ദില്ലി: ലോക ക്രിക്കറ്റില്‍ പുതിയ ശക്തികളായി മാറിക്കൊണ്ടിരിക്കുന്ന അഫ്ഗാനിസ്താനെതിരേ ടീം ഇന്ത്യ ടെസ്റ്റ് മല്‍സരം കളിക്കുന്നു. ജൂണ്‍ 14ന് ബെംഗളൂരുവിലാണ് ടെസ്റ്റ്. ഇംഗ്ലണ്ട് പര്യടനം മുന്നില്‍ കണ്ട് തയ്യാറെടുപ്പിനുവേണ്ടി കൗണ്ടി ക്രിക്കറ്റില്‍ സറേ ടീമുമായി വിരാട് കോലി കരാര്‍ ഒപ്പുവച്ചിരുന്നു. ഇതേ തുടര്‍ന്നു അഫ്ഗാനെതിരായ ടെസ്റ്റില്‍ കോലി കളിക്കുന്നില്ല. കോലിയുടെ അഭാവത്തില്‍ മധ്യനിര ബാറ്റ്‌സ്മാന്‍ അജിങ്ക്യ രഹാനെയായിരിക്കും അഫ്ഗാനെതിരേ ഇന്ത്യയെ നയിക്കുകയെന്നാണ് റിപ്പോര്‍ട്ടുകള്‍. ചൊവ്വാഴ്ചയാണ് ബിസിസിഐ ഇന്ത്യന്‍ ടീമിനെ ഔദ്യോഗികകമായി പ്രഖ്യാപിക്കുന്നത്.

നിലവില്‍ കൗണ്ടി ക്രിക്കറ്റില്‍ യോര്‍ക്‌ഷെയര്‍ ടീമിനു വേണ്ടി കളിച്ചുകൊണ്ടിരിക്കുന്ന ടെസ്റ്റ് സ്‌പെഷ്യലിസ്റ്റ് ചേതേശ്വര്‍ പുജാര അഫ്ഗാനെതിരായ ഏക ടെസ്റ്റിനുള്ള ഇന്ത്യന്‍ ടീമില്‍ തിരിച്ചെത്തും. കോലിയെക്കൂടാതെ നിലവില്‍ ടെസ്റ്റ് ടീമിലുള്ള എല്ലാവരും അഫ്ഗാനെതിരേ കളിക്കുമെന്ന് ഉറപ്പായിട്ടുണ്ട്. കോലിയുടെ പകരം ആര് ടീമിലെത്തുമെന്ന് മാത്രമേ അറിയാനുള്ളൂ.
അഫ്ഗാനെതിരേയുള്ള ടെസ്റ്റ് മല്‍സരത്തിനുള്ള ഇന്ത്യന്‍ ടീമിനെ മാത്രമല്ല മറ്റു ആറു വ്യത്യസ്ത പരമ്പരകള്‍ക്കുള്ള ടീമിനെയും ബിസിസിഐ ചൊവ്വാഴ്ച പ്രഖ്യാപിക്കും. അഫ്ഗാനെതിരായ ടെസ്റ്റിനു ശേഷം നടക്കുന്ന ഇംഗ്ലണ്ടിനെതിരാ ടെസ്റ്റ് പരമ്പര, ഏകദിന പരമ്പര, ട്വന്റി20 പരമ്പര, അയര്‍ലന്‍ഡിനെതിരായ ട്വന്റി20 പരമ്പര, ഇന്ത്യന്‍ എ ടീമിന്റെ ത്രിരാഷ്ട്ര പരമ്പര എന്നിവയ്ക്കുള്ള ടീമിനെയും തിരഞ്ഞെടുക്കും. ഇന്ത്യന്‍ എ ടീമിനെ ദിനേഷ് കാര്‍ത്തിക് നയിക്കുമെന്നാണ് സൂചന. മുരളി വിജയ്, ആര്‍ അശ്വിന്‍ എന്നിവര്‍ എ ടീമില്‍ ഇടംപിടിക്കുമെന്നും ഉറപ്പായിട്ടുണ്ട്.