കളിച്ച ആറ് മത്സരങ്ങളിൽ നാലും പരാജയപ്പെട്ടെങ്കിലും ചെന്നൈ സൂപ്പർ കിംഗ്‌സ് ആരാധകർക്ക് ആവേശം നൽകുന്ന വാക്കുകളുമായി ആർ. അശ്വിൻ രംഗത്ത്. ചെന്നൈയ്ക്ക് ഇപ്പോഴും പ്ലേ ഓഫ് സാധ്യതകൾ നിലനിൽക്കുന്നുണ്ടെന്നും കാര്യങ്ങൾ കൃത്യമായി നടപ്പിലാക്കിയാൽ ടീമിന് ആദ്യ നാലിൽ ഇടംപിടിക്കാമെന്നും അശ്വിൻ തന്റെ യൂട്യൂബ് ചാനലിലൂടെ വ്യക്തമാക്കി. ധോണിയുടെ അഭാവവും ബൗളിങ് - ബാറ്റിങ് യൂണിറ്റുകളുടെ സ്ഥിരതയില്ലായ്മയും ടീമിനെ വല്ലാതെ ബാധിക്കുന്ന ഈ സാഹചര്യത്തിലാണ് അശ്വിൻ തന്റെ നിരീക്ഷണങ്ങളുമായി രംഗത്തെത്തുന്നത്.
"ടോപ്പ് ഫോറിൽ ചെന്നൈ എത്തും"
ടീമിന്റെ ഇപ്പോഴത്തെ അവസ്ഥയിൽ നിരാശയുണ്ടെങ്കിലും ചെന്നൈയുടെ കരുത്തിൽ അശ്വിൻ വിശ്വാസം അർപ്പിച്ചു. "ആ പഴയ വിന്നർ കൾച്ചർ ടീമിലേക്ക് തിരികെ കൊണ്ടുവരൂ. ഈ ടീമിന് ഇപ്പോഴും പ്ലേ ഓഫിലെത്താൻ കഴിയുമെന്ന് ഞാൻ വിശ്വസിക്കുന്നു. എനിക്ക് അതിൽ നല്ല ആത്മവിശ്വാസമുണ്ട്. അവർക്ക് ചില കാര്യങ്ങൾ ഒന്ന് ശരിയാക്കി എടുക്കേണ്ടതുണ്ട് എന്ന് മാത്രം," അശ്വിൻ പറഞ്ഞു.

ധോണിയുടെ അഭാവവും ഡ്രസിംഗ് റൂമിലെ മാറ്റവും
മത്സരദിവസം എം.എസ്. ധോണി ഗ്രൗണ്ടിൽ ഇല്ലാതിരുന്നതിനെക്കുറിച്ചും അശ്വിൻ സംസാരിച്ചു. ധോണിയുടെ സാന്നിധ്യം യുവതാരങ്ങൾക്ക് നൽകുന്ന ഊർജ്ജം വളരെ വലുതാണെന്ന് അദ്ദേഹം ഓർമ്മിപ്പിച്ചു. "കഴിഞ്ഞ മത്സരത്തിൽ ധോണി ഗ്രൗണ്ടിൽ ഇല്ലാതിരുന്നത് വലിയൊരു നഷ്ടമാണ്. അദ്ദേഹമുണ്ടായിരുന്നെങ്കിൽ ഇവിടുത്തെ യുവതാരങ്ങൾക്ക് അത് വലിയ ഗുണമാകുമായിരുന്നു. ധോണി ഡ്രസിംഗ് റൂമിലുണ്ടാകുന്നത് അവിടുത്തെ അന്തരീക്ഷത്തെയാകെ മാറ്റുന്ന കാര്യമാണ്," അശ്വിൻ നിരീക്ഷിച്ചു.
സഞ്ജു സാംസൺ, റുതുരാജ് ഗെയ്‌ക്‌വാദ് തുടങ്ങിയ താരങ്ങളെ നയിക്കാൻ ധോണിയുടെ ഉപദേശങ്ങൾ സഹായിക്കുമെന്നും, ഡ്രസിംഗ് റൂമിലെ ആ പോസിറ്റീവ് വൈബ് തിരിച്ചുവരുന്നതോടെ ചെന്നൈ പഴയ പ്രതാപത്തിലേക്ക് മടങ്ങിയെത്തുമെന്നും അശ്വിൻ പ്രത്യാശിച്ചു.
ഈ ഐപിഎൽ സീസണിൽ അശ്വിന്റെ നിരീക്ഷണങ്ങൾക്ക് വലിയ സ്വീകാര്യതയാണ് ലഭിക്കുന്നത്. അദ്ദേഹത്തിന്റെ പ്രവചനങ്ങളിൽ പലതും ഫലിക്കുന്നുണ്ട് എന്നതാണ് ഇതിന് കാരണം. രാജസ്ഥാൻ ചെന്നൈ മത്സരത്തിൽ രവി ബിഷ്ണോയ് തിളങ്ങുമെന്ന് പറഞ്ഞതിൽ നിന്നും തുടങ്ങുന്ന അശ്വിന്റെ ശരിയായ നീക്കങ്ങൾ. ഒടുവിൽ, മുംബൈ ഗുജറാത്ത് മത്സരത്തിന് മുന്നോടിയായി അദ്ദേഹം നടത്തിയ നിരീക്ഷണങ്ങൾ ശരിയായിരുന്നു. അള്ളാ ഗസൻഫറിനെയും മിച്ചൽ സാന്റ്നറെയും കളിപ്പിക്കുകയും അശ്വനി കുമാറിനെ തിരികെ കൊണ്ടുവരികയും ചെയ്യുക എന്ന തന്ത്രമായിരുന്നു അശ്വൻ മത്സരത്തിന് മുന്നേ പറഞ്ഞിരുന്നത്. ഇവർ മൂന്നുപേരും ചേർന്ന് ഗുജറാത്ത് നിരയുടെ എട്ട് വിക്കറ്റുകളാണ് ഇന്നലെ പിഴുതെറിഞ്ഞത്.
ഈ നിരീക്ഷണങ്ങളിൽ അശ്വിന്റെ തന്റെ പോയിന്റ് ഓഫ് വ്യു വ്യക്തമാക്കുകയും ചെയ്തിരുന്നു. താൻ ആരെയും ഇംപ്രസ് ചെയ്യാൻ ശ്രമിക്കുകയല്ലെന്നും വർഷങ്ങളായി ക്രിക്കറ്റ് കളിക്കുന്ന പരിചയമുള്ള ഒരു കളിക്കാരൻ എന്ന നിലയിൽ ടീമിൽ എന്തെല്ലാം കാര്യങ്ങളാണ് ഇല്ലാതിരിക്കുന്നത് എന്ന് പറയുക മാത്രമാണ് ചെയ്യുന്നത്. കളിക്കുന്ന സമയം ചിലപ്പോൾ നമുക്ക് ഇതൊന്നും പറയാനുള്ള വോയ്സ് ഉണ്ടാവണമെന്നില്ല. എന്നാലിപ്പോൾ എന്തും പറയാമല്ലോ എന്നും അശ്വിൻ കൂട്ടിച്ചേർത്തു.