മുംബൈ: ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ ഇതിഹാസ നായകനാണ് എംഎസ് ധോണി. ഇന്ത്യക്കായി മൂന്ന് ഐസിസി ട്രോഫികള്‍ നേടിക്കൊടുത്താണ് ധോണി പടിയിറങ്ങിയത്. സൗരവ് ഗാംഗുലിയുടേയും കപില്‍ ദേവിന്റേയും കാലത്തെ ഇന്ത്യന്‍ ടീമാണ് ഏറ്റവും മികച്ചതെന്ന് പലരും പറയുമെങ്കിലും ഐസിസി ട്രോഫി നോക്കുമ്പോഴേക്കും ധോണിയുടെ കാലത്തോളം മികച്ച ടീമിനെ ഇന്ത്യന്‍ ക്രിക്കറ്റ് ചരിത്രത്തില്‍ കാണാനാവില്ല. ധോണി ഇന്ത്യയുടെ നായകനായിരുന്ന സമയത്ത് പല താരങ്ങളും ദേശീയ ടീമിലേക്ക് കടന്ന് വന്നിട്ടുണ്ട്.
വിരാട് കോലി, ആര്‍ അശ്വിന്‍, രവീന്ദ്ര ജഡേജ, സുരേഷ് റെയ്‌ന തുടങ്ങിയവരുടെയെല്ലാം വളര്‍ച്ചയില്‍ ധോണിയുടെ പങ്ക് വളരെ വലുതായിരുന്നു. സിഎസ്‌കെയില്‍ ധോണിക്ക് കീഴില്‍ കളിച്ചവരിലെ പ്രമുഖരെല്ലാം തന്നെ ഇന്ത്യക്കായി കളിച്ചിട്ടുണ്ടെന്ന് പറയാം. ഇതിലൊരാളാണ് ആര്‍ അശ്വിന്‍. ഇന്ത്യയുടെ ഇതിഹാസ സ്പിന്നര്‍മാരിലൊരാളായി വളര്‍ന്ന അശ്വിന്‍ മൂന്ന് ഫോര്‍മാറ്റിലും ഇന്ത്യക്കായി ഗംഭീര പ്രകടനം നടത്തിയിട്ടുള്ള താരങ്ങളിലൊരാളാണ്.
ഇപ്പോള്‍ ഇന്ത്യയുടെ ടെസ്റ്റ് ടീമില്‍ മാത്രമാണ് അശ്വിന്‍ സജീവം. എന്നാല്‍ ഐപിഎല്ലിലടക്കം അദ്ദേഹം ഗംഭീര പ്രകടനത്തോടെ കൈയടി നേടുന്നുണ്ട്. ഇപ്പോഴിതാ ഇന്ത്യന്‍ ക്രിക്കറ്റ് ടീമിലേക്ക് എത്താന്‍ താന്‍ എം എസ് ധോണിയുടെ ശ്രദ്ധ പിടിച്ചുപറ്റിയത് എങ്ങനെയാണെന്ന് തുറന്ന് പറഞ്ഞിരിക്കുകയാണ് അശ്വിന്‍. തന്റെ ജീവിത കഥ അടിസ്ഥാനമാക്കിയുള്ള ബുക്കിലൂടെയാണ് അശ്വിന്റെ തുറന്ന് പറച്ചില്‍.
'ധോണിയുമായുള്ളത് ഊഷ്മളമായ ബന്ധമാണ്. 2008ന് മുമ്പ് എന്നെ ധോണിക്ക് അറിയുകയേ ഇല്ലായിരുന്നു. അതുകൊണ്ടുതന്നെ ധോണിയുടെ വിക്കറ്റ് നേടുകയെന്നത് എന്റെ വലിയ ലക്ഷ്യമായിരുന്നു. 2009ല്‍ ഞാന്‍ ഈ ലക്ഷ്യത്തിലേക്കെത്തി. ഞങ്ങള്‍ ചലഞ്ചര്‍ ട്രോഫിയില്‍ നേര്‍ക്കുനേര്‍ എത്തിയിരുന്നു. ഞാനന്ന് മികച്ച പ്രകടനമാണ് നടത്തിയത്. നാഗ്പൂരില്‍ നടന്ന മത്സരത്തില്‍ എനിക്കെതിരേ ധോണി പ്രയാസപ്പെട്ടു. എന്നെ വലിയ ഷോട്ടിന് ശ്രമിച്ചപ്പോഴെല്ലാം ധോണിക്ക് പിഴച്ചു.

