സഞ്ജുവെന്ന സൂപ്പര്‍ സ്റ്റാറിന്റെ പിറവി, ആ സെഞ്ചുറികള്‍ മറന്നേക്കൂ, സമാനതകളില്ലാത്ത പോരാട്ടം- അശ്വിന്‍
ടി20 ലോകകപ്പിലെ അതിനിർണ്ണായകമായ 'വെർച്വൽ ക്വാർട്ടർ ഫൈനലിൽ' വെസ്റ്റ് ഇൻഡീസിനെ തകർത്ത് ഇന്ത്യ സെമിയിൽ പ്രവേശിച്ചപ്പോൾ, മലയാളികളുടെ അഭിമാനതാരം സഞ്ജു സാംസണെ പ്രശംസകൊണ്ട് മൂടി ആർ. അശ്വിൻ. ഇത് സഞ്ജു എന്ന സൂപ്പർ താരത്തിന്റെ യഥാർത്ഥ ജനനമാണെന്നും മുൻപ് നേടിയ സെഞ്ചുറികളേക്കാൾ ഈ ഇന്നിംഗ്‌സ് മൂല്യമുള്ളതാണെന്നും അശ്വിൻ അഭിപ്രായപ്പെട്ടു. സെമി ഫൈനലിൽ ഇന്ത്യക്ക് വലിയ മുൻതൂക്കമുണ്ടെന്ന് പറഞ്ഞ അദ്ദേഹം, ഫൈനലിൽ ദക്ഷിണാഫ്രിക്കയ്ക്ക് പകരം ന്യൂസിലൻഡിനെ കാണാനാണ് താൻ ആഗ്രഹിക്കുന്നതെന്നും വെളിപ്പെടുത്തി.
സഞ്ജു ഭക്തർക്കുള്ള സന്ദേശം
സഞ്ജുവിനെ നിരന്തരം പിന്തുണയ്ക്കുന്ന 'സഞ്ജു ഭക്തരോട്' അശ്വിന് പ്രത്യേകമായി ചിലത് പറയാനുണ്ട്. "സഞ്ജു മുമ്പ് നേടിയ മൂന്ന് സെഞ്ചുറികൾക്ക് ഇന്നത്തെ ഈ പ്രകടനവുമായി താരതമ്യം ചെയ്യുമ്പോൾ വലിയ പ്രസക്തിയില്ല. ഇന്ന് സഞ്ജു എന്ന സൂപ്പർ താരത്തിന്റെ യഥാർത്ഥ ജനനത്തിന് ക്രിക്കറ്റ് ലോകം സാക്ഷ്യം വഹിച്ചു," അശ്വിൻ വ്യക്തമാക്കി. സച്ചിൻ ടെണ്ടുൽക്കർ, യുവരാജ് സിംഗ് തുടങ്ങിയ ഇതിഹാസങ്ങൾ സഞ്ജുവിന്റെ ഈ പക്വതയാർന്ന ബാറ്റിംഗിനെ വാനോളം പുകഴ്ത്തിക്കഴിഞ്ഞു. ക്ഷമയോടെ കാത്തിരിക്കുന്ന നല്ലവർക്ക് നല്ലതേ സംഭവിക്കൂ എന്നായിരുന്നു ക്യാപ്റ്റൻ സൂര്യകുമാറിന്റെ വികാരാധീനമായ പ്രതികരണം.

