വീണ്ടുമൊരു ത്രില്ലര്‍... സഞ്ജു നയിച്ചു, തീര്‍ത്തത് ഗൗതം, രാജസ്ഥാന് റോയല്‍ വിജയം
ജയ്പൂര്‍: ഐപിഎല്ലില്‍ വീണ്ടുമൊരു ത്രില്ലര്‍. അവസാന ഓവര്‍ വരെ ഭാഗ്യനിര്‍ഭാഗ്യങ്ങള്‍ മാറിമറിഞ്ഞ പോരാട്ടത്തില്‍ നിലവിലെ ചാംപ്യന്‍മാരായ മുംബൈ ഇന്ത്യന്‍സിനെതിരേ മുന്‍ ജേതാക്കളായ രാജസ്ഥാന്‍ റോയല്‍സിനു മൂന്നു വിക്കറ്റിന്റെ ത്രസിപ്പിക്കുന്ന വിജയം.
തോറ്റുവെന്നു ആരാധകര്‍ കരുതിയ മല്‍സരത്തില്‍ ദൃഢനിശ്ചയത്തോടെ ബാറ്റ് വീശിയാണ് മുംബൈയെ രാജസ്ഥാന്‍ മലര്‍ത്തിയടിച്ചത്. ആദ്യം ബാറ്റ് ചെയ്ത മുംബൈ നിശ്ചിത ഓവറില്‍ ഏഴു വിക്കറ്റ് നഷ്ടത്തില്‍ 167 റണ്‍സാണ് നേടിയത്. മറുപടിയില്‍ രണ്ടു പന്ത് ബാക്കിനില്‍ക്കെ ഏഴു വിക്കറ്റ് നഷ്ടത്തില്‍ രാജസ്ഥാന്‍ ലക്ഷ്യത്തിലെത്തുകയായിരുന്നു. സീസണില്‍ മുംബൈയുടെ നാലാം തോല്‍വിയാണിത്. അഞ്ചു മല്‍സരങ്ങളില്‍ ഒന്നില്‍ മാത്രമേ മുംബൈക്കു ജയിക്കാനായിട്ടുള്ളൂ.

ഗൗതം അപ്രതീക്ഷിത ഹീറോ
അവസാന ഓവറില്‍ രാജസ്ഥാന് ജയിക്കാന്‍ 10 റണ്‍സാണ് വേണ്ടിയിരുന്നത്. കൃഷ്ണപ്പ ഗൗതമിന്റെ തീപ്പൊരി ഇന്നിങ്‌സ് രാജസ്ഥാനെ വിജയത്തിലെത്തിക്കുകയായിരുന്നു. ആദ്യ പന്തില്‍ ജോഫ്ര ആര്‍ച്ചര്‍ പുറത്തായെങ്കിലും രണ്ടാമത്തെ പന്തില്‍ ഗൗതം ബൗണ്ടറി നേടി. മൂന്നാമത്തെ പന്തില്‍ റണ്‍സൊന്നുമില്ല. ഇതോടെ മൂന്നു പന്തില്‍ ജയിക്കാന്‍ വേണ്ടത് ആറു റണ്‍സ്. നാലാമത്തെ പന്ത് ഗൗതം സിക്‌സറിലേക്കു പറത്തിയതോടെ റോയല്‍സ് ആരാധകര്‍ പൊട്ടിത്തെറിച്ചു. വെറും 11 പന്തില്‍ നാലു ബൗണ്ടറികളും രണ്ടു സിക്‌സറുമടക്കം 33 റണ്‍സാണ് ഗൗതം വാരിക്കൂട്ടിയത്.
മലയാളി താരം സഞ്ജു സാംസണിന്റെയും (52) ബെന്‍ സ്റ്റോക്‌സിന്റെയും (40) ഇന്നിങ്‌സാണ് രാജസ്ഥാന്‍ വിജയത്തിന് അടിത്തറയിട്ടത്.
39 പന്തില്‍ നാലു ബൗണ്ടറികളോടൊണ് സഞ്ജു രാജസ്ഥാന്റെ ടോപ്‌സ്‌കോററായത്. സ്‌റ്റോക്‌സിന്റെ ഇന്നിങ്‌സില്‍ മൂന്നു ബൗണ്ടറികളും ഒരു സിക്‌സറുമുള്‍പ്പെട്ടിരുന്നു.

