
ക്രിസ് ഗെയ്ല്‍
യൂനിവേഴ്‌സല്‍ ബോസെന്നു സ്വയം വിശേഷിപ്പിക്കുന്ന വെസ്റ്റ് ഇന്‍ഡീസിന്റെ ഇതിഹാസ ഓപ്പണര്‍ ക്രിസ് ഗെയ്‌ലിനു ഒരിക്കല്‍പ്പോലും ഏകദിന ലോകകപ്പോ, ഐപിഎല്‍ ട്രോഫിയോ സ്വന്തമാക്കാന്‍ ഇനിയും ഭാഗ്യമുണ്ടായിട്ടില്ല. 41ാം വയസ്സിലും കളി തുടരുന്ന അദ്ദേഹത്തിനു ഇനിയിത് സാധിക്കുമോയെന്നു കാലം തെളിയിക്കും. 1999 മുതല്‍ അന്താരാഷ്ട്ര ക്രിക്കറ്റില്‍ സജീവമാണ് ഗെയ്ല്‍. ഐപിഎല്ലുള്‍പ്പെടെ ലോകത്തിലെ മിക്ക ഫ്രാഞ്ചൈസി ലീഗുകളിലും ഇപ്പോഴും കളിച്ചുകൊണ്ടിരിക്കുന്ന താരം കൂടിയാണ് അദ്ദേഹം.
2003 മുതല്‍ അഞ്ചു ഏകദിന ലോകകപ്പുകളില്‍ വിന്‍ഡീസിനു വേണ്ടി ഗെയ്ല്‍ കളിച്ചുകഴിഞ്ഞു. പക്ഷെ ഒരിക്കല്‍പ്പോലും വിന്‍ഡീസ് ടീം ലോകകിരീടമെന്ന ദൗത്യം പൂര്‍ത്തിയാക്കിയില്ല. 2019ല്‍ ഇംഗ്ലണ്ട് വേദിയായ ലോകകപ്പിലായിരുന്നു ഗെയ്‌ലിനെ അവസാനമായി ദേശീയ ടീമിന്റെ കുപ്പായത്തില്‍ കണ്ടത്. 45 വയസ്സ് വരെ താന്‍ മല്‍സരരംഗത്തുണ്ടാവുമെന്ന് അടുത്തിടെ അദ്ദേഹം വ്യക്തമാക്കിയിരുന്നു. അതുകൊണ്ടു തന്നെ അവസരം ലഭിക്കുകയാണെങ്കില്‍ 2023ലെ ലോകകപ്പില്‍ കൂടി ഗെയ്‌ലിനെ കാണാനായേക്കും.
ഐപിഎല്ലിലേക്കു വരികയാണെങ്കില്‍ കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സിലൂടെയായിരുന്നു അദ്ദേഹത്തിന്റെ കരിയര്‍ തുടങ്ങിയത്. പിന്നീട് റോയല്‍ ചാലഞ്ചേഴ്‌സ് ബാംഗ്ലൂര്‍ പഞ്ചാബ് കിങ്‌സ് എന്നിവര്‍ക്കായും കളിച്ചു. 2016ല്‍ ആര്‍സിബിക്കൊപ്പം ഫൈനലില്‍ വരെയെത്താന്‍ ഗെയ്‌ലിനായിരുന്നു. പക്ഷെ കൈയെത്തുംദൂരത്ത് കിരീടം കൈവിട്ടു. വെറും എട്ടു റണ്‍സിനാണ് സണ്‍റൈസേഴ്‌സ് ഹൈദരാബാദിനോടു ആര്‍സിബി തോല്‍വി സമ്മതിച്ചത്.

