ജയ്പൂര്‍: ക്രിക്കറ്റില്‍ ഒരു രണ്ടാമിന്നിംഗ്‌സിന് തയ്യാറാണെന്ന് മുന്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ രാഹുല്‍ ദ്രാവിഡ്. എന്നാല്‍ അത് കളിക്കാരനായിത്തന്നെയാണോ അതോ ടീം ഒഫീഷ്യലായിട്ടായിരിക്കുമോ എന്ന് വ്യക്തമാക്കാന്‍ ദ്രാവിഡ് തയ്യാറായില്ല. കളി നിര്‍ത്തുന്നതിനെക്കുറിച്ച് ഇതുവരെയും കാര്യമായി ആലോചിച്ചിട്ടില്ല എന്നും ഇന്ത്യയുടെ ഏറ്റവും മികച്ച ടെസ്റ്റ് ക്രിക്കറ്റര്‍മാരില്‍ ഒരാളായ ദ്രാവിഡ് പറഞ്ഞു.
ഇതുവരെയും ആളുകള്‍ തന്നെ മുന്‍ ഇന്ത്യന്‍ ക്രിക്കറ്റര്‍ എന്നാണ് വിശേഷിപ്പിച്ചിരുന്നത്. ചാമ്പ്യന്‍സ് ലീഗിന് ശേഷം അത് മുന്‍ ക്രിക്കറ്റര്‍ എന്നായിരിക്കുന്നു - ദ്രാവിഡ് തമാശരൂപത്തില്‍ പറഞ്ഞു. രാജസ്ഥാന്‍ റോയല്‍സിനൊപ്പം തുടര്‍ന്നും ഉണ്ടാകും എന്ന സൂചനകളാണ് ദ്രാവിഡ് നല്‍കുന്നത്. അത് കോച്ചായിട്ടാണോ, മെന്റര്‍ ആയിട്ടാണോ അതോ ക്യാപ്റ്റന്‍ തന്നെയായിട്ടാണോ എന്ന് കണ്ട് തന്നെ അറിയണം.

രാജസ്ഥാന്‍ റോയല്‍സിനൊപ്പം തുടര്‍ന്നും സഹകരിക്കാന്‍ സന്തോഷമേയുള്ളൂ. എന്നാല്‍ ഇതിനെക്കുറിച്ച് ഇപ്പോള്‍ തീരുമാനിച്ചിട്ടില്ല. ഉടന്‍ തന്നെ ഇത് സംബന്ധിച്ച ചര്‍ച്ചകള്‍ ഉണ്ടാകും. യാത്ര ചെയ്യുക എന്നത് മാത്രമാണ് മുന്നിലുള്ള ഏറ്റവും വലിയ പ്രയാസം. മറ്റെല്ലാം കൊണ്ടും രാജസ്ഥാന്‍ റോയല്‍സിനൊപ്പം തുടരാന്‍ സന്തോഷമേയുള്ളൂ.
മാനേജര്‍ അല്ലെങ്കില്‍ ടീം ഉപദേഷ്ടാവ് എന്ന നിലയില്‍ ദ്രാവിഡ് റോയല്‍സിനൊപ്പം തുടരുമെന്ന് രാജസ്ഥാന്‍ ടീം കോച്ച് പാഡി ഉപ്ടണ്‍ നേരത്തെ സൂചന നല്‍കിയിരുന്നു. ചാമ്പ്യന്‍സ് ലീഗ് ഫൈനലില്‍ സച്ചിന്റെ മുംബൈ ഇന്ത്യന്‍സിനോട് ദ്രാവിഡിന്റെ രാജസ്ഥാന്‍ തോല്‍ക്കുകയായിരുന്നു. സച്ചിന്‍ അവസാനമായി മുംബൈ ഇന്ത്യന്‍സിന് വേണ്ടി കളിക്കുന്ന ടൂര്‍ണമെന്റായിരിക്കും ഇതെന്ന് നേരത്തെ പ്രഖ്യാപിച്ചിരുന്നതാണ്.