മുംബൈക്കു കരുത്തേകി യാദവും കിഷനും
നേരത്തേ ടോസിനു ശേഷം മുംബൈ ക്യാപ്റ്റന്‍ രോഹിത് ശര്‍മ ബാറ്റിങ് തിരഞ്ഞെടുക്കുകയായിരുന്നു. ഓപ്പണര്‍ സൂര്യകുമാര്‍ യാദവിന്റെയും (72) ഇഷാന്‍ കിഷന്റെയും (58) അര്‍ധസെഞ്ച്വറികളാണ് മുംബൈയെ ഭേദപ്പെട്ട സ്‌കോറിലെത്തിച്ചത്. ഓപ്പണര്‍ എവിന്‍ ലൂയിസും ക്യാപ്റ്റന്‍ രോഹിത്തും ഗോള്‍ഡന്‍ ഡെക്കായി പുറത്തായത് മുംബൈയെ വന്‍ സ്‌കോര്‍ നേടുന്നതില്‍ നിന്നും തടഞ്ഞുനിര്‍ത്തി.
47 പന്തില്‍ ആറു ബൗണ്ടറികളും മൂന്നു സിക്‌സറുമടക്കമാണ് 72 റണ്‍സെടുത്ത് സൂര്യകുമാര്‍ മുംബൈയുടെ ടോപ്‌സ്‌കോറായത്. ഇഷാന്‍ 42 പന്തില്‍ നാലു ബൗണ്ടറികളും മൂന്നു സിക്‌സറും നേടി. കിരോണ്‍ പൊള്ളാര്‍ഡാണ് (21*) മുംബൈയില്‍ രണ്ടക്കം കടന്ന മറ്റൊരു ഏകതാരം.

മുംബൈക്ക് അവസാന ഓവറുകളില്‍ തകര്‍ച്ച
ഒരു റണ്‍സെടുത്തപ്പോഴേക്കും ആദ്യ വിക്കറ്റ് നഷ്ടമായ മുംബൈയെ സൂര്യകുമാര്‍-ഇഷാന്‍ ജോടിയാണ് രക്ഷിച്ചത്. രണ്ടാം വിക്കറ്റില്‍ ഇരുവരും 129 റണ്‍സിന്റെ കൂട്ടുകെട്ടുണ്ടാക്കി. എന്നാല്‍ ഈ സഖ്യം വേര്‍പിരിഞ്ഞതോടെ മുംബൈ ബാറ്റിങ് തകരുകയായിരുന്നു. അവസാന അഞ്ചോവറില്‍ 33 റണ്‍സെടുക്കുന്നതിനിടെ അഞ്ചു വിക്കറ്റുകളാണ് മുംബൈക്കു നഷ്ടമായത്.
കന്നി ഐപിഎല്‍ മല്‍സരം കളിച്ച ഇംഗ്ലണ്ട് സെന്‍സേഷന്‍ ജോഫ്ര ആര്‍ച്ചര്‍ മൂന്നു വിക്കറ്റുമായി തുടക്കം ഗംഭീരമാക്കി. ധവാല്‍ കുല്‍ക്കര്‍ണിക്കു രണ്ടു വിക്കറ്റ് ലഭിച്ചു.
മുംബൈ തൊട്ടുമുമ്പത്തെ മല്‍സരത്തിലെ അതേ പ്ലെയിങ് ഇലവനെ തന്നെ നിലനിര്‍ത്തിയപ്പോള്‍ രണ്ടു മാറ്റങ്ങളുമായാണ് രാജസ്ഥാന്‍ ഇറങ്ങിയത്. ബെന്‍ ലോഗ്ലിന്‍, സ്റ്റുവര്‍ട്ട് ബിന്നി എന്നിവര്‍ക്കു പകരം ജോഫ്ര ആര്‍ച്ചറും ധവാല്‍ കുല്‍ക്കര്‍ണിയും ടീമിലെത്തി.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications