
സ്‌കോട്ടിഷ് ടീമിനെ സഹായവുമായി ദ്രാവിഡ്
ഇന്ത്യയുടെ മുന്‍ ക്യാപ്റ്റനും ബാറ്റിങ് ഇഇതിഹാസുമായ രാഹുല്‍ ദ്രാവിഡ് ഒരിക്കല്‍ ക്രിക്കറ്റിലെ കുഞ്ഞന്‍മാരായ സ്‌കോട്ട്‌ലാന്‍ഡിന് സഹായം നല്‍കിയിരുന്നു. 2003ലെ ലോകകപ്പിനു ശേഷമായിരുന്നു ഇത്. തങ്ങളുടെ ടീമിനെ സഹായിക്കാന്‍ സച്ചിന്‍ ടെണ്ടുല്‍ക്കറെ കുറച്ചു നാളേക്കു വിട്ടുനല്‍കണമെന്ന് അവര്‍ ഇന്ത്യയോടു അഭ്യര്‍ഥിക്കകുയായിരുന്നു. അന്നത്തെ ഇന്ത്യന്‍ കോച്ചായിരുന്ന ജോണ്‍ റൈറ്റ് സച്ചിനു പകരം പക്ഷെ ദ്രാവിഡിനെ സ്‌കോട്ടിഷ് ക്യാംപിലേക്കു അയക്കുകയായിരുന്നു.
സ്‌കോട്ടിഷ് ടീമിനു വേണ്ടി 11 മല്‍സരങ്ങൡ കളിച്ച അദ്ദേഹം 600 റണ്‍സും നേടി. ദ്രാവിഡിന്റെ സാന്നിധ്യം അന്താരാഷ്ട്ര ക്രിക്കറ്റില്‍ മല്‍സരപരിചയം കുറഞ്ഞ സ്‌കോട്ടിഷ് താരങ്ങള്‍ക്കു ഏറെ ഗുണം ചെയ്യുകയും ചെയ്തിരുന്നു.

ബംഗ്ലാ ടീമിനു ഫീല്‍ഡൊരുക്കി ധോണി
ഇന്ത്യയുടെ മുന്‍ ഇതിഹാസ നായകന്‍ എംഎസ് ധോണി കളിക്കളത്തിലെ മാന്യതയുടെയും ശാന്തതയുടെയും പ്രതീകമായിരുന്നു. വളരെ കൂര്‍മബുദ്ധിയുള്ള ക്യാപ്റ്റന്‍ കൂടിയായിരുന്ന അദ്ദേഹം ഒരിക്കല്‍ ബംഗ്ലാദേശ് ക്രിക്കറ്റ് ടീമിനെ ഫീല്‍ഡിങ് ക്രമീകരണം നടത്താന്‍ സഹായിച്ചിട്ടുണ്ട്. 2019ലെ ലോകകപ്പിനുമുമ്പ് നടന്ന സന്നാഹ മല്‍സരത്തിലായിരുന്നു കൗതുകകരമായ സംഭവം.
ഇന്ത്യന്‍ ഇന്നിങ്‌സിന്റെ 40ാം ഓവറിലായിരുന്നു ഇത്. അപ്പാള്‍ ബാറ്റ് ചെയ്യുകയായിരുന്ന ധോണി ബംഗ്ലാ ബൗളറോട് ബൗളിങ് നിര്‍ത്താന്‍ ആവശ്യപ്പെട്ട ശേഷം സ്‌ക്വയര്‍ ലെഗില്‍ ഒരു ഫീല്‍ഡറെ വയ്ക്കാന്‍ ആവശ്യപ്പെട്ടപ്പോള്‍ ബംഗ്ലാ ടീമാകെ അമ്പരന്നുപോയി. ഈ മല്‍സരത്തില്‍ ധോണി വെറും 78 ബോളില്‍ 113 റണ്‍സ് അടിച്ചെടുത്തിയിരുന്നു. കളിയില്‍ 95 റണ്‍സിന് ഇന്ത്യ വിജയിക്കുകയും ചെയ്തിരുന്നു.

ദക്ഷിണാഫ്രിക്കയ്ക്കായി ഫീല്‍ഡ് ചെയ്ത് മന്‍ദീപ്
2015ല്‍ നടന്ന മല്‍സരത്തില്‍ ഇന്ത്യന്‍ താരം മന്‍ദീപ് സിങ് ദക്ഷിണാഫ്രിക്കയ്ക്കു വേണ്ടി പകരക്കാരനായി ഗ്രൗണ്ടിലിറങ്ങിയിരുന്നു. ഇന്ത്യ എയും ദക്ഷിണാഫ്രിക്ക എയും തമ്മിലായിരുന്നു മല്‍സരം. ഈ കളിയില്‍ വയറുവേദനയെ തുടര്‍ന്നു ദക്ഷിണാഫ്രിക്കയുടെ നാലു താരങ്ങള്‍ക്കു ഫീല്‍ഡിങിന് ഇറങ്ങാന്‍ സാധിച്ചില്ല. ഇതേ തുടര്‍ന്നായിരുന്നു ദക്ഷിണാഫ്രിക്കന്‍ ജഴ്‌സിയില്‍ മന്‍ദീപ് ഫീല്‍ഡ് ചെയ്യാന്‍ ഗ്രൗണ്ടിലെത്തിയത്.
ഇന്ത്യക്കു വേണ്ടി മൂന്നു ടി20കളില്‍ കളിച്ചിട്ടുള്ള മന്‍ദീപ് 87 റണ്‍സെടുത്തിട്ടുണ്ട്. ഐപിഎല്ലില്‍ 104 മല്‍സരങ്ങളില്‍ നിന്നായി 1659 റണ്‍സും താരം നേടി.

