ചെന്നൈ: സ്പിന്നര്‍മാര്‍ക്കെതിരേ നാട്ടിലെ ടെസ്റ്റില്‍ ഇന്ത്യന്‍ വൈസ് ക്യാപ്റ്റന്‍ അജിങ്ക്യ രഹാനെയുടെ മോശം ഫോം തുടരുകയാണ്. ഇംഗ്ലണ്ടിനെതിരായ ഒന്നാം ടെസ്റ്റിന്റെ ആദ്യ ഇന്നിങ്‌സിലും കറങ്ങുന്ന ബോളില്‍ രഹാനെയുടെ കണക്കുകൂട്ടല്‍ പിഴച്ചു. ആറു ബോളുകള്‍ നേരിട്ട അദ്ദേഹത്തിന് ഒരു റണ്‍സ് മാത്രമാണ് നേടാനായത്. സ്പിന്നര്‍ ഡോം ബെസ്സിനു വിക്കറ്റ് സമ്മാനിച്ച് രഹാനെ ക്രീസ് വിടുകയായിരുന്നു. ബെസ്സിന്റെ ബോളായിരുന്നില്ല, മറിച്ച് ഇംഗ്ലണ്ട് നായകന്‍ ജോ റൂട്ടിന്റെ കണ്ണഞ്ചിക്കുന്ന ഡൈവിങ് ക്യാച്ചാണ് രഹാനെയുടെ ഇന്നിങ്‌സ് തുടക്കത്തില്‍ തന്നെ അവസാനിപ്പിച്ചത്. മുന്നോട്ട് കയറി ഡ്രൈവിനു ശ്രമിച്ച രഹാനെയെ കവേഴ്‌സില്‍ ഇടതു വശത്തേക്കു ഡൈവ് ചെയ്ത് റൂട്ട് ഒരു കൈ കൊണ്ട് ക്യാച്ച് ചെയ്യുകയായിരുന്നു.

സ്വന്തം നാട്ടില്‍ രഹാനെയ്ക്കു സ്പിന്നര്‍മാര്‍ക്കെതിരേ തുടര്‍ച്ചയായി പിഴയ്ക്കുന്നത് തീര്‍ച്ചയായും ഇന്ത്യയെ ആശങ്കയിലാക്കുന്ന കാര്യമാണ്. 2016-17ലെ ഇംഗ്ലണ്ട് പര്യടനത്തിനു ശേഷം രഹാനെ നാട്ടില്‍ 20 ടെസ്റ്റുകളിലാണ് കളിച്ചിട്ടുള്ളത്. കളിച്ച 29 ഇന്നിങ്‌സുകളില്‍ (ബാറ്റിങ് ശരാശരി 32.33) 19ലും സ്പിന്നര്‍മാരാണ് അദ്ദേഹത്തെ പുറത്താക്കിയത്. 25.31 എന്ന മോശം ശരാശരിയാണ് രഹാനെയ്ക്കു സ്പിന്നര്‍മാര്‍ക്കെതിരേയുള്ളത്.
ഇതേ കാലയളവില്‍ ഹോം ടെസ്റ്റിലെ ഇന്ത്യയുടെ മറ്റു സ്‌പെഷ്യലിസ്റ്റ് ബാറ്റ്‌സ്മാന്‍മാരുടെ ബാറ്റിങ് റെക്കോര്‍ഡ് പരിശോധിച്ചാല്‍ മറ്റാരും രഹാനെയെപ്പോലെ നിരാശപ്പെടുത്തിയിട്ടില്ല. മായങ്ക് അഗര്‍വാളിന് 99.50ഉം രോഹിത് ശര്‍മയ്ക്കു 97.37ഉം ക്യാപ്റ്റന്‍ വിരാട് കോലിക്കു 91.70ഉം ബാറ്റിങ് ശരാശരിയുണ്ട്. ചേതേശ്വര്‍ പുജാര (54.76), മുരളി വിജയ് (51.68), രവീന്ദ്ര ജഡേജ (45.84), കെഎല്‍ രാഹുല്‍ (45.27) എന്നിങ്ങനെയാണ് മറ്റുള്ളവരുടെ ബാറ്റിങ് ശരാശരി.
അതേസമയം, ചെന്നൈ ടെസ്റ്റില്‍ ഇംഗ്ലണ്ടിനെതിരേ ഫോളോഓണ്‍ ഒഴിവാക്കാന്‍ പൊരുതുകയാണ് ഇന്ത്യ. ഇംഗ്ലണ്ടിന്റെ ഒന്നാമിന്നിങ്‌സ് സ്‌കോറായ 578 റണ്‍സിനു മറുപടിയില്‍ മൂന്നാംദിനം ടീ ബ്രേക്കിനു പിരിയുമ്പോള്‍ ഇന്ത്യ നാലു വിക്കറ്റിന് 154 റണ്‍സെടുത്തിട്ടുണ്ട്. റിഷഭ് പന്തും (54*) ചേതേശ്വര്‍ പുജാരയുമാണ് (53*) ക്രീസില്‍. ആറു വിക്കറ്റുകള്‍ ബാക്കിനില്‍ക്കെ ഇംഗ്ലണ്ടിനൊപ്പമെത്താന്‍ ഇന്ത്യക്കു 424 റണ്‍സ് കൂടി വേണം.
നേരത്തേ ക്യാപ്റ്റന്‍ ജോ റൂട്ടിന്റെ (218) ഉജ്ജ്വല ഡബിള്‍ സെഞ്ച്വറിയാണ് ഇംഗ്ലണ്ടിനെ കൂറ്റന്‍ സ്‌കോറിലെത്തിച്ചത്. കരിയറിലെ നൂറാം ടെസ്റ്റ് ഡബിള്‍ സെഞ്ച്വറി നേട്ടത്തോടെ അദ്ദേഹം ആഘോഷിക്കുകയായിരുന്നു. നൂറാം ടെസ്റ്റില്‍ ഡബിള്‍ സെഞ്ച്വറി നേടിയ ലോകത്തിലെ ആദ്യത്തെ ക്രിക്കറ്ററെന്ന റെക്കോര്‍ഡും റൂട്ട് സ്വന്തം പേരില്‍ കുറിച്ചിരുന്നു.