
മുംബൈ: ഇന്ത്യന്‍ ക്രിക്കറ്റ് ടീമിനെ സംബന്ധിച്ച് പൊളിച്ചെഴുത്തുകളുടെ സമയമാണ് നടന്നുകൊണ്ടിരിക്കുന്നത്. 2021, 2022ലെ ടി20 ലോകകപ്പുകളില്‍ കപ്പിലേക്കെത്താന്‍ സാധിക്കാതെ പോയ ഇന്ത്യക്ക് 2023ലെ ഏകദിന ലോകകപ്പ് മുന്നില്‍ക്കണ്ട് മുന്നൊരുക്കം നടത്തേണ്ടതായുണ്ട്. അതുകൊണ്ട് തന്നെ പല താരങ്ങളെയും ടീമില്‍ നിന്ന് തഴയേണ്ടി വരുമ്പോള്‍ പുതിയ ചില താരങ്ങളെ ടീമിലേക്ക് എത്തിക്കേണ്ടതായുമുണ്ട്.
ഇന്ത്യക്ക് ഒരു കാലത്തും താരക്ഷാമം ഉണ്ടായിട്ടില്ല. എല്ലാ സമയത്തും സൂപ്പര്‍ താരങ്ങളുടെ വലിയൊരു നിര ഇന്ത്യക്കൊപ്പമുണ്ടായിരുന്നു. അതുകൊണ്ട് തന്നെ ടീം സെലക്ഷന്‍ എപ്പോഴും വലിയ പ്രയാസമുള്ള കാര്യവുമാണ്. ഇന്ത്യ സമീപകാലത്തായി ടീമിലേക്ക് പരിഗണിക്കുന്ന ചിലര്‍ ശരിക്കും ഫോം പരിശോധിച്ചാല്‍ ടീമില്‍ ഇടം പിടിക്കാന്‍ യോഗ്യരല്ലെന്ന് തന്നെ പറയാം. ആഭ്യന്തര ക്രിക്കറ്റ് കളിച്ച് മികവ് കാട്ടി ഇന്ത്യന്‍ ടീമിലേക്ക് തിരിച്ചെത്തേണ്ട ചിലരുണ്ട്. നാല് താരങ്ങള്‍ ആരൊക്കെയാണെന്ന് നോക്കാം.
ശര്‍ദുല്‍ ഠാക്കൂര്‍
ഇന്ത്യയുടെ പേസ് ഓള്‍റൗണ്ടറാണ് ശര്‍ദുല്‍ ഠാക്കൂര്‍. പന്തിന്റെ വേഗതയില്‍ നല്ല നിയന്ത്രണമുള്ള ശര്‍ദുല്‍ മധ്യ ഓവറുകളില്‍ വിക്കറ്റ് വീഴ്ത്താന്‍ മിടുക്കനാണ്. അത്യാവശ്യ ഘട്ടങ്ങളില്‍ ബാറ്റുകൊണ്ടും തിളങ്ങാന്‍ കഴിവുള്ള ശര്‍ദുലിനെ ലോര്‍ഡ് എന്നാണ് ആരാധകര്‍ വിശേഷിക്കുന്നത്. എന്നാല്‍ സമീപകാലത്തെ ശര്‍ദുലിന്റെ പ്രകടനം ഇന്ത്യക്ക് വലിയ പ്രതീക്ഷ നല്‍കുന്നതല്ല. ഏകദിനത്തിലേക്കും ടെസ്റ്റിലേക്കും പരിഗണിക്കപ്പെടുന്നുണ്ടെങ്കിലും വലിയ ഇംപാക്ട് സൃഷ്ടിക്കാന്‍ ശര്‍ദുലിനാവുന്നില്ല. അതുകൊണ്ട് തന്നെ ശര്‍ദുല്‍ ആഭ്യന്തര ക്രിക്കറ്റ് കളിക്കേണ്ടത് അത്യാവശ്യമാണ്. രഞ്ജി ട്രോഫിയിലടക്കം കളിച്ച് ഫോം തെളിയിച്ച് ശര്‍ദുല്‍ തിരിച്ചെത്തുന്നതാണ് ടീമിനും താരത്തിനും നല്ലത്.