സൗരവ് ഗാംഗുലി
ഇന്ത്യയുടെ മുന്‍ ഇതിഹാസ നായകന്‍ സൗരവ് ഗാംഗുലിയാണ് ഈ ലിസ്റ്റിലെ രണ്ടാമത്തെയാള്‍. 1992ലായിരുന്നു ദേശീയ ടീമിനായി ദാദയുടെ അരങ്ങേറ്റം. എന്നാല്‍ 96 മുതലായിരുന്നു ഗാംഗുലി താരപദവിയിലേക്കുയര്‍ന്നത്. 15 വര്‍ഷത്തിലേറെ നീണ്ട കരിയറില്‍ ബാറ്റ്‌സ്മാനെന്ന നിലയിലും ക്യാപ്റ്റനെന്ന നിലയിലും ഒരുപാട് നേട്ടങ്ങള്‍ കൈവരിക്കാന്‍ അദ്ദേഹത്തിനു സാധിച്ചു. പക്ഷെ ലോകകപ്പെന്ന സ്വപ്‌നം മാത്രം പൂവണിഞ്ഞില്ല. 1999 മുതല്‍ 2007 വരെയുള്ള ലോകകപ്പുകളില്‍ ഗാംഗുലി കളിച്ചിട്ടുണ്ട്.
2003ലെ ടൂര്‍ണമെന്റില്‍ ദാദ ലോകകിരീടത്തിന് തൊട്ടരികില്‍ വരെയെത്തിയിരുന്നു. പക്ഷെ അദ്ദേഹം നയിച്ച ഇന്ത്യന്‍ ടീം ഫൈനലില്‍ ഓസ്‌ട്രേലിയയോടു തോല്‍ക്കുകയായിരുന്നു. 125 റണ്‍സിന്റെ വന്‍ മാര്‍ജിനിലുള്ള പരാജയമായിരുന്നു ഇന്ത്യക്കു നേരിട്ടത്. എങ്കിലും ഈ ടൂര്‍ണമെന്റില്‍ മൂന്നു സെഞ്ച്വറികളുമായി ഗാംഗുലി കസറി. ലോകകപ്പില്‍ 22 മല്‍സരങ്ങളില്‍ നിന്നും 56നടുത്ത് ശരാശരിയില്‍ 1066 റണ്‍സ് അദ്ദേഹം നേടിയിട്ടുണ്ട്.
ഐപിഎല്ലില്‍ അഞ്ചു വര്‍ഷമാണ് ഗാംഗുലി കളിച്ചത്. അദ്ദേഹത്തിന്റെ കരിയറിന്റെ അസ്തമയ കാലത്തായിരുന്നു ഐപിഎല്ലിന്റെ വരവ്. 2008ലെ പ്രഥമ സീസണില്‍ തന്റെ ഹോം ഫ്രാഞ്ചൈസിയായ കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സിന്റെ ക്യാപ്റ്റന്‍ കൂടിയായിരുന്നു ദാദ. 2010ല്‍ അദ്ദേഹം ഫ്രാഞ്ചൈസി വിട്ടു. പിന്നീട് പൂനെ വാരിയേഴ്‌സിനു വേണ്ടി കളിച്ച ഗാംഗുലി 2012ല്‍ വിരമിക്കുകയും ചെയ്തു. 59 മല്‍സരങ്ങളില്‍ നിന്നും 25നടുത്ത ശരാശരിയില്‍ 1349 റണ്‍സാണ് സമ്പാദ്യം. ഒരിക്കല്‍പ്പോലും ഐപിഎല്ലിന്റെ സെമി ഫൈനലില്‍ പോലുമെത്താന്‍ അദ്ദേഹത്തിനു ഭാഗ്യമുണ്ടായില്ല.

രാഹുല്‍ ദ്രാവിഡ്
സൗരവ് ഗാംഗുലിയെപ്പോലെ തന്നെ ലോകകപ്പോ, ഐപിഎല്ലോ നേടിയിട്ടില്ലാത്ത ഇന്ത്യയുടെ മറ്റൊരു ഇതിഹസമാണ് രാഹുല്‍ ദ്രാവിഡ്. ക്യാപ്റ്റനായും വിക്കറ്റ് കീപ്പറായും ഇപ്പോള്‍ കോച്ചായുമെല്ലാം ദേശീയ ടീമിനെ സേവിച്ച ദ്രാവിഡിന് പക്ഷെ ഒരിക്കല്‍പ്പോലും ലോകകപ്പോ, ഐപിഎല്ലോ സ്വന്തമാക്കാന്‍ കഴിഞ്ഞിട്ടില്ല. 1999 മുതല്‍ 2007 വരെ മൂന്നു ലോകകപ്പുകളിലാണ് അദ്ദേഹം ഇന്ത്യക്കു വേണ്ടി കളിച്ചിട്ടുള്ളത്. 1999ലെ കന്നി ലോകകപ്പില്‍ എട്ടു മല്‍സരങ്ങളില്‍ നിന്നും 461 റണ്‍സോടെ ദ്രാവിഡ് കസറിയിരുന്നു. ടൂര്‍ണമെന്റിലെ ടോപ്‌സ്‌കോററും അദ്ദേഹമായിരുന്നു.
