീമിനൊപ്പം അടിച്ചു തകര്‍ത്ത് സഞ്ജു ചേട്ടന്‍ മുന്നേറുമ്പോള്‍ കേരളത്തിലെ ആരാധകര്‍ക്കത് ആവേശ കാഴ്ച. ടി20യില്‍ തുടര്‍ച്ചയായി രണ്ട് സെഞ്ച്വറികള്‍ നേടി സഞ്ജു പ്രശംസകളുടെ കൊടിമുടിയില്‍ നില്‍ക്കവെ ഇന്ന് അദ്ദേഹത്തിന് 30ാം പിറന്നാള്‍. ഇന്ത്യന്‍ ടീമിലെ അഭിവാജ്യ ഘടകമല്ലെങ്കിലും ആരാധക മനസില്‍ വലിയ സ്ഥാനം സഞ്ജുവിനുണ്ട്.
അതുകൊണ്ടുതന്നെ നിരവധി പേരാണ് സഞ്ജു സാംസണിന് ജന്മദിനാശംസകള്‍ നേര്‍ന്നിരിക്കുന്നത്. സഞ്ജു സാംസണിന്റെ വളര്‍ച്ചയില്‍ ഏറ്റവും നിര്‍ണ്ണായക പങ്കുവഹിച്ചത് രാജസ്ഥാന്‍ റോയല്‍സാണ്. ഐപിഎല്ലില്‍ രാജസ്ഥാന്‍ സഞ്ജുവിന് നല്‍കിയ പിന്തുണയാണ് ഇന്നത്തെ നിലയിലേക്ക് അദ്ദേഹത്തെ വളര്‍ത്തിയത്. ഇപ്പോഴിതാ സഞ്ജുവിന്റെ ബര്‍ത്ത് ഡേക്ക് രാജസ്ഥാന്‍ പങ്കുവെച്ച ജന്മദിനാശംസകളുടെ പോസ്റ്റ് ഇപ്പോള്‍ വൈറലായിരിക്കുകയാണ്.
സഞ്ജുവിന് ആവേശ ആശംസ
സമീപകാലത്ത് മലയാളത്തില്‍ ഇറങ്ങിയ സൂപ്പര്‍ഹിറ്റ് സിനിമയാണ് ആവേശം. അതില്‍ ഫഹദ് ഫാസില്‍ നായകനായ രങ്കണ്ണന്‍ കഥാപാത്രത്തിന് വലിയ സ്വീകാര്യതയാണ് ലഭിച്ചത്. വെള്ള പാന്റും ഷര്‍ട്ടും സ്വര്‍ണ്ണാഭരണങ്ങളും ധരിച്ച രങ്കണ്ണന്‍ കഥാപാത്രം ആരാധക ഹൃദയങ്ങള്‍ കീഴടക്കിയാണ് മുന്നേറിയത്. ഇപ്പോഴിതാ സഞ്ജുവിനെ രങ്കണ്ണനാക്കിയാണ് രാജസ്ഥാന്‍ ജന്മദിനാശംസകള്‍ നേര്‍ന്നത്. ഹാപ്പി ബര്‍ത്ത് ഡേ സഞ്ജു എന്നതിനോടൊപ്പം മാസ് ജന്മദിനാഘോഷം ഇവിടെ തുടങ്ങുകയാണ് എന്നും രാജസ്ഥാന്റെ പോസ്റ്റില്‍ കുറിക്കുന്നു.
എന്തായാലും മാസ് ലുക്കിലുള്ള സഞ്ജുവിന്റെ പോസ്റ്റര്‍ ഇതിനോടകം ആരാധകര്‍ ഏറ്റെടുത്ത് കഴിഞ്ഞു. വരുന്ന സീസണിലും രാജസ്ഥാന്റെ നായകനായി സഞ്ജു സാംസണാണുള്ളത്. ഇക്കാര്യം പരിശീലകന്‍ രാഹുല്‍ ദ്രാവിഡും ടീം മാനേജ്‌മെന്റും വ്യക്തമാക്കിയിട്ടുണ്ട്. 18 കോടി രൂപക്കാണ് സഞ്ജുവിനെ ഇത്തവണ രാജസ്ഥാന്‍ നിലനിര്‍ത്തിയത്. സഞ്ജുവിന്റെ ആരാധകര്‍ രാജസ്ഥാന് നല്‍കുന്ന വലിയ പിന്തുണ സമീപകാലത്തെ ടീമിന്റെ മൂല്യം ഉയര്‍ത്താന്‍ സഹായിച്ചിട്ടുണ്ട്.

