ബെംഗളൂരു: ഇന്ത്യയുടെ വന്മതില് രാഹുല്‍ ദ്രാവിഡിന്റെ മൂത്ത മകന് സമിത് ദ്രാവിഡിന് വീണ്ടും അര്‍ധസെഞ്ചുറികള്‍. അണ്ടര്‍ 12 ഗോപാലന് ക്രിക്കറ്റ് കപ്പ് ടൂര്‍ണമെന്റിലാണ് സമിത് മിന്നല്‍ പ്രകടനം പുറത്തെടുത്തത്. സമിത് ദ്രാവിഡിന്റെ വെടിക്കെട്ട് ഇന്നിംഗ്സുകളുടെ പിന്‍ബലത്തില്‍ മല്യ അദിതി ഇന്റര്‍നാഷണല്‍ സ്കൂള്‍ ഗോപാലന് ക്രിക്കറ്റ് കപ്പും സ്വന്തമാക്കി.
ന്യൂ ഹൊറൈസണ്‍ പബ്ലിക് സ്കൂളിനെതിരെ 77 റണ്‍സെടുത്ത് വാര്‍ത്തളില്‍ നിറഞ്ഞ സമിത് ദ്രാവിഡ് രണ്ട് അര്‍ധസെഞ്ചുറികള്‍ കൂടി ടൂര്‍ണമെന്റില്‍ അടിച്ചു. ഇതില്‍ ഒരെണ്ണം ഫൈനലിലായിരുന്നു. ഫൈനലില്‍ 77 റണ്‍സെടുത്ത സമിതിന് ടൂര്‍ണമെന്റിലെ മികച്ച ബാറ്റ്സ്മാനുള്ള അവാര്‍ഡും കിട്ടി. സമിതിന്റെ മൂന്ന് അര്‍ധസെഞ്ചുറികളും ടീമിനെ ജയിപ്പിച്ചു എന്നതാണ് മറ്റൊരു പ്രത്യേകത.
ബെംഗളൂരുവിലെ സെന്റ് ജോണ്‍സ് മെഡിക്കല്‍ കോളജ് ഗ്രൗണ്ടില്‍ നടന്ന ഫൈനലില്‍ ഹെഡ് സ്റ്റാര്‍ട്ട് എജുക്കേഷണല്‍ അക്കാഡമിയെ ആണ് മല്യ അദിതി ഇന്റര്‍നാഷണല്‍ സ്കൂള്‍ തോല്പിച്ചത്. അച്ഛനെപ്പോലെ തന്നെ വലംകൈയന്‍ ബാറ്റ്സ്മാനാണ് സമിതും. അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്നും വിരമിച്ച രാഹുല്‍ ദ്രാവിഡിന്റെ 9 വയസുകാരന് മകനും അച്ഛനെ പോലെ ശരിയായ പാതയിലാണ് പോക്ക് എന്ന സന്തോഷത്തിലാണ് ആരാധകര്‍.
സമിത് ദ്രാവിഡ് 77 നോട്ടൗട്ട്! ഇത് വന്മതില് ജൂനിയര്‍!!