ബെംഗളുരു: എളുപ്പത്തില്‍ നിക്ഷേപം വര്‍ദ്ധിക്കാനായി സ്വകാര്യ കമ്പനിയില്‍ പണം നിക്ഷേപിച്ച മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരം രാഹുല്‍ ദ്രാവിഡും ബാഡ്മിന്റണ്‍ താരം സൈന നേവാളും ഉള്‍പ്പെടെയുള്ള പ്രമുഖര്‍ക്ക് കോടികളുടെ നഷ്ടം. ഏതാണ്ട് 300 കോടിയോളം രൂപയാണ് കമ്പനി തട്ടിയെടുത്തതെന്നാണ് പോലീസിന്റെ പ്രാഥമിക റിപ്പോര്‍ട്ട്.
ദ്രാവിഡിനെയും സൈനയെയും കൂടാതെ മുന്‍ ഇന്ത്യന്‍ ബാഡ്മിന്റണ്‍ താരവും ദീപിക പദുക്കോണിന്റെ പിതാവുമായ പ്രകാശ് പദുക്കോണ്‍, സിനിമാ, രാഷ്ട്രീയ, ബിസിനസ് രംഗത്തെ പ്രമുഖര്‍ തുടങ്ങിയവരെല്ലാം ബെംഗളുരു ആസ്ഥാനമായ വിക്രം ഇന്‍വെസ്റ്റ്മെന്റ് കമ്പനിയില്‍ പണം നിക്ഷേപിച്ചിരുന്നു. 40% വരെയാണ് നിക്ഷേപത്തിന് വര്‍ദ്ധനവ് വാഗ്ദാനം ചെയ്തത്.
എന്നാല്‍, പണം തിരിച്ചുനല്‍കുകയോ പലിശ നല്‍കുകയോ ചെയ്യാത്തതോടെ പോലീസില്‍ പരാതിയെത്തി. സംഭവത്തില്‍ കമ്പനി ഉടമ രാഘവേന്ദ്ര ശ്രീനീഥ്, സുത്റാം സുരേഷ്, നരസിംഹമൂര്‍ത്തി, കെസി നാഗരാജ്, പ്രഹ്ലാദ് എന്നിവരെ അറസ്റ്റ് ചെയ്തു. സുത്റാം സുരേഷ് അറിയപ്പെടുന്ന സ്പോര്‍ട്സ് മാധ്യമപ്രവര്‍ത്തകനാണെന്ന് പോലീസ് പറഞ്ഞു.
ഇയാളാണ് സ്പോര്‍ട്സ് താരങ്ങളെ നിക്ഷേപത്തിനായി സമീപിച്ചത്. മാധ്യമ പ്രവര്ത്തകനിലുള്ള വിശ്വാസം രാഹുല്‍ ദ്രാവിഡ് ഉള്‍പ്പെടെയുള്ളവര്‍ക്ക് വിനയാകുകയും ചെയ്തു. അറസ്റ്റ് ചെയ്ത പ്രതികളെ 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു. പോലീസ് എല്ലാ നിക്ഷേപകരുടെയും ബാങ്ക് വിവരം ഉള്‍പ്പെടെയുള്ളവ പരിശോധിച്ചുവരികയാണ്.