സഞ്ജുവില്ലെങ്കില്‍ ആ ബൗളറില്ല! ആദ്യം രഞ്ജി ടീം, പിന്നെ സിഎസ്കെ, ഇതു താന്‍ ക്യാപ്റ്റന്‍
സ്വന്തം ടീമിലെ ഓരോ താരത്തെയും പിന്തുണയ്ക്കുകയും, അവരുടെ കരിയര്‍ മെച്ചപ്പെടുത്താന്‍ എന്തു സഹായവും ചെയ്യാന്‍ മടിയില്ലാത്ത ക്യാപ്റ്റനാണ് സഞ്ജു സാംസണെന്നു വെളിപ്പെടുത്തിയിരിക്കുകയാണ് രാജസ്ഥാന്‍ റോയല്‍സ് ഫിറ്റ്‌നസ് കോച്ച് രാജാമണി. ഇന്ത്യഗ്ലിറ്റ്‌സിനു നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
നേരത്തേ റോല്‍സ് ടീമിലുണ്ടായിരുന്ന ഒരു നെറ്റ് ബൗളറെ ചെന്നൈ സൂപ്പര്‍ കിങ്‌സിലെത്തിക്കാന്‍ സഞ്ജു നടത്തിയ ശ്രമത്തെക്കുറിച്ചായിരുന്നു രാജാമണി ഇതിനുള്ള ഉദാഹരണമായി ചൂണ്ടിക്കാട്ടിയത്. സമാപിച്ച ഐപിഎല്‍ സീസണില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സിനായി കളിക്കുകയും മോശമല്ലാത്ത പ്രകടനം നടത്തുകയും ചെയ്ത ആകാശ് സിങിനെക്കുറിച്ചാണ് രാജാമണി പരാമര്‍ശിച്ചത്.

2021ലെ ഐപിഎല്ലില്‍ രാജസ്ഥാന്‍ റോയല്‍സ് ടീമിന്റെ ഭാഗമായിരുന്നു ആകാശ്. അന്നു നെറ്റ് ബൗളര്‍മാരുടെ സംഘത്തിലായിരുന്നു അവന്‍ ഉള്‍പ്പെട്ടിരുന്നത്. റോയല്‍സിന്റെ പ്രധാന ടീമിലേക്കു ആകാശിനെ കൊണ്ടുവരാന്‍ സഞ്ജുവിന് വലിയ താല്‍പ്പര്യമുണ്ടായിരുന്നു. അവനു നന്നായി പരിശീലനം നല്‍കി എങ്ങനെയെങ്കിലും നമ്മുടെ ടീമിന്റെ ഭാഗമാക്കണമെന്നു സഞ്ജു ഒരിക്കല്‍ തന്നോടു പറഞ്ഞിരുന്നതായി രാജാമണി വെളിപ്പെടുത്തി.
പക്ഷെ ചില കാരണങ്ങളാല്‍ ആകാശ് സിങിനെ രാജസ്ഥാന്‍ റോയല്‍സിന്റെ ടീമിലേക്കു കൊണ്ടുവരാന്‍ ഞങ്ങള്‍ക്കു സാധിച്ചില്ല. ഇതു സഞ്ജുവിനു വലിയ വിഷമമുണ്ടാക്കുകയും ചെയ്തു. ഫസ്റ്റ് ക്ലാസ് ക്രിക്കറ്റില്‍ രാജസ്ഥാന്‍ ടീമില്‍ ആകാശിനു അവസരം ലഭിക്കാത്തത് വലിയ കഷ്ടമാണെന്നും എങ്ങനെയെങ്കിലും രഞ്ജി ട്രോഫിയിലെങ്കിലും അവനു കളിക്കാന്‍ അവസരം നേടിക്കൊടുക്കാന്‍ സഹായിക്കാമോയെന്നു അദ്ദേഹം എന്നോടു ചോദിക്കുകയും ചെയ്തു.
രഞ്ജിയില്‍ നാഗാലാന്‍ഡ് ടീമിന്റെ മുഖ്യ കോച്ച് എന്റെ സുഹൃത്തായിരുന്നു. അദ്ദേഹത്തോടു സംസാരിച്ച് നാഗാലാന്‍ഡ് ടീമില്‍ ആകാശിനു അവസരം നേടിക്കൊടുക്കാമെന്നു താന്‍ സഞ്ജുവിനോടു പറയുകയും ചെയ്തതായി രാജാമണി വെളിപ്പെടുത്തി.