മായങ്ക് അഗര്‍വാള്‍
ഇന്ത്യ ടെസ്റ്റിലേക്ക് കൂടുതല്‍ പരിഗണിക്കുന്ന ഓപ്പണറാണ് മായങ്ക് അഗര്‍വാള്‍. വിദേശ പിച്ചുകളില്‍ കാര്യമായ മികവ് അവകാശപ്പെടാനാവില്ലെങ്കിലും ഇന്ത്യന്‍ പിച്ചുകളില്‍ മായങ്ക് പുലിയാണ്. നിലവില്‍ ഇന്ത്യ ടെസ്റ്റില്‍ ശുബ്മാന്‍ ഗില്ലിനെയാണ് ഓപ്പണറായി പരിഗണിക്കുന്നത്. അതുകൊണ്ട് തന്നെ മായങ്ക് ടീമിന് പുറത്താണ്. ഇന്ത്യ അത്ര പെട്ടെന്ന് തഴയേണ്ട താരമല്ല മായങ്ക്. ഇന്ത്യന്‍ പിച്ചില്‍ ഇനിയും മികച്ച പ്രകടനം നടത്താന്‍ മായങ്കിന് സാധിക്കും. ആഭ്യന്തര ക്രിക്കറ്റ് കളിച്ച് ഫോമിലേക്കെത്തേണ്ടത് മായങ്കിനെ സംബന്ധിച്ച് അത്യാവശ്യമാണ്. അല്ലാത്ത പക്ഷം ഇനി ഇന്ത്യന്‍ ടീമിലേക്ക് മടങ്ങിവരവും കടുപ്പം.
അജിന്‍ക്യ രഹാനെ
ഇന്ത്യയുടെ ടെസ്റ്റ് വൈസ് ക്യാപ്റ്റനായിരുന്ന അജിന്‍ക്യ രഹാനെ നിലവില്‍ ടീമിന് പുറത്താണ്. തുടര്‍ച്ചയായി പ്രകടനം മോശമായതോടെ രഹാനെയെ ഇന്ത്യ തഴയുകയായിരുന്നു. നിലവില്‍ രഹാനെക്ക് പകരം മധ്യനിരയില്‍ കെ എല്‍ രാഹുല്‍, ശ്രേയസ് അയ്യര്‍ എന്നിവരെല്ലാം അവസരം തേടുന്നു. രഹാനെക്ക് ഇനി തിരിച്ചുവരവ് ഏറെക്കുറെ അസാധ്യമാണ്. എന്നാല്‍ ആഭ്യന്തര ക്രിക്കറ്റില്‍ കളിച്ച് മികവ് തെളിയിച്ചാല്‍ ടെസ്റ്റിലേക്ക് തിരിച്ചുവരവ് സാധ്യമായേക്കും. രഞ്ജി ട്രോഫിയില്‍ രഹാനെക്ക് ഗംഭീര പ്രകടനം നടത്തേണ്ടത് തിരിച്ചുവരാന്‍ അത്യാവശ്യമാണ്.

ഇഷാന്ത് ശര്‍മ
ഇന്ത്യന്‍ പരിമിത ഓവര്‍ ടീമില്‍ നിന്ന് ഇഷാന്ത് ശര്‍മക്ക് സ്ഥാനം നഷ്ടമായിട്ട് നാളുകളേറെയായി. എന്നാല്‍ ടെസ്റ്റ് ടീമില്‍ ഇഷാന്ത് ശര്‍മക്ക് ഇനിയും അവസരം ലഭിക്കണമെങ്കില്‍ ആഭ്യന്തര ക്രിക്കറ്റില്‍ ശ്രദ്ധേയ പ്രകടനം നടത്തേണ്ടതായുണ്ട്. നിലവില്‍ ഇന്ത്യയുടെ പേസ് നിരയില്‍ യുവപേസര്‍മാര്‍ ഏറെയാണ്. അതുകൊണ്ട് തന്നെ ടീമില്‍ സ്ഥാനം നേടിയെടുക്കുക ഇഷാന്തിന് എളുപ്പമാവില്ലെന്നുറപ്പ്. ഐപിഎല്ലിലും അവസരമില്ലാത്ത ഇഷാന്തിന് ആഭ്യന്തര ക്രിക്കറ്റ് കളിച്ച് തിരിച്ചെത്തുക കടുപ്പം. 34കാരനായ താരം വിദേശ പിച്ചുകളില്‍ ഇന്ത്യക്കായി ഗംഭീര പ്രകടനം നടത്തിയിട്ടുണ്ട്. എന്നാല്‍ തുടര്‍ച്ചയായി പരിക്കേറ്റത് ഇഷാന്തിന്റെ കരിയറില്‍ വലിയ തിരിച്ചടിയായി മാറിയിരിക്കുകയാണ്.