ചാരുവിന്റെ ആശംസയും വൈറല്‍
സഞ്ജു സാംസണിന്റെ ഭാര്യ ചാരുലത നേര്‍ന്ന ജന്മദിനാശംസയും ഇതിനോടകം വൈറലാണ്. 'എന്റെ മനോഹരമായ ഇംപാക്ട് പ്ലയര്‍' എന്നാണ് ചാരു ആശംസിച്ചത്. ഇന്‍സ്റ്റഗ്രാമില്‍ ഇരുവരും ഒപ്പമുള്ള ചിത്രം പങ്കുവെച്ചാണ് ചാരു ആശംസ നേര്‍ന്നത്. നിലവില്‍ സഞ്ജു ദക്ഷിണാഫ്രിക്കയിലാണുള്ളത്. ആദ്യ ടി20യില്‍ സെഞ്ച്വറിയടിച്ച സഞ്ജു രണ്ടാം ടി20യില്‍ ഡെക്കിനാണ് പുറത്തായത്. പരമ്പരയിലെ വരുന്ന മത്സരങ്ങളിലും തകര്‍പ്പന്‍ പ്രകടനം നടത്തി സഞ്ജു കൈയടി നേടുമെന്ന് തന്നെ പ്രതീക്ഷിക്കാം.
കരിയറിലെ ഏറ്റവും മികച്ച സമയത്തിലൂടെയാണ് സഞ്ജു സാംസണ്‍ കടന്ന് പോകുന്നത്. ടി20യില്‍ തുടര്‍ച്ചയായി രണ്ട് സെഞ്ച്വറി നേടുന്ന ആദ്യ ഇന്ത്യന്‍ താരമാണ് സഞ്ജു സാംസണ്‍. കേരളത്തില്‍ നിന്ന് അന്താരാഷ്ട്ര ക്രിക്കറ്റിലേക്കെത്തി ഇത്രയും വളര്‍ച്ച കൈവരിച്ച മറ്റൊരു താരവുമല്ലെന്ന് പറയാം. അതുകൊണ്ടുതന്നെ സഞ്ജുവിന്റെ ജന്മദിനം ആരാധകര്‍ ആഘോഷമാക്കുകയാണെന്ന് പറയാം. സഞ്ജു ആരാധകരുടെ അസോസിയേഷന്‍ വലിയ കട്ടൗട്ടും സഞ്ജുവിന് ജന്മദിനാശംസ നേര്‍ന്ന് വെച്ചിട്ടുണ്ട്.
സഞ്ജുവില്‍ ഇന്ത്യക്ക് വലിയ പ്രതീക്ഷ
സഞ്ജു സാംസണില്‍ ഇന്ത്യ വലിയ പ്രതീക്ഷവെക്കുന്നുണ്ട്. ദക്ഷിണാഫ്രിക്കയില്‍ രണ്ട് ടി20 മത്സരങ്ങള്‍ ഇന്ത്യക്ക് ശേഷിക്കുന്നുണ്ട്. ആദ്യ രണ്ട് മത്സരവും കഴിഞ്ഞപ്പോള്‍ ഇരു ടീമും ഓരോ ജയങ്ങളാണ് നേടിയെടുത്തത്. അതുകൊണ്ടുതന്നെ അടുത്ത രണ്ട് മത്സരങ്ങള്‍ വളരെ പ്രധാനപ്പെട്ടതാണ്. ഇന്ത്യക്ക് പരമ്പര നേടാന്‍ സഞ്ജു സാംസണ്‍ മികവ് കാട്ടേണ്ടത് അത്യാവശ്യമാണെന്ന് തന്നെ പറയാം. ഇന്ത്യയുടെ മറ്റ് താരങ്ങളെല്ലാം നിരാശപ്പെടുത്തുമ്പോള്‍ സഞ്ജു സാംസണ്‍ മാത്രമാണ് ഫോമിലുള്ളത്. അതുകൊണ്ടുതന്നെ സഞ്ജു ഗംഭീര തുടക്കം നല്‍കേണ്ടത് ഇന്ത്യയുടെ വിജയത്തില്‍ നിര്‍ണ്ണായകമാണ്.