രഞ്ജി ട്രോഫിയില്‍ നാഗാലാന്‍ഡ് ടീമിനു വേണ്ടി കളിച്ച ശേഷം ആകാശ് സിങ് വീണ്ടും നെറ്റ് ബൗളറായി രാജസ്ഥാന്‍ റോയല്‍സില്‍ തിരിച്ചെത്തി. ചെന്നൈ സൂപ്പര്‍ കിങ്‌സ്, ഗുജറാത്ത് ടൈറ്റന്‍സ് ടീമുകളില്‍ നിന്നും തനിക്കു ഓഫറുകള്‍ വരുന്നതായി അവന്‍ ഞങ്ങളോടു പറഞ്ഞു. നീ സിഎസ്‌കെയിലേക്കു പോയ്‌ക്കോളൂയെന്നായിരുന്നു ആകാശിനെ സഞ്ജുവും ഞാനും ചേര്‍ന്നു ഉപദേശിച്ചത്.

പെട്ടെന്നു നീ നന്നായി പെര്‍ഫോം ചെയ്താല്‍ നിനക്കു അവിടെ അംഗീകാരം ലഭിക്കുകയും എംഎസ് ധോണി സ്ഥിരമായി അവസരങ്ങള്‍ നല്‍കുകയും ചെയ്യും. അങ്ങനെ സിഎസ്‌കെയില്‍ നെറ്റ് ബൗളറായി എത്തിയ ശേഷമാണ് മികച്ച പ്രകടനം നടത്തി ആകാശ് പ്ലെയിങ് ഇലവനിലെത്തുകയും തുടര്‍ച്ചയായി അവസരങ്ങള്‍ ലഭിക്കുകയും ചെയ്തതെന്നും രാജാമണി കൂട്ടിച്ചേര്‍ത്തു.
ചെന്നൈ സൂപ്പര്‍ കിങ്‌സിനു വേണ്ടി കഴിഞ്ഞ സീസണില്‍ ആറു മല്‍സരങ്ങളിലാണ് ആകാശ് സിങ് കളിച്ചത്. പരിക്കേറ്റ് ഇന്ത്യന്‍ പേസര്‍ ദീപക് ചാഹറിനു കുറച്ചു മല്‍സരങ്ങള്‍ നഷ്ടമായതോടെ പകരക്കാരനായി ധോണി ആകാശിനെ പരീക്ഷിക്കുകയായിരുന്നു.
പവര്‍പ്ലേയിലായിരുന്നു താരത്തെ ധോണി കൂടുതലായും ബൗള്‍ ചെയ്യിച്ചത്. 9.87 ഇക്കോണമി റേറ്റില്‍ ആറു വിക്കറ്റുകളെടുക്കുകയും ചെയ്തു. പലപ്പോഴും റണ്‍സ് വാരക്കോരി നല്‍കിയതോടെ ചാഹറിന്റെ മടങ്ങിവരവിനു ശേഷം ആകാശിനു കാര്യമായി അവസരങ്ങളും ലഭിച്ചില്ല.
2020ലെ ഐപിഎല്‍ ലേലത്തിലായിരുന്നു ആകാശ് സിങ് രാജസ്ഥാന്‍ റോയല്‍സിന്റെ കൂടാരത്തിലെത്തിയത്. എന്നാല്‍ സീസണിനു ശേഷം ഒഴിവാക്കപ്പെടുകയും ചെയ്തു. 2021ലെ ലേലത്തില്‍ റോയല്‍സ് വീണ്ടും ആകാശിനെ ടീമിലേക്കു കൊണ്ടു വന്നു. ഒരു മല്‍സരത്തില്‍ കളിച്ചെങ്കിലും വിക്കറ്റൊന്നും കിട്ടിയില്ല.
സീസണിനു ശേഷമായിരുന്നു സഞ്ജു സാംസണിന്റെ ഇടപെടലിനെ തുടര്‍ന്നു ആഭ്യന്തര ക്രിക്കറ്റില്‍ ആകാശ് നാഗാലാന്‍ഡ് ടീമിന്റെ ഭാഗമായത്. 2023ലെ സീസണിനു മുമ്പ് ചെന്നൈ സൂപ്പര്‍ കിങ്സ് പേസര്‍ മുകേഷ് ചൗധരി പരിക്കേറ്റ് സീസണില്‍ നിന്നും പിന്‍മാറിയപ്പോള്‍ പകരക്കാരനായി ആകാശിനെ ടീമിലെത്തിക്കുകയും ചെയ്തു.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications