ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ മുഖ്യ പരിശീലക സ്ഥാനത്തു നിന്നും മുന്‍ ഇതിഹാസം രാഹുല്‍ ദ്രാവിഡിനെ മാറ്റണമെന്ന് അടുത്തിടെയായി പല കോണുകളില്‍ നിന്നും ആവശ്യമുയര്‍ന്നിരുന്നു. അദ്ദേഹത്തിനു കീഴില്‍ ടീമിനു ഇനിയും വലിയൊരു ടൂര്‍ണമെന്റ് ജയിക്കാന്‍ കഴിഞ്ഞിട്ടില്ലെന്നതാണ് പ്രധാന പോരായ്മയായി വിമര്‍ശകര്‍ ചൂണ്ടിക്കാണിക്കുന്നത്. 2021ല്‍ നടന്ന ഐസിസിയുടെ ടി20 ലോകകപ്പോടെയായിരുന്നു മുന്‍ കോച്ച് രവി ശാസ്ത്രിയുടെ കരാര്‍ അവസാനിച്ചത്.
തുടര്‍ന്നാണ് പകരക്കാരനായി 'വന്‍മതില്‍' ഈ റോള്‍ ഏറ്റെടുക്കുന്നത്. വിരാട് കോലിക്കു പകരം രോഹിത് ശര്‍മ സ്ഥിരം ക്യാപ്റ്റനായി മാറുകയും ചെയ്തതോടെ തലപ്പത്ത് രോഹിത്- ദ്രാവിഡ് എന്ന പുതിയ കോംബോ വരികയും ചെയ്തു. സമാന സ്വഭാവമുള്ള ഇരുവരും ഒന്നിച്ചപ്പോള്‍ അതു വന്‍ വിജയമായി മാറുമെന്നായിരുന്നു പ്രതീക്ഷിക്കപ്പെട്ടത്. പക്ഷെ ഇനിയും അതു യാഥാര്‍ഥ്യമായി മാറിയിട്ടില്ലെന്നു പറയേണ്ടി വരും.

ദ്വിരാഷ്ട്ര പരമ്പരകളില്‍ ഒരുപാട് നേട്ടങ്ങള്‍ കൊയ്‌തെങ്കിലും വലിയ ടൂര്‍ണമെന്റുകളില്‍ ടീമിനു കാലിടറുകയാണ്. കഴിഞ്ഞ വര്‍ഷം ഏഷ്യാ കപ്പിലും ടി20 ലോകകപ്പിലുമായിരുന്നു ദ്രാവിഡിന്റെ ശിക്ഷണത്തില്‍ ടീം കളിച്ചത്. രണ്ടിലും ഫ്‌ളോപ്പാവുകയും ചെയ്തു. ഏഷ്യാ കപ്പില്‍ സൂപ്പര്‍ ഫോറിലും ലോകകപ്പില്‍ സെമി ഫൈനലിലും ടീം തോറ്റു പുറത്താവുകയായിരുന്നു.
ഈ വര്‍ഷം ലോക ടെസ്റ്റ് ചാംപ്യന്‍ഷിപ്പ് ഫൈനലിലും ടീമിനെ ജയിപ്പിക്കാന്‍ ദ്രാവിഡിനായില്ല. ഏഷ്യാ കപ്പില്‍ വീണ്ടുമൊരു ഭാഗ്യ പരീക്ഷണത്തിനു ടീം ഒരുങ്ങുകയാണ്. പിന്നാലെ ഏകദിന ലോകകപ്പും ടീമിനെ കാത്തിരിക്കുന്നു.
ലോകകപ്പ് വരെയാണ് ടീമുമായി ദ്രാവിഡിന്റെ കരാര്‍. ഇന്ത്യയെ ചാംപ്യന്‍മാരാക്കാന്‍ കഴിഞ്ഞാല്‍ മാത്രമേ അദ്ദേഹവുമായുള്ള കരാര്‍ ബിസിസിഐ പുതുക്കാന്‍ സാധ്യതയുള്ളൂ. പക്ഷെ ടീം ഇന്ത്യയെ മുന്നോട്ടു നയിക്കാന്‍ ദ്രാവിഡ് തന്നെയാണ് ബെസ്റ്റ് ഓപ്ഷനെന്നു പറയേണ്ടിവരും. ഇതിന്റെ ചില കാരണങ്ങള്‍ എന്തൊക്കെയാണെന്നു നമുക്കു നോക്കാം.
യുവതാരങ്ങളെ വളര്‍ത്തിയെടുക്കുന്നതിലുള്ള ദ്രാവിഡിന്റെ മിടുക്കാണ് ആദ്യത്തെ കാരണം. സീനിയര്‍ ടീമിന്റ മുഖ്യ കോച്ചാവും മുമ്പ് ജൂനിയര്‍ ടീമിന്റെയും ഇന്ത്യന്‍ എ ടീമിന്റെയുമെല്ലാം പരിശീലകനായിരുന്നു അദ്ദേഹം. കൂടാതെ ദേശീയ ക്രിക്കറ്റ് അക്കാദമിയുടെ മേധാവിയുമായിരുന്നു. ജൂനിയര്‍ ടീമുകള്‍ക്കൊപ്പം പ്രവര്‍ത്തിക്കവെ നിരവധി യുവതാരങ്ങളെ കണ്ടെത്തുകയും പിന്തുണയ്ക്കുകയും ചെയ്തിട്ടുള്ള കോച്ചാണ് ദ്രാവിഡ്.