2003ല്‍ ഗാംഗുലിക്കു കീഴില്‍ ലോകകപ്പിന്റെ ഫൈനലില്‍ കളിച്ചതാണ് ദ്രാവിഡിന്റെയും കരിയറിലെ ഏറ്റവും വലിയ നേട്ടം. ഈ ടൂര്‍ണമെന്റില്‍ 63.60 എന്ന മികച്ച ശരാശരിയില്‍ 318 റണ്‍സ് അദ്ദേഹം നേടിയിരുന്നു
ഐപിഎല്ലില്‍ റോയല്‍ ചാലഞ്ചേഴ്‌സ് ബാംഗ്ലൂരിനൊപ്പമായിരുന്നു ദ്രാവിഡിന്റെ തുടക്കം. 2010ല്‍ അദ്ദേഹം രാജസ്ഥാന്‍ റോയല്‍സ് ടീമിന്റെ ഭാഗമായി. 2009, 10 വര്‍ഷങ്ങളില്‍ റണ്ണറപ്പായ ആര്‍സിബി ടീമില്‍ ദ്രാവിഡുമുണ്ടായിരുന്നു. 2013ലായിരുന്നു അദ്ദേഹം അവസാനമായി ഐപിഎല്ലില്‍ കളിച്ചത്. ഈ സീസണില്‍ രാജസ്ഥാന്‍ പ്ലേഓഫില്‍ കടന്നിരുന്നെങ്കിലും മൂന്നംസ്ഥാനത്ത് ഫിനിഷ് ചെയ്യുകയായിരുന്നു.

എബി ഡിവില്ലിയേഴ്‌സ്
സൗത്താഫ്രിക്കയുടെ ഇതിഹാസ ബാറ്റ്‌സ്മാനും മുന്‍ ക്യാപ്റ്റനുമായ എബി ഡിവില്ലിയേഴ്‌സും നിര്‍ഭാഗ്യവാന്മാരുടെ കൂട്ടത്തിലുണ്ട്. 2005ലായിരുന്നു അന്താരാഷ്ട്ര ക്രിക്കറ്റില്‍ എബിഡിയുടെ അരങ്ങേറ്റം. രണ്ടു വര്‍ഷങ്ങള്‍ക്കു ശേഷം 2007ല്‍ അദ്ദേഹം ആദ്യ ലോകകപ്പില്‍ കളിക്കുകയും ചെയ്തു. ഈ ടൂര്‍ണമെന്റിലെ കിരീട ഫേവറിറ്റുകളിലൊന്നു കൂടിയായിരുന്നു ഗ്രേയം സ്മിത്ത് നയിച്ച സൗത്താഫ്രിക്ക. പക്ഷെ സെമി ഫൈനലില്‍ ഓസ്‌ട്രേലിയയോടു തോല്‍ക്കുകയായിരുന്നു.
തൊട്ടടുത്ത ലോകകപ്പില്‍ ഇന്ത്യയടക്കമുള്ള വമ്പന്‍മാരെ തോല്‍പ്പിച്ചു കരുത്തുകാട്ടിയെങ്കിലും സൗത്താഫ്രിക്ക നോക്കൗട്ട്‌റൗണ്ടില്‍ തോല്‍വിയേറ്റുവാങ്ങി. ക്വാര്‍ട്ടര്‍ ഫൈനലില്‍ ന്യൂസിലാന്‍ഡിനെതിരേയായിരുന്നു അവര്‍ പരാജയം സമ്മതിച്ചത്. 2015ലെ അടുത്ത ലോകകപ്പില്‍ സെമി ഫൈനലില്‍ സൗത്താഫ്രിക്ക തോല്‍ക്കകുയായിരുന്നു. അന്നും ന്യൂസിലാന്‍ഡിനെതിരേ തന്നെയായിരുന്നു തോല്‍വി.
