ഐപിഎല്‍ ഇല്ലെങ്കില്‍ ധോണിയുമില്ല, ടീമിലെത്തില്ല... വിക്കറ്റ് കീപ്പറാവേണ്ടത് രാഹുല്‍- ശ്രീകാന്ത്
മുംബൈ: ഇന്ത്യയുടെ മുന്‍ നായകനും ഇതിഹാസ താരവുമായ എംഎസ് ധോണിയുടെ അന്താരാഷ്ട്ര ക്രിക്കറ്റിലെ ഭാവിയെക്കുറിച്ച് പ്രതികരിച്ച് മുന്‍ താരം കെ ശ്രീകാന്ത്. കഴിഞ്ഞ വര്‍ഷം ജൂലൈ മുതല്‍ ക്രിക്കറ്റില്‍ നിന്നും വിട്ടുനില്‍ക്കുകയായിരുന്ന ധോണി ഐപിഎല്ലില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സിനു വേണ്ടി കളിച്ച് കളിക്കളത്തിലേക്കു മടങ്ങിയെത്താന്‍ തയ്യാറെടുക്കുകയായിരുന്നു. ഇതിനിടെയാണ് കൊറോണ വൈറസ് പടര്‍ന്നു പിടിച്ചതോടെ ഐപിഎല്‍ അനിശ്ചിതത്വത്തിലായത്.
ഐപിഎല്ലില്‍ മികച്ച പ്രകടനം നടത്തിയാല്‍ ദേശീയ ടീമില്‍ മടങ്ങിയെത്താമെന്ന പ്രതീക്ഷയിലായിരുന്നു ധോണി. ഐപിഎല്ലിലെ പ്രകടനത്തിന്റെ അടിസ്ഥാനത്തിലായിരിക്കും ടി20 ലോകകപ്പിനുള്ള ഇന്ത്യന്‍ സംഘത്തെ തിരഞ്ഞെടുക്കുകയെന്ന് നേരത്തേ കോച്ച് രവി ശാസ്ത്രി തുറന്നു പറഞ്ഞതും അദ്ദേഹത്തിന്റെ പ്രതീക്ഷകള്‍ വര്‍ധിച്ചിരുന്നു. എന്നാല്‍ അപ്രതീക്ഷിതമായെത്തിയ കൊവിഡ്-19 ധോണിയുടെ എല്ലാ പ്രതീക്ഷകളെയും തകിടം മറിച്ചിരിക്കുകയാണ്.

സെലക്ഷന്‍ കമ്മിറ്റി ചെയര്‍മാന്‍ സ്ഥാനത്തു താനായിരുന്നെങ്കില്‍ ധോണിയെ ടി20 ലോകകപ്പ് സംഘത്തിലേക്കു പരിഗണിക്കില്ലെന്നു ശ്രീകാന്ത് വ്യക്തമാക്കി. ഐപിഎല്‍ സംഭവിച്ചില്ലെങ്കില്‍ ധോണി ദേശീയ ടീമിലെത്താനുള്ള സാധ്യത വളരെ വിരളമാണ്. കാരണം തന്റെ അഭിപ്രായത്തില്‍ കെഎല്‍ രാഹുലായിരിക്കണം ലോകകപ്പില്‍ ഇന്ത്യയുടെ വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാനായി കളിക്കേണ്ടതെന്നും ശ്രീകാന്ത് പറഞ്ഞു.
റിഷഭ് പന്തിന്റെ കാര്യം ഉറപ്പില്ല. പന്ത് പ്രതിഭയുള്ള താരമാണെന്നാണ് താന്‍ വിശ്വസിക്കുന്നത്. ടി20 ലോകകപ്പില്‍ ബാക്കപ്പ് വിക്കറ്റ് കീപ്പറായി പന്തിനെ ഉള്‍പ്പെടുത്തുന്നതില്‍ തെറ്റില്ലെന്നും ശ്രീകാന്ത് ചൂണ്ടിക്കാട്ടി.

ഐപിഎല്‍ ഈ വര്‍ഷം നടന്നില്ലെങ്കില്‍ ധോണി ടി20 ലോകകപ്പ് ടീമിലെത്താന്‍ സാധ്യത വളരെ കുറവാണ്. ഇക്കാര്യം എല്ലാവരും മനസ്സിലാക്കിയേ തീരൂ. ധോണിക്ക് ഇപ്പോഴും മികച്ച ഫിറ്റ്‌നസുണ്ട്, ഇതിഹാസമാണ്, മിടുക്കനുമാണ്. പക്ഷെ ചോദ്യം ടി20 ലോകകപ്പ് ടീമിനെക്കുറിച്ചാണ്. അതുകൊണ്ടു തന്നെ ഇന്ത്യന്‍ ടീമിനാണ് നിങ്ങള്‍ പ്രഥമ പരിഗണന നല്‍കുന്നത്. വ്യക്തികള്‍ക്കു രണ്ടാംസ്ഥാനം മാത്രമേയുള്ളൂവെന്നും ശ്രീകാന്ത് വിശദമാക്കി.

ധോണിയുടെ കരിയര്‍ ഇനിയും അവസാനിച്ചിട്ടില്ലെന്നും അദ്ദേഹത്തെ ഇപ്പോള്‍ നിര്‍ബന്ധിച്ചു വിരമിപ്പിക്കരുതെന്നുമാണ് ഇംഗ്ലണ്ടിന്റെ മുന്‍ നായകനും പ്രമുഖ കമന്റേറ്ററുമായ നാസര്‍ ഹുസൈന്‍ നേരത്തേ അഭിപ്രായപ്പെട്ടത്. ധോണി പോയിക്കഴിഞ്ഞാല്‍, പിന്നീടൊരിക്കലും തിരികെ കൊണ്ടുവരാനാവില്ല. ധോണിയെപ്പോലെയുള്ള ഇതിഹാസങ്ങള്‍ അപൂര്‍വ്വമായി മാത്രമേ സംഭവിക്കുകയുള്ളൂ. അദ്ദേഹത്തേ നേരത്തേ വിരമിക്കാന്‍ നിര്‍ബന്ധിപ്പിക്കരുത്. തന്റെ മാനസികാവസ്ഥയെക്കുറിച്ച് ധോണിക്കു മാത്രമേ അറിയുകയുള്ളൂവെന്നും ഹുസൈന്‍ പറഞ്ഞിരുന്നു.

കഴിഞ്ഞ വര്‍ഷം ജൂലൈയിലാണ് ധോണിയെ അവസാനമായി ഇന്ത്യന്‍ ജഴ്‌സിയില്‍ കണ്ടത്. ഇംഗ്ലണ്ടില്‍ നടന്ന ഐസിസിയുടെ ഏകദിന ലോകകപ്പിന്റെ സെമി ഫൈനലില്‍ ന്യൂസിലാന്‍ഡിനെതിരേയായിരുന്നു അദ്ദേഹത്തിന്റെ അവസാന മല്‍സരം. ഈ കളിയില്‍ തോറ്റ് ഇന്ത്യ ലോകകപ്പില്‍ നിന്നു പുറത്തായിരുന്നു. ഇതിനു ശേഷം ധോണി ടീമില്‍ നിന്നു സ്വയം മാറി നില്‍ക്കുകയായിരുന്നു. ഇതിനിടെ ധോണി വിരമിച്ചേക്കുമെന്ന തരത്തില്‍ പല റിപ്പോര്‍ട്ടുകളും വന്നിരുന്നെങ്കിലും അവയോടെല്ലാം അദ്ദേഹം മൗനം പാലിക്കുകയായിരുന്നു.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications