ഇന്ത്യന്‍ വിക്കറ്റ് കീപ്പര്‍മാരില്‍ ഏറ്റവും മികച്ച ഗെയിം ചേഞ്ചറെ തിരഞ്ഞെടുത്തിരിക്കുകയാണ് ക്രിക്കറ്റ് പ്രേമികള്‍. പ്രമുഖ സ്‌പോര്‍ട്‌സ് പോര്‍ട്ടലായ ക്രിക്ക്ബസ് (Cricbuzz) നടത്തിയ ഫാന്‍സ് പോളില്‍ സ്റ്റാര്‍ ബാറ്റര്‍ കൂടിയായ കെഎല്‍ രാഹുലിനെയാണ് കൂടുതല്‍ പേര്‍ ഗെയിം ചേഞ്ചറായി ചൂണ്ടിക്കാണിച്ചിരിക്കുന്നത്. നാലു താരങ്ങളുടെ പേരുകളാണ് ഓപ്ഷനുകളായി പോളില്‍ നല്‍കിയിരുന്നത്. രാഹുലിനെക്കൂടാതെ മുന്‍ ഇതിഹാസ നായകന്‍ എംഎസ് ധോണി, റിഷഭ് പന്ത്, മലയാളി താരം സഞ്ജു സാംസണ്‍ എന്നിവരാണ് പോളില്‍ ഉള്‍പ്പെട്ട മറ്റു മൂന്നു പേര്‍. പക്ഷെ കൂടുതല്‍ പേരും വോട്ട് ചെയ്തത് രാഹുലിനായിരുന്നു.
ഇതിനകം വോട്ട് ചെയ്തിരിക്കുന്ന 330 പേരില്‍ 26.7 ശതമാനം പേരാണ് രാഹുലാണ് ഇന്ത്യയുടെ ഗെയിം ചേഞ്ചറെന്നു ചൂണ്ടിക്കാണിച്ചിരിക്കുന്നത്. നിലവില്‍ ടീമിന്റെ ഫസ്റ്റ് ചോയ്‌സ് വിക്കറ്റ് കീപ്പറായ റിഷഭാണ് രണ്ടാമതെത്തിയത്. 26.4 ശതമാനം പേരാണ് അദ്ദേഹത്തെ കേമനായി തിരഞ്ഞെടുത്തിരിക്കുന്നത്.
മൂന്നാംസ്ഥാനത്ത് സഞ്ജുവാണുള്ളത്. ധോണിയെ അവസാന സ്ഥാനത്തേക്കു പിന്തള്ളിയാണ് അദ്ദേഹം മൂന്നാമനായത്. 25.8 ശതമാനം പേരാണ് സഞ്ജുവിനു അനുകൂലമായി വോട്ട് ചെയ്തത്. എന്നാല്‍ ധോണിയെ തിരഞ്ഞെടുത്തത് 21 ശതമാനം പേര്‍ മാത്രമാണ്.

കെഎല്‍ രാഹുലാണ് ഇവരില്‍ ഇന്ത്യയുടെ ഏറ്റവും വലിയ ഗെയിം ചേഞ്ചര്‍. 2023ലെ ഏകദിന ലോകകപ്പിലുള്‍പ്പെടെ അദ്ദേഹമുണ്ടാക്കിയ ഇംപാക്ട് വളരെ വലുതാണ്. ബാറ്റിങിനൊപ്പം വിക്കറ്റ് കീപ്പിങിലും ഇംപാക്ടുണ്ടാക്കാനും രാഹുലിനു സാധിക്കുന്നു. റിവ്യുകള്‍ എടുക്കുന്ന കാര്യത്തില്‍ അദ്ദേഹം പുലര്‍ത്തുന്ന മിടുക്ക് എടുത്തു പറയേണ്ടതാണെന്നും പോളിനു താഴെ ചിലര്‍ കുറിക്കുന്നു.