നിലവില്‍ ദേശീയ ടീമിലെ സ്ഥിരം സാന്നിധ്യമായി മാറിയ ബാറ്റിങ് സെന്‍സേഷന്‍ ശുഭ്മന്‍ ഗില്‍, വെടിക്കെട്ട് താരം പൃഥ്വി ഷാ എന്നിവരടക്കം പലരെയും ദ്രാവിഡ് വളര്‍ത്തിയെടുത്തിട്ടുണ്ട്. 2018ലെ ഐസിസിയുടെ അണ്ടര്‍ 19 ലോകകപ്പില്‍ ഇന്ത്യ ചാംപ്യന്‍മാരായത് ദ്രാവിഡിന്റെ പരിശീലന മികവിലായിരുന്നു. അന്നു ടീമിനെ നയിച്ചത് പൃഥ്വിയും വൈസ് ക്യാപ്റ്റന്‍ ഗില്ലുമായിരുന്നു.
ജൂനിയര്‍ തലത്തില്‍ താന്‍ കണ്ടെത്തിയ പലരെയും അദ്ദേഹം സീനിയര്‍ ടീമിലേക്കു കൊണ്ടു വരികയും അവസരങ്ങള്‍ നല്‍കുകയും ചെയ്തിട്ടുണ്ട്. അതുകൊണ്ടു തീര്‍ച്ചയായും ഭാവിയിലേക്കു മികച്ചൊരു ടീമിനെ വാര്‍ത്തെടുക്കാനുള്ള ശേഷി ദ്രാവിഡിനുണ്ടെന്നതില്‍ സംശയമില്ല. ഇതിനുള്ള സമയം അദ്ദേഹത്തിനു നല്‍കുകയാണ് വേണ്ടത്. ധൃതി പിടിച്ച് ദ്രാവിഡിനെ പരിശീലക സ്ഥാനത്തു നിന്നു മാറ്റിയാല്‍ അതിന്റെ നഷ്ടം ഇന്ത്യന്‍ ക്രിക്കറ്റിനു തന്നെയായിരിക്കും.

ക്യാപ്റ്റനും താരവുമായിരുന്നപ്പോള്‍ വളരെയധികം ശാന്തപ്രകൃതവും ഏകാഗ്രതയുമുള്ള ക്രിക്കറ്ററായിരുന്നു ദ്രാവിഡ്. ഇപ്പോള്‍ കോച്ചായപ്പോള്‍ ടീമിലേക്കും ഇതു കൊണ്ടുവരാന്‍ അദ്ദേഹത്തിനു സാധിക്കുന്നുവെന്നു കാണാം. ദ്രാവിഡ് കോച്ചായി തുടരേണ്ടതിന്റെ രണ്ടാമത്തെ കാരണവും ഇതാണ്.
ടീമിനു പരാജയങ്ങളും പല തിരിച്ചടികളുമെല്ലാം നേരിട്ടപ്പോഴും അതു കളിക്കാരുടെ ആത്മവിശ്വാസത്തെ സാരമായി ബാധിക്കാതെ നോക്കാന്‍ ദ്രാവിഡെന്ന കോച്ചിനു സാധിച്ചിരുന്നു. ഡ്രസിങ് റൂം എല്ലായ്‌പ്പോഴും വളരെ ശാന്തമായും ഒപ്പം ആത്മവിശ്വാസത്തോടെയും നിലനിര്‍ത്തുന്നത് ദ്രാവിഡിന്റെ സാന്നിധ്യമാണ്.
ഒരുപക്ഷെ രവി ശാസ്ത്രിയെപ്പോലെ ഒരു അഗ്രസീവായ കോച്ചായിരുന്നെങ്കില്‍ അതു കളിക്കാരെ കൂടുതല്‍ സമ്മര്‍ദ്ദത്തിലാക്കുകയും ഡ്രസിങ് റൂം സംഘര്‍ഷഭരിതമാക്കുകയും ചെയ്യുമായിരുന്നു. പക്ഷെ ഇപ്പോഴത്തെ ടീം പരാജയത്തിലും തിരിച്ചടികളിലും പതറുന്നില്ല.
മാത്രമല്ല തിരിച്ചടിയില്‍ നിന്നും പാഠമുള്‍ക്കൊണ്ട് കൂടുതല്‍ ശക്തമായി തിരിച്ചുവരാന്‍ എല്ലായ്‌പ്പോഴും ശ്രമിച്ചുകൊണ്ടിരിക്കുകയും ചെയ്യുന്നു. ഇത്തരമൊരു അന്തരീക്ഷം ടീമില്‍ സൃഷ്ടിച്ചെടുക്കാനായതിന്റെ ക്രെഡിറ്റ് ദ്രാവിഡിനു തന്നെയാണ്.