സിഡ്നി: ഓസ്ട്രേലിയും പാകിസ്താനും തമ്മിലുള്ള ഒന്നാം ട്വന്റി20 മഴമൂലം പാതി വഴിയില്‍ ഉപേക്ഷിച്ചു. 15 ഓവറാക്കി ചുരുക്കിയ മത്സരത്തില്‍ പാകിസ്താന് ആദ്യം ബാറ്റ് ചെയ്തു. ഓസീസിന് മുന്നില്‍ 108 റണ്‍സ് വിജയ ലക്ഷ്യവും പാകിസ്താനുയര്ത്തി. മറുപടിക്കിറങ്ങിയ ഓസീസ് 3.1 ഓവറില്‍ വിക്കറ്റ് നഷ്ടപ്പെടാതെ 41 റണ്‍സെന്ന നിലയില്‍ കുതിക്കവെ മഴ വില്ലനായെത്തുകയായിരുന്നു.
ഇന്നിങ്സ് ബ്രേക്ക് 20 മിനുട്ട് നല്‍കിയതാണ് ഓസ്ട്രേലിയക്ക് തിരിച്ചടിയായതെന്ന് ഓസ്ട്രേലിയന്‍ ക്യാപ്റ്റന്‍ ആരോണ്‍ ഫിഞ്ച് പറഞ്ഞു. ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത പാകിസ്താന് നിരയില്‍ ക്യാപ്റ്റന്‍ ബാബര്‍ അസാം (59*) ടോപ് സ്കോററായി. 38 പന്തില്‍ അഞ്ച് ഫോറും രണ്ട് സിക്സുമാണ് ബാബര്‍ പറത്തിയത്.
മുഹമ്മദ് റിസ്വാന് (31),ആസിഫ് അലി (11) എന്നിവരാണ് മറ്റ് പ്രധാന സ്കോറര്‍മാര്‍. ഓസീസിനുവേണ്ടി മിച്ചല്‍ സ്റ്റാര്‍ക്ക്,കെയ്ന്‍ റിച്ചാര്ഡ്സണ് എന്നിവര്‍ രണ്ട് വിക്കറ്റ് വീതം വീഴ്ത്തി. ഓസ്ട്രേലിയക്കുവേണ്ടി ആരോണ്‍ ഫിഞ്ച് 16 പന്തില്‍ 37 ഉും ഡേവിഡ് വാര്‍ണര്‍ നാല് പന്തില്‍ രണ്ട് റണ്‍സുമായി പുറത്താവാതെ നിന്നു. മൂന്ന് മത്സരങ്ങളാണ് പരമ്പരയിലുള്ളത്.