ബൗളിംഗിലെ 'അദൃശ്യനായ നായകൻ'
ഇന്ത്യൻ ബൗളിംഗ് നിരയെക്കുറിച്ചും അശ്വിൻ ചില നിരീക്ഷണങ്ങൾ പങ്കുവെച്ചു. അക്സർ പട്ടേലിനെ ഈ വിജയത്തിലെ "അദൃശ്യനായ നായകൻ" (Unsung Hero) എന്നാണ് അദ്ദേഹം വിശേഷിപ്പിച്ചത്. അവസാന ഓവറുകളിൽ ജസ്പ്രീത് ബുംറയേക്കാൾ കൃത്യതയോടെയും മിതത്വത്തോടെയും പന്തെറിഞ്ഞ അർഷ്ദീപ് സിംഗിന്റെ പ്രകടനം ക്ലിനിക്കലായിരുന്നുവെന്നും അശ്വിൻ ചൂണ്ടിക്കാട്ടി. പത്തൊമ്പതാം ഓവറിൽ വെസ്റ്റ് ഇൻഡീസിന്റെ പടയോട്ടം തടഞ്ഞത് അർഷ്ദീപാണ്. എങ്കിലും ഇന്ത്യൻ ബൗളിംഗിലെ ക്വാളിറ്റിയേക്കാൾ ചിന്താഗതിയിലാണ് (Thought Process) മാറ്റം വരേണ്ടതെന്ന് അദ്ദേഹം ഓർമ്മിപ്പിച്ചു.
ടി20 ലോകകപ്പിലെ നിർണ്ണായക പോരാട്ടത്തിൽ സഞ്ജു സാംസൺ കാഴ്ചവെച്ച മാസ്മരിക പ്രകടനത്തെ ക്രിക്കറ്റ് ലോകത്തെ ഇതിഹാസങ്ങൾ ഒന്നടങ്കം പ്രശംസിച്ചിരുന്നു. സഞ്ജുവിന്റെ ബാറ്റിംഗിലെ മനോഹാരിതയും ക്രീസിലെ ശാന്തതയും ഒരു ടീമിനെ മുഴുവൻ ഉത്തേജിപ്പിക്കുന്നതാണെന്ന് ഇതിഹാസ താരം സച്ചിൻ ടെണ്ടുൽക്കർ നിരീക്ഷിച്ചു. വിട്ടുകൊടുക്കാത്ത പോരാട്ടവീര്യത്തിലൂടെ സഞ്ജു തന്റെ കരിയറിലെ ഏറ്റവും മികച്ച ഇന്നിംഗ്‌സാണ് പുറത്തെടുത്തതെന്ന് യുവരാജ് സിംഗ് കുറിച്ചപ്പോൾ, ഇന്ത്യ ഏറ്റവും കൂടുതൽ ആഗ്രഹിച്ച നിമിഷത്തിൽ പിറന്ന ഒരു ഐതിഹാസിക ഇന്നിംഗ്‌സ് എന്നാണ് മുഹമ്മദ് കൈഫ് ഇതിനെ വിശേഷിപ്പിച്ചത്. സഞ്ജുവിന്റെ ബാറ്റിംഗ് ഈഡൻ ഗാർഡൻസിൽ ഒരു വെടിക്കെട്ടല്ല മറിച്ച് ഒരു കലയാണെന്ന് ആകാശ് ചോപ്ര അഭിപ്രായപ്പെട്ടപ്പോൾ, സഞ്ജുവിന്റെ അവിശ്വസനീയമായ ആത്മവിശ്വാസത്തെയും ബാറ്റിംഗിലെ പക്വതയെയും വസീം ജാഫർ വാനോളം പുകഴ്ത്തി.
മനോജ് തിവാരിയും വീരേന്ദർ സെവാഗും സൂചിപ്പിച്ചതുപോലെ, സമ്മർദ്ദമില്ലാതെ കളിച്ചാൽ ഇന്ത്യക്ക് ഈ ലോകകപ്പ് നേടാൻ കഴിയുമെന്ന് ഉറപ്പാണ്. അഭിഷേക് ശർമ്മയും വരുൺ ചക്രവർത്തിയും വരുത്തിയ ചില ഫീൽഡിംഗ് പിഴവുകൾ വിൻഡീസിന് ഭാഗ്യം നൽകിയെങ്കിലും, സഞ്ജുവും സംഘവും ഇന്ത്യയെ വിജയതീരത്ത് എത്തിക്കുകയായിരുന്നു. സെമിയിൽ ഇംഗ്ലണ്ടിനെ നേരിടുമ്പോൾ സഞ്ജുവിന്റെ ഈ ബാറ്റിംഗ് മികവ് ഇന്ത്യക്ക് വലിയ കരുത്താകും.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications