കൊല്‍ക്കത്ത: കുട്ടി ക്രിക്കറ്റില്‍ ഇന്ത്യയുടെ റണ്‍മെഷീനെന്ന നേട്ടം ഇനി മുന്‍ സൂപ്പര്‍ ഓള്‍റൗണ്ടര്‍ സുരേഷ് റെയ്നയ്ക്കു സ്വന്തം. ഇന്ത്യന്‍ നായകന് വിരാട് കോലിയെ പിന്തള്ളിയാണ് റെയ്ന രാജ്യത്തിന്റെ ടോപ്സ്കോററായത്. നിലവില്‍ ഇന്ത്യന്‍ ടീമില്‍ അംഗമല്ലാത്ത റെയ്ന സയ്ദ് മുഷ്താഖ് അലി ടി 20 ടൂര്‍ണമെന്റില്‍ വെടിക്കെട്ട് സെഞ്ച്വറി നേടിയാണ് കോലിയെ മറികടന്നത്. തമിഴ്നാടിനെതിരേ യുപിക്കു വേണ്ടി 61 പന്തില്‍ റെയ്ന പുറത്താവാതെ 126 റണ്‍സ് വാരിക്കൂട്ടി. 13 ബൗണ്ടറികളും ഏഴു സിക്സറുകളും ഇതില്‍ ഉള്‍പ്പെട്ടിരുന്നു.
തമിഴ്നാടിനെതിരായ ഈ മല്‍സരത്തിനു മുമ്പ് ഇന്ത്യ, യുപി, ഐപിഎല്‍ എന്നിവയില്‍ നിന്നെല്ലാമായി ടി20യില്‍ റെയ്നയുടെ സമ്പാദ്യം 7053 റണ്‍സായിരുന്നു. ഇന്ത്യ, ഡല്‍ഹി, റോയല്‍ ചാലഞ്ചേഴ്സ് ബാംഗ്ലൂര്‍ എന്നിവര്‍ക്കു വേണ്ടി കോലി നേടിയത് 7068 റണ്‍സായിരുന്നു. ഇതാണ് സെഞ്ച്വറി പ്രകടനത്തിലൂടെ റെയ്ന പഴങ്കഥയാക്കിയത്.
കോലിയെ സംബന്ധിച്ചിടത്തോളം 2017-18 സീസണില്‍ ശ്രദ്ധിക്കുന്ന പ്രകടനങ്ങളൊന്നും ഇതിനു മുമ്പ് ഉണ്ടായിട്ടില്ല. രഞ്ജി ട്രോഫിയില്‍ നിറംമങ്ങിയ അദ്ദേഹം സയ്ദ് മുഷ്താഖ് അലി ട്രോഫിയിലെ ആദ്യ അഞ്ചു മല്‍സരങ്ങളിലും റണ്‍സ് നേടാനാവാതെ വിഷമിച്ചിരുന്നു. ഇതിന്റെയെല്ലാം ക്ഷീണം തമിഴ്നാടിനെതിരായ മിന്നല്‍ സെഞ്ച്വറിയോടെ റെയ്ന തീര്‍ത്തിരിക്കുകയാണ്. വരാനിരിക്കുന്ന ഐപിഎല്ലില്‍ ചെന്നൈ സൂപ്പര്‍ കിങ്സിനൊപ്പം മികച്ച പ്രകടനം നടത്തി ദേശീയ ടീമിലേക്ക് തിരിച്ചുവരാനാവും അദ്ദേഹത്തിന്റെ ശ്രമം.