യൂനുസിനെ സഹായിച്ച ദ്രാവിഡ്
പാകിസ്താന്റെ ഇതിഹാസ ബാറ്റ്‌സ്മാന്‍മാരില്‍ ഒരാളായിരുന്നു മുന്‍ ക്യാപ്റ്റന്‍ കൂടിയായ യൂനിസ് ഖാന്‍. ഒരിക്കല്‍ യൂനിസിനെ സഹായിക്കാന്‍ ഇന്ത്യന്‍ ഇതിഹാസം രാഹുല്‍ ദ്രാവിഡ് അദ്ദേഹത്തിന്റെ മുറിയില്‍ പോയിട്ടുണ്ട്.
2004ലെ ഐസിസി ചാംപ്യന്‍സ് ട്രോഫിക്കിടെയായിരുന്നു ഇത്. ചില കാര്യങ്ങള്‍ ചോദിക്കുന്നതിനായി തനിക്കു അഞ്ചു മിനിറ്റ് സമയം അനുവദിക്കണമെന്ന് ദ്രാവിഡിനോടു അഭ്യര്‍ഥിച്ചതായി യൂനിസ് അന്നു വെളിപ്പെടുത്തിയിരുന്നു. അതു സമ്മതിച്ച ദ്രാവിഡ് യൂനുസിന്റെ മുറിയിലേക്കു പോവുകയും ചില ഉപദേശങ്ങള്‍ നല്‍കുകയുമായിരുന്നു.
അന്നു ഞാന്‍ ജൂനിയര്‍ താരമായിരുന്നു. ദ്രാവിഡില്‍ നിന്നും ചില കാര്യങ്ങള്‍ മനസ്സിലാക്കാന്‍ ആഗ്രഹിച്ചിരുന്നു. ഇതേ തുടര്‍ന്നായിരുന്നു അദ്ദേഹത്തോടു അഞ്ചു മിനിറ്റ് സമയം ചോദിച്ചത്. ദ്രാവിഡുമായുള്ള ആശയവിനിമയം തന്നെ കൂടുതല്‍ മികച്ച ക്രിക്കറ്ററായി മാറ്റിയെടുത്തതായും യൂനിസ് വ്യക്തമാക്കിയിരുന്നു.

പാകിസ്താനു വേണ്ടി ഇറങ്ങിയ സച്ചിന്‍
ഇന്ത്യന്‍ ക്രിക്കറ്റിന്റെ അഭിമാനമായ ബാറ്റിങ് വിസ്മയം സച്ചിന്‍ ടെണ്ടുല്‍ക്കര്‍ 1989ല്‍ പാകിസ്താനെതിരേ കളിച്ചായിരുന്നു ഇന്ത്യക്കു വേണ്ടി അന്താരാഷ്ട്ര ക്രിക്കറ്റില്‍ അരങ്ങേറിയത്. എന്നാല്‍ അതിനും മുമ്പ് അതായത് 1987ല്‍ അദ്ദേഹം പാകിസ്താനു വേണ്ടി ഒരു ടെസ്റ്റ് മല്‍സരത്തില്‍ കളിച്ചിട്ടുണ്ട്. ഇന്ത്യക്കെതിരേയായിരുന്നു ഇത്. പാക് താരങ്ങളായ ജാവേദ് മിയാന്‍ദാദ്, അബ്ദുള്‍ ഖാദിര്‍ എന്നിവര്‍ക്കു ഗ്രൗണ്ടില്‍ നിന്നും ചെറിയൊരു ബ്രേക്ക് വേണ്ടിവന്നതോടെയാണ് ഇന്ത്യന്‍ ടീമിനൊപ്പമുണ്ടായിരുന്ന സച്ചിന്‍ പകരക്കാരനായി കുറച്ചു നേരം കളിച്ചത്. പാക് ടീമിന്റെ അഭ്യര്‍ഥനയെ തുടര്‍ന്നായിരുന്നു ഇന്ത്യ ഇത് അനുവദിച്ചത്.
ഇന്ത്യക്കു വേണ്ടി 24 വര്‍ഷത്തോളം കളിച്ച സച്ചിന്‍ ക്രിക്കറ്റിലെ ഒട്ടുമിക്ക റെക്കോര്‍ഡുകളും തന്റെ പേരിലാക്കിയ ശേഷമാണ് പാഡഴിച്ചത്. അന്താരാഷ്ട്ര ക്രിക്കറ്റില്‍ സെഞ്ച്വറികളില്‍ സെഞ്ച്വറിയടിച്ച ഒരേയൊരു താരം മാസ്റ്റര്‍ ബ്ലാസ്റ്ററാണ്.


Click it and Unblock the Notifications