ഐപിഎല്ലിന്റെ കാര്യമെടുത്താല്‍ ഡല്‍ഹി ക്യാപ്പിറ്റല്‍സിലൂടെ കരിയര്‍ ആരംഭിച്ച എബിഡി ഏറെക്കാലമായി റോയല്‍ ചാലഞ്ചേഴ്‌സ് ബാംഗ്ലൂര്‍ ടീമിന്റെ ഭാഗമാണ്. 2011, 16 വര്‍ഷങ്ങളില്‍ അദ്ദേഹം ആര്‍സിബിക്കൊപ്പം ഫൈനലില്‍ കളിച്ചെങ്കിലും കിരീടത്തിലേക്കു എത്താനായില്ല. ഇപ്പോഴും ആര്‍സിബിക്കൊപ്പമുള്ള എബിഡി ഈ സീസണിലും കിരീടത്തിനായുള്ള കാത്തിരിപ്പ് അവസാനിപ്പിക്കാമെന്ന പ്രതീക്ഷയിലാണ്.

കുമാര്‍ സങ്കക്കാര
ശ്രീലങ്കയുടെ മുന്‍ ക്യാപ്റ്റനും ഇതിഹാസ വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാനുമായ കുമാര്‍ സങ്കക്കാരയ്ക്കും കരിയറില്‍ ഈ രണ്ടു ട്രോഫികളും നേടാന്‍ ഭാഗ്യമുണ്ടായില്ല. 2000ലായിരുന്നു ലങ്കയ്ക്കു വേണ്ടി സങ്കക്കാരയുടെ അരങ്ങേറ്റം. 2003 മുതല്‍ 15 വരെ നാലു ലോകകപ്പുകളില്‍ അദ്ദേഹം ദേശീയ ടീമിന്റെ ഭാഗമായിരുന്നു. 2003ലെ ലോകകപ്പില്‍ ലങ്കയ്ക്കു സെമി ഫൈനലിലെത്താനായിരുന്നെങ്കിലും ഓസ്‌ട്രേലിയയോടു തോല്‍ക്കുകയായിരുന്നു.
എന്നാല്‍ അടുത്ത രണ്ടു ലോകകപ്പുകളിലും കൈയെത്തുംദൂരത്തായിരുന്നു സങ്കക്കാരയ്ക്കു ട്രോഫി നഷ്ടമായത്. 2007ലെ ഫൈനലില്‍ ഓസ്ട്രലിയയോടും 11ലെ ഫൈനലില്‍ ഇന്ത്യയോടും ലങ്ക പരാജയപ്പെടുകയായിരുന്നു. 11ലെ ലോകകപ്പില്‍ ലങ്കന്‍ ടീമിന്റെ ക്യാപ്റ്റന്‍ കൂടിയായിരുന്നു സങ്കക്കാര.
ഐപിഎല്ലില്‍ തുടര്‍ച്ചയായി ആറു സീസണുകളില്‍ അദ്ദേഹം കളിച്ചിട്ടുണ്ട്. പഞ്ചാബ് കിങ്‌സ്, ഡെക്കാന്‍ ചാര്‍ജേഴ്‌സ്, സണ്‍റൈസേഴ്‌സ് ഹൈദരാബാദ് ടീമുകള്‍ക്കൊപ്പമായിരുന്നു ഇത്. 2008ലെ പ്രഥമ സീസണിലായിരുന്നു സങ്കക്കാര കിരീടത്തിന് ഏറ്റവും അരികിലെത്തിയത്. അന്നു സെമി ഫൈനലില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സിനോടു പഞ്ചാബ് പരാജയപ്പെടുകയായിരുന്നു.


Click it and Unblock the Notifications