എംഎസ് ധോണിയാണ് ഏറ്റവും ബെസ്റ്റ്. ഇക്കാര്യത്തില്‍ ഒരു സംശവയും വേണ്ട. 2011ലെ ഏകദിന ലോകകപ്പില്‍ ഇന്ത്യയെ ചാംപ്യന്‍മാരാക്കിയത് ഫൈനലില്‍ അദ്ദേഹത്തിന്‍റെ മാച്ച് വിന്നിങ് ഇന്നിങ്‌സാണ്. ആളുകള്‍ എന്തിനാണ് റിഷഭ് പന്തിനും സഞ്ജു സാംസണിനുമെല്ലാം വോട്ട് ചെയ്യുന്നത്. നോക്കൗട്ടില്‍ ഇന്ത്യക്കായി ഒരു മികച്ച ഇന്നിങ്‌സെങ്കിലും ഈ രണ്ടു പേര്‍ക്കു ചൂണ്ടിക്കാണിക്കാനുണ്ടോയെന്നായിരുന്നു ഒരു കമന്‍റ്.
എംഎസ് ധോണി വിക്കറ്റ് കീപ്പിങിലെ പകരം വയ്ക്കാനില്ലാത്ത ഇതിഹാസവും ഇന്ത്യയുടെ ഗെയിം ചേഞ്ചറുമാണ്. അദ്ദേഹത്തെ ഈ മൂന്നു ഫ്രോഡുകളോടൊപ്പം താരതമ്യം ചെയ്യാന്‍ പോലും സാധിക്കില്ല. വിക്കറ്റ് കീപ്പിങില്‍ എക്കാലത്തെയും മികച്ച ഗെയിം ചേഞ്ചര്‍ ധോണിയാണെന്നതില്‍ സംശയമില്ലെന്നുമാണ് ഒരു ആരാധകന്‍ കുറിച്ചത്.

കെഎല്‍ രാഹുലിനെ എന്തിനാണ് ഈ നാലു വിക്കറ്റ് കീപ്പര്‍മാരില്‍ ഒരാളായി ഉള്‍പ്പെടുത്തിയിരിക്കുന്നത്? എംഎസ് ധോണി, റിഷഭ് പന്ത്, സഞ്ജു സാംസണ്‍ എന്നിവരെല്ലാം സ്‌പെഷ്യലിസ്റ്റ് വിക്കറ്റ് കീപ്പര്‍മാരാണ്. പക്ഷെ രാഹുല്‍ ഇങ്ങനെയല്ല, അദ്ദേഹം വെറുമൊരു പാര്‍ട്ട് ടൈം വിക്കറ്റ് കീപ്പര്‍ മാത്രമാണ്. രാഹുലിനു പകരം നാലാമത്തെ ഓപ്ഷനായി ഈ ലിസ്റ്റില്‍ ഉള്‍പ്പെടുത്തേണ്ടിയിരുന്ന താരം ഇഷാന്‍ കിഷനായിരുന്നുവെന്നുമാണ് ഒരു പ്രതികരണം.
അതേസമയം, നിലവില്‍ ഏകദിനത്തില്‍ മാത്രമാണ് രാഹുലിനു വിക്കറ്റ് കീപ്പറായി ടീമില്‍ സ്ഥാനമുറപ്പുള്ളത്. നേരത്തേ റിഷഭിന്റെ അഭാവത്തില്‍ ടീമിലേക്കു വന്ന ശേഷം മധ്യനിര ബാറ്ററായി നടത്തിയ സ്ഥിരതയാര്‍ന്ന പ്രകടനമാണ് ഇതിനു കാരണം. പക്ഷെ റിഷഭ് തിരിച്ചെത്തിയതോടെ രാഹുലിന്റെ സ്ഥാനത്തിനും ഭീഷണി ഉയര്‍ന്നിരിക്കുകയാണ്.
സഞ്ജുവിന്റെ കാര്യമെടുത്താല്‍ വൈറ്റ് ബോള്‍ ഫോര്‍മാറ്റില്‍ അദ്ദേഹം ടീമിനും അകത്തും പുറത്തുമായി തന്നെ നില്‍ക്കുകയാണ്. ഏകദിനത്തേക്കാള്‍ ടി20യിലാണ് സഞ്ജുവിനു മുന്നില്‍ ഇപ്പോള്‍ കൂടുതല്‍ സാധ്യതകളുള്ളത്. സമീപകാലത്തു ടി20യില്‍ മോശമല്ലാത്ത അവസരങ്ങള്‍ അദ്ദേഹത്തിനു ലഭിക്കുകയും ചെയ്തിരുന്നു.