ആ മത്സരത്തിലൂടെ എന്റെ മികവ് ധോണി അംഗീകരിക്കുകയും ഞങ്ങളും ബന്ധം കരുത്തുറ്റതായി മാറുകയും ചെയ്തു. ധോണി ഒരു പ്രത്യേക സ്വഭാവക്കാരനാണ്. ഒരു താരത്തിന് മുന്നേറാന്‍ താല്‍പര്യമില്ലെങ്കില്‍ അവസരം നല്‍കില്ല. എന്നാല്‍ പൊരുതാന്‍ മനോഭാവമുള്ള കുതിരയാണ് ഒരു താരമെന്ന് തോന്നിയാല്‍ കഴിവ് തെളിയിക്കാന്‍ അവസരങ്ങള്‍ നല്‍കി പിന്തുണച്ചുകൊണ്ടേയിരിക്കും' അശ്വിന്‍ പറഞ്ഞു. സിഎസ്‌കെയിലേക്ക് അശ്വിനെത്തിയപ്പോള്‍ ധോണി നന്നായി അദ്ദേഹത്തെ ഉപയോഗിച്ചു.
ആദ്യ ഓവറിലടക്കം പന്ത് നല്‍കി അശ്വിനില്‍ വിശ്വാസം അര്‍പ്പിച്ചു. ധോണിയുടെ വിശ്വസ്തനായി ഏറെക്കാലം അശ്വിന്‍ സിഎസ്‌കെയിലുണ്ടായിരുന്നു. പിന്നീട് അദ്ദേഹത്തിന് പടിയിറങ്ങേണ്ടി വന്നു. ധോണിയുടെ കാലത്താണ് അശ്വിന്‍ ഇന്ത്യന്‍ ടീമിലേക്കെത്തുന്നത്. അശ്വിനും ജഡേജയുമായിരുന്നു ധോണിയുടെ ടീമിലെ പ്രധാന സ്പിന്നര്‍മാര്‍. താരങ്ങളുടെ മികവ് മനസിലാക്കാനും അവരെ കൃത്യമായി ഉപയോഗപ്പെടുത്താനും ധോണിക്കറിയാം.
ലഭിച്ച അവസരങ്ങളെല്ലാം മുതലാക്കി ധോണിയുടെ വിശ്വാസം പിടിച്ചുപറ്റാനും അശ്വിനായി. ഇപ്പോള്‍ ടെസ്റ്റ് ബൗളര്‍മാരില്‍ തലപ്പത്താണ് അശ്വിന്റെ സ്ഥാനം. പന്തുകൊണ്ട് മായാജാലം തീര്‍ക്കുന്ന അശ്വിന്‍ ഇതിഹാസ സ്പിന്നര്‍മാരുടെ പട്ടികയിലേക്ക് ഉയരുകയും ചെയ്തു. ബാറ്റുകൊണ്ടും ടീമിന് ഉപകാരമുള്ള താരമായി അശ്വിന്‍ മാറി. ഇന്നത്തെ അശ്വിന്റെ വളര്‍ച്ചയില്‍ ധോണിയുടെ പങ്ക് വളരെ വലുതാണ്. ഇപ്പോഴും ധോണിയുമായി അടുത്ത സൗഹൃദം അശ്വിനുണ്ട്.
നിലവില്‍ ഐപിഎല്ലില്‍ രാജസ്ഥാന്‍ റോയല്‍സ് താരമാണ് അശ്വിന്‍. അടുത്ത സീസണില്‍ മെഗാ താരലേലം നടക്കാന്‍ പോവുകയാണ്. അശ്വിന്‍ രാജസ്ഥാന്‍ വിട്ട് സിഎസ്‌കെയിലേക്ക് പോകുമെന്നാണ് പുറത്തുവരുന്ന വിവരം. സിഎസ്‌കെയ്ക്കായി വീണ്ടും കളിച്ച് വിരമിക്കണമെന്ന ആഗ്രഹം അശ്വിന്‍ നേരത്തെ തന്നെ തുറന്ന് പറഞ്ഞിട്ടുണ്ട്. വരുന്ന സീസണില്‍ അശ്വിന് സിഎസ്‌കെ അവസരം നല്‍കുമെന്നാണ് വിലയിരുത്തപ്പെടുന്നത്. എന്തായാലും ധോണിയുടെ വിശ്വസ്തന്മാരിലൊരാളായിരുന്നു അശ്വിന്‍.