രാജസ്ഥാൻ റോയൽസ് ക്യാമ്പിൽ കാര്യങ്ങൾ അത്ര സുഖകരമല്ല എന്ന സൂചന നൽകി നായകൻ റിയാൻ പരാഗിനെതിരെ ആഞ്ഞടിച്ച് ആർ. അശ്വിൻ. യുസ്‌വേന്ദ്ര ചഹാലിന്റെ ഓവറിൽ റൺസ് ഒഴുകിയിട്ടും അവസാന പന്തിൽ അനാവശ്യ ഷോട്ടിന് മുതിർന്ന് വിക്കറ്റ് വലിച്ചെറിഞ്ഞ പരാഗിന്റെ നടപടിയാണ് അശ്വിനെ ക്ഷുഭിതനാക്കിയത്. വെറുമൊരു കളിക്കാരനല്ല, മറിച്ച് ടീമിനെ നയിക്കുന്ന ഒരാൾ എന്ന നിലയിൽ പരാഗ് കാണിച്ച പക്വതയില്ലായ്മ ടീമിനെ ചതിച്ചുവെന്നാണ് അശ്വിന്റെ പക്ഷം.
"ഉത്തരവാദിത്തം മറക്കരുത്!"
മത്സരശേഷം തന്റെ യൂട്യൂബ് ചാനലിൽ നടത്തിയ ഗൗരവകരമായ ചർച്ചയിലാണ് അശ്വിൻ തന്റെ നിലപാട് വ്യക്തമാക്കിയത്. "നീയാണ് ഈ ടീമിന്റെ നായകൻ. മുഴുവൻ ടീമിന്റെയും ഉത്തരവാദിത്തം നിന്റെ ചുമലിലാണ്. ചഹാലിന്റെ ആ ഓവറിലെ ആദ്യ രണ്ട് പന്തുകളിൽ തന്നെ താങ്കൾക്ക് 10 റൺസ് ലഭിച്ചിരുന്നു. ചഹാലിന്റെ സ്പെല്ലിലെ അവസാന പന്ത് വെറുതെ വിടാമായിരുന്നു. പക്ഷേ ആ പന്തിൽ സിക്‌സറിന് ശ്രമിച്ച് പരാഗ് പുറത്തായത് ടീമിന് നൽകിയ ആഘാതം വലുതാണ്. ഒരു ക്യാപ്റ്റൻ ഇത്ര അശ്രദ്ധമായി (Careless) കളിക്കാൻ പാടില്ല," അശ്വിൻ തുറന്നടിച്ചു.

പരാഗിന് താക്കീതുമായി സീനിയർ താരം
മത്സരഗതി മാറ്റാൻ ശേഷിയുള്ള ഓവർ പൂർത്തിയാകുമ്പോൾ വിക്കറ്റ് കാത്തുസൂക്ഷിക്കേണ്ടത് നായകന്റെ കടമയായിരുന്നു എന്ന് അശ്വിൻ ഓർമ്മിപ്പിച്ചു. വൈഭവ് സൂര്യവംശിയെപ്പോലെയുള്ള യുവതാരങ്ങൾ നൽകുന്ന അടിത്തറയിൽ നിന്ന് ടീമിനെ വലിയ സ്കോറിലേക്ക് എത്തിക്കുന്നതിന് പകരം അനാവശ്യ റിസ്ക് എടുക്കുന്നത് അംഗീകരിക്കാനാവില്ല. സഞ്ജു സാംസൺ ചെന്നൈ ടീമിനെ കൈപിടിച്ചുയർത്തുന്നത് പോലെ നായകസ്ഥാനത്ത് നിന്ന് ഉത്തരവാദിത്തം കാണിക്കാൻ പരാഗ് പരാജയപ്പെടുന്നു എന്ന വിമർശനം ശരിവെക്കുന്നതായിരുന്നു അശ്വിന്റെ വാക്കുകൾ.
ഈ സീസണിൽ പരാഗിന്റെ ക്യാപ്റ്റൻസിയും ഫോമും ഒരുപോലെ പ്രതിസന്ധിയിലായിരിക്കെ, അശ്വിനെപ്പോലൊരു മുതിർന്ന താരം പരസ്യമായി അതൃപ്തി പ്രകടിപ്പിച്ചത് രാജസ്ഥാൻ റോയൽസ് മാനേജ്‌മെന്റിനും വലിയ തലവേദനയാകുന്നുണ്ട്. എങ്കിലും പഞ്ചാബ് കിങ്സിനെതിരെ നേടിയ മിന്നും വിജയം രാജസ്ഥാൻ ക്യാമ്പിൽ വലിയ പ്രതീക്ഷകളാണ് നിറയ്ക്കുന്നത്. 2026 ഐപിഎല്ലിൽ അപരാചിതരായി തുടർന്നിരുന്ന പഞ്ചാബിന്റെ വിജയ യാത്രയ്ക്ക് തടയിടാൻ സാധിച്ചത് രാജസ്ഥാന് വലിയ ആത്മവിശ്വാസമാകും നൽകുക. അവസാന ഓവറുകളിൽ ഡൊണാവൻ ഫെറേറയും ശുഭം ദുബെയും ചേർന്ന് നടത്തിയ ആക്രമണമാണ് രാജസ്ഥാന് വിജയം സമ്മാനിച്ചത്.
ആദ്യം ബാറ്റ് ചെയ്ത പഞ്ചാബ് 20 ഓവറിൽ 222 എന്ന കൂറ്റൻ സ്കോർ നേടിയിരുന്നു. അവസാന ഓവറുകളിൽ കത്തിക്കയറിയ മാർക്കസ് സ്റ്റോയിനിസാണ് പഞ്ചാബിന് മികച്ച സ്കോർ സമ്മാനിച്ചത്. വെറും 22 പന്തുകളിൽ നിന്നും 62 റൺസാണ് സ്റ്റോയിനിസ് അടിച്ച് കൂട്ടിയത്. നേരത്തെ ഓപ്പണർ പ്രഭ്സിമ്രൻ സിങ്ങിന്റെ അർദ്ധ സെഞ്ച്വറിയായിരുന്നു പഞ്ചാബിന്റെ ബേസ്. ചേസിന് ഇറങ്ങിയ രാജസ്ഥാൻ മികച്ച രീതിയിലാണ് തുടങ്ങിയത്. വൈഭവ് സൂര്യവംശിയും യശസ്വി ജയ്സ്വാളും ചേർന്ന് സ്വപ്ന തുല്യമായ തുടക്കം അവർക്ക് നൽകി. പതിനാലാം ഓവറിലെ അവസാന പന്തിൽ റിയാൻ പരാഗ് പുറത്താകുമ്പോൾ രാജസ്ഥാന് ജയിക്കാൻ 36 പന്തിൽ 72 റൺസ് വേണമായിരുന്നു. അതാണ് ഒരോവർ ശേഷിക്കെ ഫെരേരയും ശുഭം ദുബെയും ചേർന്ന് അടിച്ചെടുത്തത്.